👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 ഓഗസ്റ്റ് 2021

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാകും എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ ലക്ഷ്യം: മന്ത്രി കെ. രാജന്‍
(VISION NEWS 24 ഓഗസ്റ്റ് 2021)

കൊച്ചി: ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞതായി റവന്യൂമന്ത്രി കെ. രാജൻ. എല്ലാവർക്കും ഭൂമി നൽകുകയും എല്ലാ ഭൂമിക്കും രേഖ നൽകുകയും ചെയ്യുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മിച്ചഭൂമിയും അനധികൃത ഭൂമിയും കൈവശം വെച്ചിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ എറണാകുളം ജില്ലാ കളക്ട്രേറ്റിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ അളവ് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള നടപടികൾക്ക് തടക്കം കുറിച്ചു കഴിഞ്ഞു. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 95 വില്ലേജ് ഓഫീസുകളിൽ ഏകീകൃത ഡിജിറ്റൽ സംവിധാനം സജ്ജമാക്കും. ഓൺലൈനിൽ ഒറ്റ തണ്ടപ്പേരിൽ ഭൂമി നികുതി ഒടുക്കുന്നതിനുള്ള സംവിധാനവും ഉടൻ യാഥാർഥ്യമാകും. സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ നടപടികൾ പൂർത്തിയാകുന്നതോടെ രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളുടെ ഏകീകൃത പോർട്ടലിന് വഴിതുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.. രണ്ട് വർഷത്തിനുളളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്വന്തം ഭൂമിയിൽ ഏകീകൃത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 1.63 ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തിരുന്നു. അതിന്റെ ഇരട്ടിപ്പേർക്ക് പട്ടയം ലഭ്യമാക്കാനുള്ള സാധ്യത മുന്നിലുണ്ടെന്നും അത് വിനിയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊടുക്കാൻ തീരുമാനിച്ചാൽ പോര കൊടുത്തിരിക്കണം എന്നും അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നും പറഞ്ഞു. കൂടാതെ പരമാവധി ആളുകൾക്ക് ഭൂമി ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലയിൽ മിച്ചഭൂമിയായി പ്രഖ്യാപിച്ച 83.92 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയും മന്ത്രി ഉറപ്പുനൽകി. ജില്ലയിൽ 2500-ലേറെ പട്ടയങ്ങൾ ലാന്റ് ട്രിബ്യൂണലിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇവയിൽ കഴിയുന്നത്ര അപേക്ഷകളിൽ വിചാരണപൂർത്തിയാക്കി പട്ടയങ്ങൾ അനുവദിക്കുമെന്നും താലൂക്ക് ലാന്റ് ബോർഡിലെ മിച്ചഭൂമി കേസുകളിലും നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only