👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 28 ഓഗസ്റ്റ് 2021)

🔳രാജ്യത്ത് ഇന്നലെ മാത്രം ഒരു കോടിയിലധികം വാക്സിന്‍ വിതരണം നടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിന്‍ വിതരണം ചെയ്യുന്നവരെയും വാക്സിന്‍ എടുക്കുന്നവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ സൗജന്യ വാക്സിന്‍ പദ്ധതിയും ഫലം കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യയും പുതിയ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഴിവിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.

🔳കാര്‍ഷികനിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച് കര്‍ഷകസംഘടനകള്‍. പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തമാസം 25 ന് ഭാരത് ബന്ദ് നടത്തും. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കമ്മറ്റികള്‍ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും.

🔳അഫ്ഗാനിസ്താനില്‍ നിന്ന് ഒഴിപ്പിക്കാന്‍ ബാക്കിയുള്ള ഇന്ത്യാക്കാരുടെ എണ്ണം കൃത്യമായി അറിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഒട്ടുമിക്ക ഇന്ത്യാക്കാരേയും രക്ഷപ്പെടുത്തിയതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഒട്ടുമിക്ക ഇന്ത്യാക്കാരേയും തിരിച്ചെത്തിച്ചുവെന്നും ചിലര്‍ ഇപ്പോഴും അഫ്ഗാനില്‍ തുടരുകയാണെന്നും അവരുടെ കൃത്യമായ കണക്കുകളില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 70 ശതമാനം രോഗികളും കേരളത്തില്‍. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 46,798 കോവിഡ് രോഗികളില്‍ 32,801 രോഗികളും കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച മരണങ്ങളില്‍ 33 ശതമാനം മരണവും കേരളത്തില്‍ നിന്ന് തന്നെയാണ്. 514 മരണങ്ങളില്‍ 179 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 55 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,53,641 സജീവരോഗികളില്‍ 1,95,279 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആഗസ്ത് 29 ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ തരത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

🔳കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയിലെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

🔳അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകുമെന്നും ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണെന്നും ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുതെന്നും മന്ത്രി വ്യക്തമാക്കി.

🔳നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു.

🔳രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്തെ ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമാണെന്നും കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുധാകരന്‍ ആരോപിച്ചു. ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നുവെന്നും അതിന്റെ കടയ്ക്കലാണ് പിണറായി സര്‍ക്കാര്‍ കത്തിവെച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് ബാധിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കഴിഞ്ഞ നൂറ് ദിവസങ്ങളായി സര്‍ക്കാര്‍ ക്വാറന്റീനിലാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ പരാജയപ്പെട്ട നൂറ് ദിവസങ്ങളാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും രമേശ് വ്യക്തമാക്കി.

🔳സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് 'എന്റെ ജില്ല' എന്ന ആപ്പ് പുറത്തിറക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

🔳പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി കെ.കെ രമ എംഎല്‍എ. റിയാസിനെപ്പോലെയൊരു മന്ത്രിയെ കിട്ടിയത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്നാണ് വടകര എംഎല്‍എയുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം വടകരയില്‍ മന്ത്രി റിയാസ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു എം.എല്‍.എയുടെ പ്രശംസ. സി.പി.എം നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രമയുടെ ഭാഗത്ത് നിന്നാണ് റിയാസിന് ഇത്തരമൊരു പ്രശംസ എന്നത് ശ്രദ്ധേയമാണ്.

🔳പണക്കിഴി വിവാദം ഉയര്‍ന്ന തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രംഗങ്ങള്‍ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍ സ്വീകരിച്ചിരിക്കുന്നത്. വിജിലന്‍സ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി. വിജിലന്‍സ് പരിശോധന രാത്രി വൈകിയും തുടര്‍ന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിജിലന്‍സ് പല തവണ ആവശ്യപ്പെട്ടിട്ടും അജിത തങ്കപ്പന്‍ ഓഫീസിലേക്ക് വന്നില്ല. വ്യക്തിപരമായ .തിരക്ക് മൂലം എത്താനാവില്ലെന്നാണ് മറുപടി നല്‍കിയത്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുക്കാനാണ് വിജിലന്‍സ് തീരുമാനം.

