06 ഓഗസ്റ്റ് 2021

ടോക്കിയോ ഒളിമ്പിക്സ് വിജയികൾക്ക് - നിയമസഭയുടെ അഭിനന്ദനങ്ങൾ
(VISION NEWS 06 ഓഗസ്റ്റ് 2021)ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരിക്കുന്നു. 1980 ലെ മോസ്കോ ഒളിമ്പിക്സിനു ശേഷം പുരുഷവിഭാഗം ഹോക്കി യിൽ ഇന്ത്യ ആദ്യമായാണ് മെഡല്‍ നേടുന്നത്. 5 - 4 എന്ന സ്കോറിന് ജർമനിയെ തോൽപിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. മലയാളിയായ ശ്രീജേഷ് നടത്തിയ മികച്ച സേവുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് എന്നത് അഭിമാനകരവും ആഹ്ലാദകരവുമാണ്. മൻപ്രീത് സിംഗ് നയിച്ച ഇന്ത്യൻ ടീമിനും ശ്രീജേഷിനും കേരള നിയമസഭയുടെ അഭിനന്ദനങ്ങൾ.

വനിതാ വിഭാഗം ഹോക്കിയിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യക്ക് വെങ്കല മെഡൽ നഷ്ടപ്പെട്ടെങ്കിലും നമ്മുടെ പെൺകുട്ടികൾ വീരോചിതമായ പോരാട്ടമാണ് നടത്തിയത്. വനിതാ ടീമിന് മെഡല്‍ ലഭിച്ചില്ലെങ്കിലും അവരുടെ പോരാട്ടവീര്യവും അഭിനന്ദനം അര്‍ഹിക്കുന്നു. പുരുഷ വിഭാഗം 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ രവികുമാർ ദഹിയ വെള്ളി മെഡലും 69 കിലോ വനിതാ വിഭാഗം ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കല മെഡലും നേടിയിട്ടുണ്ട്. ആദ്യ ഒളിമ്പിക്സിൽ തന്നെ ലവ്‌ലിനയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്. 

ഒളിമ്പിക്സ് പുരുഷവിഭാഗം ഗുസ്തി മത്സരത്തിൽ സുശീൽകുമാറിന് ശേഷം ഇന്ത്യ നേടുന്ന മിന്നുന്ന വിജയമാണ് രവികുമാർ ദഹിയയുടേത്. രണ്ട് പേർക്കും ഈ സഭയുടെ അഭിനന്ദനങ്ങൾ. 32ാം ഒളിംപിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാനകരമായ വിജയങ്ങൾ നേടിയ എല്ലാ കായികതാരങ്ങളെയും ഈ സഭ അഭിന്ദിക്കുന്നു. തുടർന്നും മികച്ച വിജയങ്ങൾ നേടാൻ നമ്മുടെ കായികതാരങ്ങൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only