21 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 21 ഓഗസ്റ്റ് 2021)

🔳ഇന്ന് തിരുവോണം. സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും കനിവിന്റേയും മധുരം വിളമ്പി നമുക്ക് ഇത്തവണ ഓണമാഘോഷിക്കാം.. ഏവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ തിരുവോണാശംസകള്‍...
(ഇന്ന് തിരുവോണം പ്രമാണിച്ച് ഡെയ്ലി ന്വൂസിന്റെ സായാഹ്ന വാര്‍ത്തയും മറ്റു സ്ഥിരം പംക്തികളും ഉണ്ടായിരിക്കില്ല)

🔳ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനില്‍പ്പ് ഒരിക്കലും ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്. പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

🔳മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും എ ബി വാജ്പേയിയും ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കളാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭരണപക്ഷവും പ്രതിപക്ഷവും ആത്മപരിശോധന നടത്തി ജനാധിപത്യം ആരോഗ്യകരമായി നില്‍ക്കുന്നതിനായി അന്തസ്സോടെ പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണപക്ഷത്തേക്ക് വരും. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ നാളെ പ്രതിപക്ഷമാകും. ജനാധിപത്യം വിജയിക്കണമെങ്കില്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിനാല്‍ ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് മാറണം. ഇതാണ് അവരില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

🔳2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ടി താല്പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

🔳രാജ്യത്ത് ഒരു കൊവിഡ് വാക്സീന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ നീഡില്‍ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കിയത്. മറ്റ് വാക്സീനുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ വാക്സീന്‍ മൂന്ന് ഡോസ് എടുക്കണം. പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും നല്‍കാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്സീനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

🔳ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാംശസകള്‍ നേര്‍ന്നു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

🔳കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്.

🔳ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഇന്നലെ വരെ 70 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനാവശ്യവിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

🔳104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കരുവന്നൂര്‍ സഹകരണബാങ്കില്‍ ഇതിന് കൂട്ടുനിന്ന ബാങ്ക് ഭരണസമിതി നടത്തിയത് ഗുരുതര ഗൂഢാലോചന. 2012 മുതലുള്ള ഓരോ ഓഡിറ്റ് റിപ്പോര്‍ട്ടിലും ബാങ്കില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും ഭരണസമിതി മൂടിവെക്കുകയായിരുന്നു. ജീവനക്കാര്‍ നടത്തിയെന്ന് ആരോപിക്കുന്ന തട്ടിപ്പ് 300 കോടി വരെയെത്തിയതിനു പിന്നില്‍ ഇത്തരം മൗനമാണ്. തുടരുന്ന തട്ടിപ്പില്‍ ഭരണസമിതിയുടെ മൗനത്തെയും കൂട്ടുത്തരവാദിത്വത്തെയും ചൂണ്ടിക്കാണിച്ചും കര്‍ശനനടപടിക്ക് ശുപാര്‍ശ ചെയ്തുമാണ് 2020-ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭരണസമിതി നടത്തിയത് 'കുറ്റകരമായ ഗൂഢാലോചന'യാണെന്നുള്ള റിപ്പോര്‍ട്ടും കുറേനാള്‍ പൂഴ്ത്തിവെച്ചു.

🔳ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ് പുറത്താക്കി. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജുവിനെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കുന്നതിനായി പ്രവര്‍ത്തിച്ചുവെന്ന കാരണത്തില്‍ വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി ലിജുവിനും പാര്‍ട്ടിയിലെ ഉന്നത നേതാവിനുമെതിരെ വിമര്‍ശനം നടത്തിയതിന്റെ പിന്നാലെയാണ് നടപടി.

🔳സംസ്ഥാനത്ത് ഇന്ന് ബാറുകള്‍ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പായി.

🔳നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ല. അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. ബിസിനസ്സ് ആവശ്യത്തിന് ആഫ്രിക്കയില്‍k പോയെന്നാണ് സംശയം. തിരഞ്ഞെടുപ്പിന് മുന്‍പും മണ്ഡലത്തില്‍ എം.എല്‍.എ.യുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു.

🔳സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്, ബിജെപി, ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നതെന്നും ഇത് ആസൂത്രിതമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

🔳ഹണിട്രാപ്പ് കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് സ്വദേശി ഉമര്‍, ഭാര്യ ഫാത്തിമ, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍,
സാജിത എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. കൊച്ചി കടവന്ത്ര സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. ഇതില്‍ സാജിത നേരത്തെയും സമാനകേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.

