👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

ഒരാൾക്ക് കോവിഡ് ; രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്
(VISION NEWS 17 ഓഗസ്റ്റ് 2021)

വെല്ലിങ്ടൺ: രാജ്യത്ത് ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലൻഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വാക്‌സിൻ എടുത്തിരുന്നില്ല. രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്‌ലൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗണ്‍ ആയിരിക്കും.

ചൊവ്വാഴ്ച രാത്രി 11.59 മുതൽ മൂന്നു ദിവസം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ പൂർണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ന്യൂസീലൻഡിൽ ഏറ്റവും ഒടുവിൽ കർശന ലോക്ഡൗണ്‍ ഏർപ്പെടുത്തിയത്. 

ന്യൂസീലൻഡിലെ കോവിഡ് പ്രതിരോധം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂവായിരത്തോളം പേർക്കു മാത്രമാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. അമ്പത് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 26 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only