👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 ഓഗസ്റ്റ് 2021)
🔳അഫ്ഗാനിസ്താനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും രാജ്യത്തിന്റെ തന്ത്രത്തില്‍ മാറ്റം വരുത്താന്‍ ഇത് നമ്മളെ നിര്‍ബന്ധിതരാക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്നും ദേശീയ സുരക്ഷയ്ക്കുവേണ്ടി ഏത് നിമിഷവും എവിടെവെച്ചും ശത്രുവിനെ നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

🔳അഫ്ഗാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ക്ലേശമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍, സഹായം ഏതെങ്കിലും മതവിഭാഗത്തിനു മാത്രമായി ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 68.79 ശതമാനം രോഗികളും കേരളത്തില്‍. 43,367 കോവിഡ് രോഗികളില്‍ 29,836 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 14 ശതമാനം മരണം മാത്രമാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 527 മരണങ്ങളില്‍ 75 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രാജ്യത്തെ സജീവരോഗികളില്‍ 57.39 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,70,426 സജീവരോഗികളില്‍ 2,12,596 പേരും കേരളത്തിലാണുള്ളത്.

🔳വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ പറഞ്ഞു. ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെയുള്ള സംവിധാനം ഒരുക്കുകയാണ് തങ്ങളെന്നും ശര്‍മ്മ വ്യക്തമാക്കി.

🔳കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചുവെന്നും മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ് വ്യക്തമാകുന്നതെന്നും സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസിനകത്തുള്ള പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്നതെങ്കില്‍ അതൊന്നും ഫലിക്കാന്‍ പോകുന്നില്ലെന്ന് സിപിഐഎം പറയുന്നു.

🔳സംസ്ഥാനത്ത് കൊവിഡിന് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി ആവിഷ്‌കരിച്ചു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ ആണ് പുതിയ നീക്കം. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.

🔳ഡിസിസി അധ്യക്ഷ പുനസംഘടനയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ഇപ്പോഴത്തെ രീതി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഡിസിസി പുനസംഘടനയില്‍ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നും ജോസഫ് വാഴക്കന്‍ തുറന്നടിച്ചു. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ ചുമതല എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകണം എന്നതാണ്. അതല്ലാതെ അധികാരം കിട്ടി എന്ന് കരുതി സ്വന്തം ഇഷ്ടക്കാരെ എല്ലായിടത്തും വെക്കുക എന്നതല്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.

🔳ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.പി.അനില്‍ കുമാറിനേയും ശിവദാസന്‍ നായരേയും സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതാക്കളെ വിലക്കി കെപിസിസി. ഡിസിസി പട്ടികയടക്കമുള്ള പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചാനലുകളിലെ ചര്‍ച്ചക്ക് പോകരുതെന്ന് കെപിസിസി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് ഹൈക്കമാന്‍ഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.  

🔳ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസിലുണ്ടായ കലാപം രാജിയിലേക്ക് നീളുന്നു. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ച രാവിലെ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നുമാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

🔳കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലന്‍. കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും കെ. സുധാകരന്റെ ശൈലി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഘടനയല്ല ഇന്ന് കോണ്‍ഗ്രസിനുള്ളതെന്നും ബാലന്‍ പറഞ്ഞു. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെയാണ് സുധാകരന്‍ സ്വപ്നം കാണുന്നതെങ്കില്‍, ഇനി കോണ്‍ഗ്രസുണ്ടാകില്ലെന്നും പകരം ഗ്രൂപ്പുകള്‍ മാത്രമേ ഉണ്ടാകൂവെന്നും ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടി ആക്കി വളര്‍ത്താം എന്നത് കേവലം ദിവാസ്വപ്നമാണെന്നും ബാലന്‍ പരിഹസിച്ചു.

🔳സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സ്പീക്കര്‍ എം ബി രാജേഷിന്റെ കുടുംബം. കുട്ടികളെ കുറിച്ച് അപകടകരമായ വിധം നുണ പ്രചാരണം നടത്തുന്നുവെന്ന് സ്പീക്കറുടെ ഭാര്യ നിനിത രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുട്ടികള്‍ ഒരു മതത്തിന്റെ ഭാഗമാണെന്ന പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തുന്നത് എന്നാണ് ആരോപണം.

🔳പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജിമാരെ ഡിജിപി ചുമതലപ്പെടുത്തി.

