👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ അന്തരിച്ചു
(VISION NEWS 26 ഓഗസ്റ്റ് 2021)

തൃശ്ശൂര്‍: പഞ്ചവാദ്യ രംഗത്തെ പ്രമുഖനായ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ (83) അന്തരിച്ചു. 2011-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പല്ലാവൂര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തില്‍ അഞ്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിട്ടുള്ള തൃക്കൂര്‍ രാജന്‍, തൃശൂര്‍പൂരം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനായിരുന്നു. വരടിയം കവി നഗറിലായിരുന്നു താമസം.

മദ്ദളവിദ്വാനായിരുന്ന തൃക്കൂര്‍ കിഴിയേടത്ത് കൃഷ്ണന്‍കുട്ടിമാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മക്കളില്‍ നാലാമനായാണ് രാജന്‍ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സില്‍ തൃക്കൂര്‍ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മദ്ദളം സ്റ്റൂളില്‍വെച്ച് കേളി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് പരിപാടികളില്‍ സ്ഥിരമായി പങ്കെടുത്തുതുടങ്ങി.

നെന്മാറ വേലയ്ക്കാണ് ആദ്യമായി മദ്ദളപ്രമാണിയായി രാജന്‍ രംഗത്തുവരുന്നത്. തൃശ്ശൂര്‍പൂരത്തില്‍ ആദ്യവര്‍ഷം തിരുവമ്പാടിക്കുവേണ്ടിയാണ് കൊട്ടിയത്. തുടര്‍ന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയിലെത്തി. പ്രസിദ്ധ മദ്ദളകലാകാരന്മാരായ കടവല്ലൂര്‍ ഗോവിന്ദന്‍നായര്‍, ചാലക്കുടി നാരായണന്‍ നമ്പീശന്‍, തൃക്കൂര്‍ ഗോപാലന്‍കുട്ടിമാരാര്‍ എന്നിവര്‍ക്കുശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി. 

ഉത്രാളിപ്പൂരം, നെന്മാറവേല, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, തൃക്കൂര്‍ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രോത്സവങ്ങള്‍ക്ക് മദ്ദളക്കാരനും പ്രമാണിയുമായി തൃക്കൂര്‍ രാജന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987-ല്‍ സോവിയറ്റ് യൂണിയനില്‍നടന്ന ഭാരതോത്സവത്തില്‍ പഞ്ചവാദ്യത്തിന് നേതൃത്വംനല്‍കിയത് തൃക്കൂര്‍ രാജനാണ്.

ഭാര്യ: ചേലേക്കാട്ട് ദേവകിയമ്മ. മക്കള്‍: സുജാത, സുകുമാരന്‍, സുധാകരന്‍, സുമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only