🔳മധ്യപ്രദേശില്‍ ബിജെപിയുടെ പരിപാടിയില്‍ കുതിരയുടെ ദേഹത്ത് ബിജെപിയുടെ പതാകയുടെ പെയിന്റടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. സംഭവത്തില്‍ ബിജെപി എംപി മനേകഗാന്ധിയുടെ സന്നദ്ധ സംഘടനയായ പി.എഫ്.എ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്‍ഡോറില് നടന്ന ബി.ജെ.പിയുടെ ജന്‍ ആശീര്‍വാദ യാത്രയിലാണ് കുതിരയ്ക്ക് ബിജെപി പതാകയുടെ പെയിന്റ് അടിച്ചത്.

🔳ജീവനക്കാരുടെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ടാറ്റാ സ്റ്റീലും ടാറ്റാ വര്‍ക്കേഴ്‌സ് യൂണിയനും തമ്മില്‍ കരാറായി. 2020-21 അക്കൗണ്ടിങ് വര്‍ഷത്തെ ബോണസ് സംബന്ധിച്ചാണ് കരാര്‍. ജീവനക്കാര്‍ക്കായി 270.28 കോടി രൂപയുടെ ബോണസാണ് ടാറ്റ സ്റ്റീല്‍ വിതരണം ചെയ്യുക. ബുധനാഴ്ചയാണ് ബോണസ് വിതരണത്തിലെ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ജീവനക്കാരുടെ കുറഞ്ഞ ബോണസ് തുക 34,920 രൂപയാണ്. കൂടിയ തുക 3,59,029 രൂപയായിരിക്കും.

🔳കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണമെടുക്കാനും അവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനുമായി ഒരു സമിതി രൂപീകരിക്കാനുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലഫ്റ്റനന്റ് ഗവര്‍ണര്‍ തള്ളി. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സമാനമായ നിര്‍ദേശം നിരസിക്കുന്നത്. ഡല്‍ഹിയിലെ രണ്ടു ആശുപത്രികളിലുണ്ടായ 40 ഓളം മരണങ്ങള്‍ അന്വേഷിക്കാനുള്ള അനുമതി ജൂണില്‍ അനില്‍ ബൈജാല്‍ നിരസിച്ചിരുന്നു.

🔳സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ വിളിച്ചു വരുത്തി ക്ലാസില്‍ ഇരുത്തിയുള്ള അധ്യയനം ആരംഭിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 29 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും വിധം ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിന് ആവശ്യമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ പ്രവേശനമുണ്ടാകില്ല.

🔳അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഇപ്പോള്‍ ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

🔳ഐഎസ്എല്‍ സീസണ് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. കേരള യുണൈറ്റഡ് എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. ആദ്യ പകുതിയിലായിരുന്നു വിജയ ഗോള്‍. പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

🔳പാരാലിംപിക്‌സിന്റെ ദീപശിഖാ പ്രയാണം ടോക്കിയോയില്‍. ജപ്പാനിലെ 47 പ്രവിശ്യകളും ചുറ്റിയാണ് ദീപശിഖ ഗെയിംസ് വേദിയില്‍ എത്തുന്നത്. ഷെയര്‍ യുവര്‍ ലൈറ്റ് എന്നതാണ് ദീപശിഖാ പ്രയാണത്തിന്റെ സന്ദേശം. ഇരുപത്തിനാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ദീപശിഖ സ്റ്റേഡിയത്തില്‍ എത്തിക്കുക. ഒന്‍പത് ഇനങ്ങളിലായി 54 അംഗ സംഘമാണ് ഇന്ത്യക്കായി മത്സരിക്കുക.

🔳ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ അരങ്ങേറ്റത്തിനായി സൂപ്പര്‍താരം ലിയോണല്‍ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്‌ക്വാഡില്‍ മെസിയെ ഉള്‍പ്പെടുത്തിയില്ല. മറ്റൊരു സൂപ്പര്‍താരം നെയ്മറും പട്ടികയിലില്ല. അതേസമയം ഏഞ്ചല്‍ ഡി മരിയയും മാര്‍ക്വീഞ്ഞോസും തിരിച്ചെത്തി. മെസിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പരിശീലകന്‍ മൗറീസിയോ പൊച്ചെറ്റീനോ നേരത്തെ സൂചിപ്പിച്ചിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,19,385 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440

🔳രാജ്യത്ത് ഇന്നലെ 34,288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,248 പേര്‍ രോഗമുക്തി നേടി. മരണം 376. ഇതോടെ ആകെ മരണം 4,33,998 ആയി. ഇതുവരെ 3,23,92,506 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.55 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,668 പേര്‍ക്കും കര്‍ണാടകയില്‍ 1,453 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,435 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,73,904 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,46,142 പേര്‍ക്കും ബ്രസീലില്‍ 33,887 പേര്‍ക്കും റഷ്യയില്‍ 20,922 പേര്‍ക്കും ഫ്രാന്‍സില്‍ 22,319 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,314 പേര്‍ക്കും ഇറാനില്‍ 28,833 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,004 പേര്‍ക്കും മെക്സിക്കോയില്‍ 23,006 പേര്‍ക്കും മലേഷ്യയില്‍ 23,564 പേര്‍ക്കും ജപ്പാനില്‍ 25,155 പേര്‍ക്കും തായലാന്‍ഡില്‍ 19,851 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.14 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.77 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9938 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1052 പേരും ബ്രസീലില്‍ 925 പേരും റഷ്യയില്‍ 785 പേരും ഇറാനില്‍ 555 പേരും ഇന്‍ഡോനേഷ്യയില്‍ 1,348 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.26 ലക്ഷം.