🔳പാര്‍ട്ടിയില്‍നിന്ന് അകന്നവരെ തിരിച്ചെത്തിക്കാന്‍ സി.പി.എം. നടപടി തുടങ്ങി. സംഘടനാ അടിത്തറ വിപുലപ്പെടുത്താനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. പ്രാദേശികപ്രശ്നങ്ങളാല്‍ പാര്‍ട്ടിയില്‍നിന്ന് അകന്നവര്‍ ഏറെയുണ്ട്. ഇതില്‍ ചിലര്‍ മറ്റു പാര്‍ട്ടികളിലേക്കുപോയി. മറ്റുചിലര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നല്ല കേഡര്‍മാര്‍ പലരെയും പാര്‍ട്ടിക്ക് ഇത്തരത്തില്‍ നഷ്ടമായി. മുന്‍വിധികളില്ലാതെ ഇത്തരക്കാരെ തിരിച്ചെത്തിക്കണമെന്നാണു നിര്‍ദേശം. എന്നാല്‍ പാര്‍ട്ടിയിലിരിക്കെ ഗുരുതരവീഴ്ച കണ്ടെത്തുകയും അതില്‍ തിരുത്തലില്ലാതെ തുടരുകയും ചെയ്യുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ല.

🔳കിറ്റെക്‌സില്‍ വീണ്ടും പരിശോധന. കൃഷി വകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും ചേര്‍ന്നാണ് ഇത്തവണ കിറ്റക്‌സില്‍ മിന്നല്‍ പരിശോധന നടത്തിയത്. നേരത്തേയും കിറ്റെക്‌സില്‍ നിരവധി പരിശോധനകള്‍ നടന്നിരുന്നു. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധന ഉണ്ടാവില്ലെന്ന മന്ത്രിയുടെ ഉറപ്പ് പാഴായെന്നും കേരളത്തില്‍ ഉദ്യോഗസ്ഥരാജ് ആണെന്നും കിറ്റെക്‌സ് പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിറ്റക്്‌സ് എംഡി സാബു എം ജേക്കബ് ആരോപിച്ചു.

🔳കേരളത്തില്‍ അടുത്ത രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.5 എംഎം മുതല്‍ 204.4 എംഎം വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

🔳ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലുള്ള അഭയാര്‍ഥികളുടെ
ഭവന പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്.

🔳കോവിഡ് മഹമാരിക്കിടെ ആശുപത്രിക്കെട്ടിടങ്ങളുടെ സുരക്ഷാചട്ടങ്ങളില്‍ ഇളവു വരുത്താനുള്ള ഗുജറാത്ത് സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. മഹമാരിക്കിടെ ജീവനുകള്‍ രക്ഷിക്കുന്നതിന് പകരം നാം ജനങ്ങളെ ചുട്ടുകൊല്ലുകയാണെന്ന് കോടതി പറഞ്ഞു.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകനായ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക സ്ഥാനം രാജിവെച്ചു. കാശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ രണ്ട് ഉപദേശകരേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധുവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മല്‍വീന്ദര്‍ സിങിന്റെ രാജി.

🔳പി.സി.സി അധ്യക്ഷനായി ചുമതലയേറ്റത് മുതല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ നിലപാട് കടുപ്പിച്ച് നവ്‌ജോത് സിങ് സിദ്ധു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും സ്വാതന്ത്ര്യമില്ലെങ്കില്‍ ആരേയും വെറുതേ വിടില്ലെന്നാണ് സിദ്ധുവിന്റെ മുന്നറിയിപ്പ്.

🔳ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റിയേക്കും. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറണമെന്ന മുന്‍ധാരണ ഭൂപേഷ് ബാഗേല്‍ പാലിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കും. എംഎല്‍എമാരെ അണിനിരത്തി അധികാരത്തില്‍ തുടരാനുള്ള നീക്കങ്ങളാണ് ഭൂപേഷ് ബാഗേല്‍ നടത്തുന്നത്. ബാഗേലിനെ മാറ്റിയില്ലെങ്കില്‍ രാജിവെക്കുമെന്ന് അടുത്ത മുഖ്യമന്ത്രിയാകേണ്ട ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദേവ് അറിയിച്ചു.

