23 ഓഗസ്റ്റ് 2021

രണ്ടുവയസ്സുകാരന്‍ അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ കുടുങ്ങി; അഗ്നിരക്ഷാസേനയുടെ സാഹസിക രക്ഷാപ്രവർത്തനം
(VISION NEWS 23 ഓഗസ്റ്റ് 2021)

പത്തുനില ഫ്ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെ ആറാംനിലയിൽനിന്ന് കയർ വഴി തൂങ്ങിയിറങ്ങി അഗ്നിരക്ഷാസേന സാഹസികമായി രക്ഷിച്ചു. വിദ്യാനഗറിലെ ഫ്ളാറ്റിലാണ് സംഭവം.

സഹോദരിയുടെ ഫ്ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും. ഞായറാഴ്ച ഫ്ളാറ്റിലെ ഓണാഘോഷത്തിന് വീട്ടുകാർ തയ്യാറെടുക്കുമ്പോഴാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടിന് മുറിയിൽ കയറിയ കുഞ്ഞ് ഉള്ളിൽനിന്ന്‌ താഴ് അമർത്തുകയായിരുന്നു. ഇരട്ടത്താഴ് വീണ വാതിൽ പുറത്തുനിന്ന്‌ തുറക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേക്കുള്ള പ്രധാന വാതിലാണ് അടഞ്ഞത്. ബാൽക്കണിയിലുള്ള മറ്റൊരു വാതിലിലേക്ക് എത്താൻ മറ്റ് മാർഗവുമുണ്ടായിരുന്നില്ല.

തുടക്കത്തിൽ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേൾക്കാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാർ കാസർകോട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു. ഉടനെത്തിയ സേനാസംഘം വാതിൽ തുറക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ആറാം നിലയിലെ ഫ്ളാറ്റിലെത്തി. കുഞ്ഞിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാൽക്കണിയിലൂടെ ഫയർമാനായ എം. ഉമ്മർ കയറിട്ട് തൂങ്ങിയിറങ്ങി.

ബാൽക്കണിയിൽനിന്ന് മുറിയിലേക്കുള്ള വാതിൽ തുറന്നിരുന്നതിനാൽ ഉമ്മറിന് കുട്ടിക്കരികിലേക്ക് പെട്ടെന്ന് എത്താനായി. അപ്പോഴേക്കും കുഞ്ഞ് കരഞ്ഞുതളർന്ന് ഉറങ്ങിപ്പോയിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ, അസി. സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസ്, പ്രവീൺ കുമാർ, വി. ഗോപാലകൃഷ്ണൻ, ഡി.എൽ. നിഷാന്ത്, കെ. ഗോപാലകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായത്.

കുട്ടികൾക്ക് കൈയെത്തും ദൂരത്ത് താഴ് വെക്കരുത്

:കഴിഞ്ഞ ഒരുമാസത്തിനിടെ കാസർകോട് നഗരപരിധിയിൽ താഴ്‌വീണ് കുടുങ്ങുന്ന മൂന്നാമത്തെ സംഭവമാണിത്. കുട്ടികളെ സംബന്ധിച്ച് ഇത് അപകടകരമാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയം വേണ്ടിവന്നാൽ കുട്ടികളെ അത് ബാധിക്കും. വലിയവരും ഇതുപോലെ കുടുങ്ങാറുണ്ട്. ചെറിയ കുട്ടികളുടെ കൈയെത്തും ദൂരത്ത് വാതിലിന്റെ താഴ് വെക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. മിക്ക ഫ്ളാറ്റുകളിലും പ്രവേശിക്കാൻ ഒരു വാതിൽ മാത്രമാണ് ഉണ്ടാവുക.

മുറിക്കകത്തുനിന്ന്‌ താഴ് വീഴുന്ന സംവിധാനം ഏർപ്പെടുത്തുന്നത് നല്ലതല്ല. പ്രായമായവർക്കുപോലും എതെങ്കിലും സംഭവിച്ചാൽ മുറിക്കുള്ളിൽ പെട്ടുപോകും. മുറിക്കുള്ളിൽ കുടുങ്ങുന്നതുപോലെ ബാൽക്കണിയിൽ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയുണ്ട്. മുറിയിൽനിന്ന് പുറത്തേക്ക് ചില്ലിന്റെ വാതിൽ വയ്ക്കുന്നതാണ് ഇതിന് കാരണം. ഇരുവശത്തേക്കും നീക്കാവുന്ന വാതിൽ ആയതിനാൽ പെട്ടെന്ന് താഴ് വീഴും. വീടൊരുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപ്രതീക്ഷിത അപകടങ്ങൾ ഒഴിവാക്കാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only