🔳സാങ്കേതിക തകരാറുകളെ തുടര്‍ന്ന് 2021ല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് ഇതുവരെ തിരിച്ചുവിളിച്ചത് 376,536 വാഹനങ്ങള്‍. ഈ വര്‍ഷം ആഗസ്റ്റ് 11 വരെയുള്ള കണക്കുകളാണ് പുറത്തുവന്നതെന്ന് രാജ്യത്തെ വാഹന, എഞ്ചിന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നെക്കാള്‍ ഇരട്ടിയിലധികം വാഹനങ്ങളാണ് ഇത്തവണ തിരിച്ചുവിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വിപണിയിലേക്ക്. എന്‍ടിപിസിയുടെ കീഴിലുളള എന്‍ടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡും എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡും ആണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. എന്‍ടിപിസിയുടെ കീഴില്‍ ഊര്‍ജ വിപണനത്തിനുളള കമ്പനിയാണ് എന്‍വിവിഎന്‍. സൗരോര്‍ജ ഉല്‍പ്പാദന രംഗത്തെ പൊതുമേഖല കമ്പനിയാണ് എന്‍ടിപിസിആര്‍ഇഎല്‍. ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ടൊവീനോ തോമസ് നായകനാവുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി. കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയാവുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. 'മുത്തുമണി' എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്.

🔳തെന്നിന്ത്യന്‍ താരം വിക്രമും മകന്‍ ധ്രുവും ഒന്നിക്കുന്ന ചിയാന്‍ 60യുടെ പേര് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. 'മഹാന്‍' എന്ന എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തില്‍ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവരും പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്.

🔳ഏഷ്യയിലെ ആദ്യത്തെ പറക്കും കാര്‍ നിര്‍മിച്ച് ചെന്നൈ ആസ്ഥാനമായുള്ള 'വിനാറ്റ' എയറോമൊബിലിറ്റി. ഹൈബ്രിഡ് ഇലക്ട്രിക് ഫ്ലൈയിങ് കാര്‍ ആണ് കമ്പനി നിര്‍മിച്ചത്. പുതിയ പറക്കും കാറിന്റെ ടീസറും കമ്പനി പുറത്തുവിട്ടു. രണ്ട് സീറ്റര്‍ ഫ്ലൈയിങ് കാറിന് 1100 കിലോഗ്രാം ഭാരമുണ്ട്. 1300 കിലോഗ്രാം ടേക്ക് ഓഫ് ഭാരം കൈകാര്യം ചെയ്യാന്‍ കഴിയും. പാരച്യൂട്ടും നിരവധി എയര്‍ബാഗുകള്‍ പിടിപ്പിച്ച കോക്പിറ്റും വാഹനത്തിന് ലഭിക്കും.

🔳മോന്‍പ വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ പ്രത്യേക പരിഗണന അരുണാചല്‍ പ്രദേശ് നല്‍കുന്നുണ്ട്. അവരുടെ നാട്ടുകൂട്ടങ്ങള്‍ക്ക് പ്രത്യേക അധികാരം പോലുമുണ്ട് അവരുടെ നാട്ടുക്കുട്ടങ്ങള്‍ക്ക് പ്രത്യേക അധികാരം പോലുമുണ്ട്. തുക്ഡ്രി എന്നറിയപ്പെടുന്ന ആറുപേരടങ്ങുന്ന സമിതിക്കാണ് മോന്‍പ വിഭാഗത്തിന്റെ മേല്‍നോട്ടം. 'മോന്‍പകലൂടെ നാട്ടില്‍ തവാങ്'. കെ ആര്‍ അജയന്‍. മൈത്രി ബുക്സ്. വില 144 രൂപ.

