👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

ഇടമലയാര്‍ വനത്തില്‍ അപൂര്‍വ്വസംഘട്ടനം; ഏറ്റുമുട്ടിയ ആനയും കടുവയും ചത്ത നിലയില്‍
(VISION NEWS 26 ഓഗസ്റ്റ് 2021)

കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരിക്കേറ്റാണ് ചത്തതെന്നാണു നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുല്‍മേടിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത്. ബുധനാഴ്ച ബീറ്റിനു പോയ വാരിയം വനംവകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് ജഡം കണ്ടത്.

കടുവയ്ക്ക് ഏഴു വയസ്സോളം പ്രായമുണ്ട്. മോഴയിനത്തില്‍പ്പെട്ട ആനയ്ക്ക് 15 വയസ്സും. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള 'യുദ്ധം'. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെടുന്ന ജീവികളാണ് ഇവ.

വ്യാഴാഴ്ച രാവിലെ മലയാറ്റൂര്‍ ഡി.എഫ്.ഒ. രവികുമാര്‍ മീണ, ഇടമലയാര്‍ റേഞ്ച് ഓഫീസര്‍ പി.എസ്. നിധിന്‍, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോന്‍, സിയാദ്, അജു, സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടം നടത്തും.

ആനയും കടവുയും പരസ്പരം ഏറ്റുമുട്ടുന്നത് അപൂര്‍വ്വമാണ്. അതേ സമയം ആദ്യമായിട്ടല്ലെന്നാണ് പറയപ്പെടുന്നത്. പത്ത് വര്‍ഷം മുമ്പ് സൈലന്റ് വാലി വനപ്രദേശത്ത് സമാനമായ ആക്രമണം ക്യാമറയില്‍ പതിഞ്ഞതായി വനപാലകര്‍ പറയുന്നുണ്ട്.

ആനകളെ അക്രമിക്കാന്‍ മുതിരുന്ന ഏക മൃഗം കടുവയാണ്. സാധാരണ നിലയില്‍ കടുവകള്‍ മുതിര്‍ന്ന ആനകളെ അക്രമിക്കില്ല. എന്നാല്‍ കുട്ടിയാനകളെ പിന്തുടരാറും മറ്റുമുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only