05 ഓഗസ്റ്റ് 2021

മുക്കത്ത് വാഹനാപകടം: അദ്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം
(VISION NEWS 05 ഓഗസ്റ്റ് 2021)

മുക്കം പി സി ജംഗ്ഷനിലെ ട്രാഫിക് ജംഗ്ഷനിൽ അപകടം തുടർക്കഥയാവുന്നു.

മുക്കം:മുക്കം സംസ്ഥാന പാതയിലെ  ഡിവൈഡറിൽ  കയറി മറിഞ്ഞ കാറിലെ യാത്രികർ ഇന്ന്  അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.  രാത്രി  8.15 ഓടെയാണ് സംഭവം. അപകടം നടന്ന് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു കാർ. പെരുമ്പറമ്പ് മനക്കൽ ഹൗസിലെ മുഹമ്മദ് യാസീൻ (26),ഭാര്യ നൈല ,ഇവരുടെ കുട്ടി എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളായിരുന്നു കാറിലുണ്ടായിരുന്നത്.

മുക്കം ഫയർ ഫോഴ്സിൻ്റെ വാഹനത്തിൽ ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫയർഫോഴ്സിനൊപ്പം മുക്കം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. റോഡിന് നടുഭാഗത്തുള്ള ഈ ഡിവൈഡർ കാണത്തക്കവിധത്തിലുള്ള സൂചനാ ബോർഡുകളോ മറ്റോ ഇല്ലാത്തതാണ് അപകടത്തിൻ്റെ പ്രധാന കാരണം. മഴ കൂടിയായാൽ  അപരിചിതരായ വാഹന യാത്രികർക്ക് കാണാൻ പാകത്തിലുള്ള അടയാളങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാവുന്നുണ്ട്.താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാശ്വതമായ സൂചനാ ബോർഡുകൾ പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്.

റിപ്പോർട്ട്:എൻ. ശശികുമാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only