🔳ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കിടെ പാലം തകര്‍ന്നു വീണു. ദെഹ്‌റാദൂണ്‍ - ഋഷികേശ് ദേശീയ പാതയിലെ ജാക്കന്‍ നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. ഏതാനും വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നുവെങ്കിലും സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്നുവീണ പാലത്തില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങികിടക്കുന്നത്.

🔳അസമില്‍ ട്രക്കുകള്‍ക്ക് നേരെ ആക്രമം നടത്തി ഡിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മി. ആക്രമണത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. ട്രക്കുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം തീയിടുകയായിരുന്നു. അസമിലെ ഡിമാ ഹസാവോ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ഏഴ് ട്രക്കുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

🔳കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് പദ്ധതി. 6 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. 9-12 വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതലും 6-8 വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ടിനും ആരംഭിക്കാനാണ് ആലോചിക്കുന്നത്.

🔳മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ലൈഫ് സയന്‍സ് ഉടനെ കോവിഡ് വാക്‌സിന്‍ നിര്‍മാണംതുടങ്ങിയേക്കും. ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

🔳ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോയ വിമാനം പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് നാഗ്പൂരില്‍ ഇറക്കിയത്. 126 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

🔳ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ദുബായ് ഭരണാധികാരി. കഴിഞ്ഞ ദിവസം ദുബായ് ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു വീണ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിച്ചതിനെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചിരുന്നു.

🔳ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനികള്‍ നിലവില്‍ ഇവിടേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

🔳അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കയ്ക്കിടയിലും കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനയ്‌ക്കെത്തിച്ച അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും വിമാനത്താവളത്തിലേക്കെത്തുന്ന അഫ്ഗാനികളുടെ എണ്ണം കൂടുന്തോറും വെള്ളത്തിന്റേയും ഭക്ഷണത്തിന്റെയും വില കുത്തനെ ഉയരുന്നു.
ഒരു കുപ്പി കുടിവെള്ളത്തിന് ഏകദേശം 3000 രൂപയും ഒരു പ്ലേറ്റ് ചോറിന് ഏകദേശം 7400 രൂപയും കച്ചവടക്കാര്‍ ഈടാക്കുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടും ദിവസവും ആയിരക്കണക്കിന് അഭയാര്‍ഥികളാണ് രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയോടെ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും താനായിരുന്നു ഇപ്പോഴും യുഎസ് പ്രസിഡന്റ് എങ്കില്‍ കാബൂളിലെ ഇരട്ടസ്‌ഫോടനം സംഭവിക്കില്ലായിരുന്നുവെന്നും ഡോണാള്‍ഡ് ട്രംപ്. വാഷിങ്ടണ്ണില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

🔳ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 78 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ 354 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ക്രീസ് വിട്ടത്. 45 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 91 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ക്രീസില്‍. എട്ടുവിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 139 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്.

🔳സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. റൊണാള്‍ഡോ ക്ലബ്ബിലേക്ക് എത്തുന്ന കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ക്ലബ്, യുവന്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍.

🔳കേരളത്തില്‍ ഇന്നലെ 1,70,703 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594.

🔳രാജ്യത്ത് ഇന്നലെ 46,798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 31,333 പേര്‍ രോഗമുക്തി നേടി. മരണം 514. ഇതോടെ ആകെ മരണം 4,37,403 ആയി. ഇതുവരെ 3,26,49,130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.53 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,542 പേര്‍ക്കും കര്‍ണാടകയില്‍ 1,301 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,515 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 7,04,036 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,83,810 പേര്‍ക്കും ബ്രസീലില്‍ 27,345 പേര്‍ക്കും റഷ്യയില്‍ 19,509 പേര്‍ക്കും ഫ്രാന്‍സില്‍ 18,249 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,046 പേര്‍ക്കും ഇറാനില്‍ 36,279 പേര്‍ക്കും മെക്സിക്കോയില്‍ 20,633 മലേഷ്യയില്‍ 22,070 പേര്‍ക്കും ജപ്പാനില്‍ 24,976 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.61 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9841 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,275 പേരും ബ്രസീലില്‍ 721 പേരും റഷ്യയില്‍ 798 പേരും ഇറാനില്‍ 571 പേരും ഇന്‍ഡോനേഷ്യയില്‍ 599 പേരും മെക്സിക്കോയില്‍ 835 പേരും സൗത്ത് ആഫ്രിക്കയില്‍ 361 പേരും മലേഷ്യയില്‍ 339 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.97 ലക്ഷം.


