11 ഓഗസ്റ്റ് 2021

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെ യാത്രാനുമതി നല്‍കി യു എ ഇ
(VISION NEWS 11 ഓഗസ്റ്റ് 2021)
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിന്‍വലിച്ചു. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള ആദ്യത്തെ വിമാനം വെള്ളിയാഴ്ച രാവിലെ ഗോവ വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്നത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യാത്രാവിലക്ക് പിന്‍വലിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും നിരുപാധികം യു എ ഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യു എ ഇയിലെ സ്ഥിരതാമസക്കാര്‍ക്കും മാത്രമേ നിലവില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ എന്നാണ് ഇന്‍ഡിഗോ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

‌യാത്രികര്‍ക്കായി യു എ ഇ നിഷ്കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) പുറത്തുവിട്ടു. യു എ ഇയില്‍ താമസത്തിന് അനുമതിയുള്ളവര്‍ക്കും കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്കും അവരില്‍ തന്നെ രണ്ടാം ഡോസ് സ്വീകരിച്ച്‌ 14 ദിവസം പിന്നിട്ടവര്‍ക്കുമാണ് യാത്രാനുമതി എന്ന് യു എ ഇ നിഷ്കര്‍ഷിക്കുന്നു. അബുദാബിയില്‍ എത്തുന്ന യാത്രക്കാരെല്ലാം പത്തു ദിവസത്തെ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ കഴിയണം. അതുകൂടാതെ, വിമാനത്താവളത്തിലെ അധികൃതര്‍ നല്‍കുന്ന മെഡിക്കലി അപ്രൂവ്ഡ് ട്രാക്കിങ് റിസ്റ്റ്ബാന്‍ഡ് സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന ദിവസങ്ങളില്‍ ഉടനീളം യാത്രക്കാര്‍ ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും യു എ ഇ നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only