🔳ഗര്‍ഭിണികളില്‍ വാക്‌സിന്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശരീരം മറ്റ് സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി ആരോഗ്യപരമായ രീതിയിലാണ് വാക്‌സിന്‍ സ്വീകരിക്കുന്നതെന്നാണ് പഠനം അവകാശപ്പെടുന്നത്. യുഎസില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. യുഎസ് പൗരരായ 17,000ത്തിലധികം ഗര്‍ഭിണികളില്‍ നിന്നും മുലയൂട്ടുന്ന അമ്മമാരില്‍ നിന്നുമാണ് പഠനത്തിനായി ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ ഭൂരിപക്ഷം പേരും 'ഫൈസര്‍' വാക്‌സിനാണ് സ്വീകരിച്ചിരുന്നത്. ഇന്‍ജക്ഷന്‍ എടുത്തയിടത്ത് വേദന, പനി എന്നിങ്ങനെയുള്ള സാധാരണ ലക്ഷണങ്ങള്‍ മാത്രമേ ഇവരില്‍ പ്രകടമായുള്ളൂവെന്നും ഈ പ്രശ്‌നങ്ങള്‍ പോലും നേരിടാത്തവരും കൂട്ടത്തിലുണ്ടായിരുന്നുവെന്നും പഠനം പറയുന്നു. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയുള്ള മുലയൂട്ടുന്ന അമ്മമാരില്‍ അടുത്ത ദിവസങ്ങളില്‍ മുലപ്പാല്‍ കുറഞ്ഞതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. 

*ശുഭദിനം*
*കവിത് കണ്ണന്‍*
സ്‌പെയിനില്‍ ക്രോസ് കണ്‍ട്രി റേസ് നടക്കുന്നു. മുന്നില്‍ കുതിക്കുന്നത് കെനിയക്കാരനായ ആബേല്‍ ആണ്. സ്‌പെയിനിന്റെ ഇവാന്‍ ഫെര്‍ണാണ്ടസ് തൊട്ടുപിറകെ തന്നെയുണ്ട്. ഫിനിഷിങ്ങ് പോയിന്റില്‍ എത്താറായപ്പോള്‍ ആബേലിന് ഒരു കണ്‍ഫ്യൂഷന്‍. ഫിനിഷിങ്ങ് പോയിന്റ് എവിടെയാണ് എന്നതില്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വേഗം അല്‍പം കുറഞ്ഞു. പിന്നാലെ വന്ന ഇവാന്‍ വിളിച്ചുപറഞ്ഞു: ആബേല്‍ ഫിനിഷ്‌ചെയ്യൂ... ഫിനിഷ് പ്ലീസ്.... അങ്ങനെ ആബേല്‍ തന്നെ മത്സരം ഫിനിഷ് ചെയ്തു. കണ്ടുനിന്നവരില്‍ ഇത് കൗതുകം പടര്‍ത്തി. ഒരു പത്രക്കാരന്‍ ഇവാനോട് ചോദിച്ചു. താങ്കള്‍ക്ക് ഇതൊരു അവസരമായിരുന്നില്ലേ... എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല... അപ്പോള്‍ ഇവാന്‍ പറഞ്ഞു: അതിന് പ്രധാനമായും 3 കാരണങ്ങള്‍ ആണ് ഉളളത്. ഒന്ന്, ഞങ്ങള്‍ തമ്മില്‍ ഏകദേശം 10 മീറ്റര്‍ അകലമുണ്ടായിരുന്നു. രണ്ട്, അങ്ങനെ ഓടിയാല്‍ തന്നെ ഫിനിഷിങ്ങ് പോയിന്റിലെത്താനുള്ള കഴിവും ഊര്‍ജ്ജവും ആബേലിനുണ്ട് മൂന്ന്. ഇതെല്ലാം കണ്ടുകൊണ്ട് ഗ്യാലറിയില്‍ എന്റെ അമ്മ ഇരിപ്പുണ്ട്. അമ്മ എന്നെ പഠിപ്പിച്ച പാഠം സത്യസന്ധതയാണ്. ആ പാഠം പോലും ഞാന്‍ പഠിച്ചില്ലെന്ന് അമ്മ മനസ്സിലാക്കിയാല്‍ അതവരെ കൂടുതല്‍ വേദനിപ്പിക്കും... അതുകൊണ്ടു തന്നെ ഈ രണ്ടാം സ്ഥാനമാണ് എനിക്ക് ഒന്നാം സ്ഥാനത്തേക്കാള്‍ മധുരിക്കുന്നത്. ഒരവസരം കിട്ടിയാല്‍ മറ്റുള്ളവരെ ചവിട്ടിതാഴ്ത്തി വിജയം നേടുന്ന ഈ ലോകത്ത്, ചിലപ്പോഴെല്ലാം ചില തോല്‍വികള്‍ക്കും ചില രണ്ടാം സ്ഥാനങ്ങള്‍ക്കും വിജയത്തിനേക്കാള്‍ മധുരമുണ്ടായിരിക്കും... അങ്ങനെയൊരു മധുരമാണ് നാം ആഘോഷിക്കുന്ന നമ്മുടെ ഓണം... എല്ലാവര്‍ക്കും തിരുവോണാശംസകള്‍...
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only