🔳കോഴിക്കോട് കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം പേരില്‍ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റ്യാടിയിലെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്. ഇയാള്‍ക്കെതിരെ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 87 കേസുകളാണ്.

🔳കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ നടത്തുന്ന ജന്‍ ആശീര്‍വാദ് യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി അജിത് പവാര്‍. കോവിഡിനെതിരെ ശക്തമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അനുശാസിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് പുതിയ മന്ത്രിമാരോട് റാലികളും യാത്രകളും നടത്താന്‍ പറയുന്നത്. കോവിഡ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന യാത്ര കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

🔳മഹാരാഷ്ട്ര ഗതാഗതമന്ത്രിയും ശിവസേനാ നേതാവുമായ അനില്‍ പരബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. നേരത്തെ മുംബൈ പോലീസില്‍നിന്ന് പിരിച്ചുവിട്ട സച്ചിന്‍ വാസേ നല്‍കിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്. ഇഡിയുടെ നടപടി പ്രതീക്ഷിച്ചിരുന്നതായും നിയമപരമായി നേരിടുമെന്നും പാര്‍ട്ടി എം.പി. സഞ്ജയ് റാവത്ത് പ്രതികരിച്ചു.

🔳കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ സംസ്ഥാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ അപലപിച്ച് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയ്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ പോലീസുകാരോട് ആയുഷ് സിന്‍ഹ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

🔳കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ യു.എസ് വ്യോമാക്രമണം. വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഒരു ഐഎസ്-കെ ചാവേറിനെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

🔳രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക് കടന്ന് യുഎസ് സൈന്യം. ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ളത്. ഇവരെ ഒഴിപ്പിക്കുന്നതിനു പിന്നാലെ അവസാന യുഎസ് സൈന്യവും കാബൂള്‍ വിടുമെന്നാണ് സൂചന. ഇതിനിടെ യുഎസ് സൈന്യം അഫ്ഗാന്‍ വിടുന്നതിന് പിന്നാലെ തന്നെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായതായി താലിബാന്‍ അറിയിച്ചു.

🔳ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ഹൈജംപില്‍ മെഡല്‍. ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി നിഷാദ് കുമാര്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനായി.

🔳ദേശീയ കായിക ദിനത്തില്‍ ടോക്കിയോ പാരാലിംപിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തില്‍ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം.  

🔳മലയാളി താരം സജന്‍ പ്രകാശ് പ്രൊഫഷണല്‍ നീന്തലിലേക്ക്. സജന്‍ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് ലീഗില്‍ മത്സരിക്കും. ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സജന്‍ പ്രകാശ്. തുര്‍ക്കി ആസ്ഥാനമായുള്ള എനര്‍ജി സ്റ്റാന്‍ഡേര്‍ഡ് ടീമിന് വേണ്ടിയാവും മലയാളി താരം മത്സരിക്കുക. 36 താരങ്ങളാണ് ടീമിലുള്ളത്.  

🔳കേരളത്തില്‍ ഇന്നലെ 1,51,670 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 229 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1137 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,088 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,12,566 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500.

🔳രാജ്യത്ത് ഇന്നലെ 43,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,835 പേര്‍ രോഗമുക്തി നേടി. മരണം 527. ഇതോടെ ആകെ മരണം 4,38,387 ആയി. ഇതുവരെ 3,27,37,569 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.70 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,666 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 1,538 പേര്‍ക്കും കര്‍ണാടകയില്‍ 1,262 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,321 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,48,060 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 36,561 പേര്‍ക്കും ബ്രസീലില്‍ 13,210 പേര്‍ക്കും റഷ്യയില്‍ 19,282 പേര്‍ക്കും ഫ്രാന്‍സില്‍ 13,630 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,196 പേര്‍ക്കും തുര്‍ക്കിയില്‍ 17,332 പേര്‍ക്കും ഇറാനില്‍ 31,516 പേര്‍ക്കും മെക്‌സിക്കോയില്‍ 17,546 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,528 പേര്‍ക്കും മലേഷ്യയില്‍ 20,579 പേര്‍ക്കും ജപ്പാനില്‍ 22,748 പേര്‍ക്കും തായ്‌ലണ്ടില്‍ 16,536 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.71 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,257 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 284 പേരും ബ്രസീലില്‍ 256 പേരും റഷ്യയില്‍ 797 പേരും ഇറാനില്‍ 581 പേരും ഇന്‍ഡോനേഷ്യയില്‍ 551 പേരും മെക്‌സിക്കോയില്‍ 756 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.14 ലക്ഷം.