🔳ദക്ഷിണ കൊറിയന്‍ ബഹുരാഷ്ട്ര നിര്‍മ്മാണ കമ്പനിയായ സാംസങ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുന്നു. 205 ബില്യണ്‍ ഡോളറിന്റെ (240 ട്രില്ല്യണ്‍) ബിസിനസ് വിപുലീകരണത്തിനാണ് സാംസങ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 പേരെ കമ്പനിയില്‍ നിയമിക്കും. അടുത്ത തലമുറ സാങ്കേതികവിദ്യകളില്‍ കമ്പനിയുടെ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നത്.

🔳ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം കുറയുന്ന പ്രവണത തുടരുകയാണ്. ജൂലൈയില്‍ മൂന്ന് ശതമാനത്തിലധികം ഉല്‍പ്പാദനം ഇടിഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസി ലക്ഷ്യമിട്ടതിനെക്കാള്‍ കുറവാണ് ഉല്‍പ്പാദിപ്പിച്ചത്. രാജ്യത്തെ അസംസ്‌കൃത എണ്ണ ഉല്‍പാദനം ജൂലൈയില്‍ 3.2 ശതമാനം ഇടിഞ്ഞ് 2.5 ദശലക്ഷം ടണ്ണായി. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 3.37 ശതമാനം ഇടിഞ്ഞ് 9.9 ദശലക്ഷം ടണ്ണായി.

🔳മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. ജി.പ്രജേഷ് സെന്‍ ആണ് സംവിധാനം. ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററില്‍ ഉള്ളത്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

🔳ഡയാന രാജകുമാരിയുടെ സംഭവബഹുലമായ ജീവിതം പറയുന്ന സിനിമയാണ് സ്പെന്‍സര്‍. പാബ്രോ ലറെയ്ന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്രിസ്റ്റെന്‍ സ്റ്റെവാര്‍ട് ആണ് ഡയാനയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. ചാള്‍സ് രാജകുമാരനായി ജാക് ഫാര്‍തിങ് ആണ് അഭിനയിക്കുന്നത്.

🔳ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജി.എല്‍.ഇ. മോഡലിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഈ വാഹനത്തിന് 2.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. മെഴ്‌സിഡസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ള പന്ത്രണ്ടാമത്തെ എ.എം.ജി. മോഡലാണ് ജി.എല്‍.ഇ.63 എസ് എ.എം.ജി. 4മാറ്റിക് പ്ലസ് കൂപ്പെ. 4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിന്‍ 603 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും.

🔳കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത വര്‍ഷമാണ് 1921. 'മലബാര്‍ കലാപം' എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു. കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയും മാപ്പിളലഹളയും'. കെ.പി. ബാലചന്ദ്രന്‍. എച്ച് & സി ബുക്സ്. വില 160 രൂപ.

🔳കൊവിഡ് 19 രോഗം അതിജീവിച്ചതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ശാരീരികമായ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷമതകള്‍ പോലും കൊവിഡ് മുക്തര്‍ നേരിടുന്നുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നുള്ള ഗവഷേകരാണ് പഠനത്തിന് പിന്നില്‍. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റ്'ലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും പിന്നീട് രോഗമുക്തി നേരിടുകയും ചെയ്തവരില്‍ പകുതി പേരിലെങ്കിലും അടുത്ത ഒരു വര്‍ഷത്തേക്ക് വരെ ക്ഷീണവും ശ്വാസതടസവും കാണുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ചിലരില്‍ ഈ പ്രശ്‌നങ്ങള്‍ക്കൊപ്പം പേശികളില്‍ തളര്‍ച്ച നേരിടുന്നതായും പഠനം പറയുന്നു. മിക്കവാറും കൊവിഡ് മുക്തര്‍ക്കും രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് പരിപൂര്‍ണമായി മോചിപ്പിക്കപ്പെടാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ക്ഷീണം കഴിഞ്ഞാല്‍ പിന്നെ ശ്വാസതടസം തന്നെയാണ് മിക്കവരും നേരിടുന്ന കൊവിഡാനന്തര വിഷമത. ക്ഷീണമായാലും പേശിയെ ബാധിക്കുന്ന തളര്‍ച്ചയായാലും സ്ത്രീകളെ അപേക്ഷിച്ച് ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നതെന്നും പഠനം അവകാശപ്പെടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജാവ് തന്റെ സേവകരോടും പ്രിയപ്പെട്ട നായയോടും ഒപ്പം വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു. ആ വഞ്ചിയില്‍ ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു. നായ ഒരിക്കലും തോണിയില്‍ യാത്ര ചെയ്തിട്ടില്ലാത്തതിനാല്‍ യാത്രയിലുടനീളം അത് അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ആ നായ വഞ്ചിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയും ചാടിയും നടക്കുന്നതുകൊണ്ട് വഞ്ചിയിലുള്ളവര്‍ അതനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. വഞ്ചി വല്ലാതെ ഉലഞ്ഞു. എല്ലാവരും ഭീതിയിലായി. യാത്രക്കാരിലൊരാള്‍ പറഞ്ഞു. ഈ നായ ഇപ്പോള്‍ നമ്മളേയും വെള്ളത്തിലേക്ക് തള്ളിയിടും. രാജാവ് എത്ര ശ്രമിച്ചിട്ടും നായയെ അനുനയിപ്പിക്കാനായില്ല. ഇതുകണ്ട് ആ സഞ്ചാരി രാജാവിനോട് ചോദിച്ചു: പ്രഭോ, അങ്ങ് സമ്മതിക്കുകയാണെങ്കില്‍ ഞാനീ നായയെ പൂച്ചയെപ്പോലെയാക്കിത്തരാം. രാജാവ് സമ്മതം മൂളി. സഞ്ചാരി യാത്രികരില്‍ രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ച് നദിയിലേക്കെറിഞ്ഞു. നായ പ്രാണഭയത്താല്‍ തോണിയുടെ അടുത്തേക്ക് നീന്തി തോണിയിലേക്ക് കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം സഞ്ചാരി അതിനെ വലിച്ച് തോണിയിലേക്കിട്ടു. അതിനുശേഷം ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ വഞ്ചിയുടെ ഒരു മൂലയില്‍ പോയി കിടന്നു. എല്ലാവര്‍ക്കും അത്ഭുതമായി. രാജാവ് സഞ്ചാരിയോട് നായയുടെ ഇപ്പോഴുള്ള ശാന്തതയുടെ കാരണമന്വേഷിച്ചു. സഞ്ചാരി പറഞ്ഞു: സ്വയം ബുദ്ധിമുട്ടും ദുഃഖവും ആപത്തും വരാത്തിടത്തോളം മറ്റുളളവരുടെ വികാരങ്ങള്‍ ആര്‍ക്കും മനസ്സിലാവുകയില്ല. താന്‍ ഈ നായയെ പിടിച്ച് വെള്ളത്തിലിട്ടപ്പോള്‍ മാത്രമാണ് അതിന് വെള്ളത്തിന്റെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലാകുന്നത്. ഇരുട്ടിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍ മാത്രമാണ് അതുവരെ മുനിഞ്ഞുകത്തുന്ന ഒരു നാളത്തിന്റെ വില മനസ്സിലാകുന്നത്. നമ്മുടെ ജീവിതത്തില്‍ താങ്ങും തണലുമാകുന്ന നിശബ്ദരായ പലരുമുണ്ട്. അവരുടെ മൂല്യം തിരിച്ചറിഞ്ഞ് അവരെ ചേര്‍ത്ത്പിടിക്കാന്‍, കരുതാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only