🔳 ക്രിപ്‌റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ പറ്റിച്ച് പണം തട്ടുന്ന എട്ട് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. നിഷ്‌കളങ്കരായ ഉപഭോക്താക്കളെ പറ്റിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളാണ് ഇവരെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ വിലക്കിയ എട്ട് ആപ്പുകള്‍ ബിറ്റ്ഫണ്ട്‌സ്, ബിറ്റ്‌കോയിന്‍ മൈനര്‍, ബിറ്റ്‌കോയിന്‍(ബിടിസി), ക്രിപ്‌റ്റോ ഹോളിക്, ഡെയ്‌ലി ബിറ്റ്‌കോയിന്‍ റിവാര്‍ഡ്‌സ്, ബിറ്റ്‌കോയിന്‍ 2021, മൈന്‍ബിറ്റ് പ്രോ, എതേറിയം (ഇടിഎച്ച്) എന്നിവയാണ്. വിലക്കിയ ആപ്പുകള്‍ക്കൊന്നും ക്ലൗഡ് മൈനിങ് ഓപ്പറേഷന്‍സുമായി ബന്ധമില്ല.

🔳യാത്രാ വാഹന വിഭാഗം വേര്‍പെടുത്തി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ടാറ്റാ മോട്ടോഴ്‌സിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ അനുമതി. 2021 മാര്‍ച്ചില്‍ വേര്‍പെടുത്താനുളള തീരുമാനത്തിന് കമ്പനി ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. തുടര്‍ന്ന് അന്തിമ അനുമതിക്കായി ടാറ്റാ ഗ്രൂപ്പ് എന്‍സിഎല്‍ടിയെ സമീപിക്കുകയായിരുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ 9,417 കോടി രൂപ മൂല്യം കണക്കാക്കുന്ന വാഹന വിഭാഗമാണിത്.

🔳ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാനന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണിത്. സേവ്യര്‍ അലക്‌സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

🔳തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം 'തലൈവി'യിലെ ഒരു സോംഗ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ഉന്‍തന്‍ കണ്‍കളില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ചിത്രത്തില്‍ ജയലളിതയാവുന്നത് കങ്കണയാണ്. എംജിആറിന്റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയുടെ വേഷത്തിലും. സിനിമാപ്രേമികളില്‍ ഇതിനകം വലിയ കൗതുകം സൃഷ്ടിച്ചിട്ടുള്ള ചിത്രത്തിന്റെ എംജിആര്‍ കാലഘട്ടത്തിലെ സിനിമാഗാന ചിത്രീകരണ ശൈലിയിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം.

🔳ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്റെ സി5 എയര്‍ക്രോസ് എസ്യുവി 2021 ഏപ്രിലില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ സിട്രോണിന്റെ ആദ്യത്തെ മോഡല്‍ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ജനപ്രിയമായ സബ്-4 മീറ്റര്‍ ശ്രേണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. സബ്-കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ പേര് സി3 എന്നായിരിക്കും. ഇന്ത്യയിലെ ആദ്യ ഫ്ലക്സ് എഞ്ചിന്‍ വാഹനമായിരിക്കും ഇത്. സിസി 21 എന്ന കോഡ്നാമമുള്ള സിട്രോണ്‍ സി 3 അടുത്ത വര്‍ഷം ആദ്യമാവും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.

🔳തോമസ് പാലായുടെ പ്രശസ്തമായ നോവല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു. ലളിതമായ ഭാഷ. വ്യത്യസ്തരായ മനുഷ്യര്‍. ചിരിക്കുന്ന വാക്കുകള്‍. പാലായുടെ മണം ആറാതെ നില്‍ക്കുന്ന അദ്ധ്യായങ്ങള്‍. മറവിയില്‍ നിന്ന് വീണ്ടെടുക്കപ്പെടേണ്ട പുസ്തകങ്ങളിലൊന്നു മാത്രമല്ല ഇത്. 'അടി എന്നടി കാമാച്ചീ'. വിസി ബുക്സ്. വില 292 രൂപ.

🔳കൊവിഡ് 19 മഹാമാരിയില്‍ നിന്ന് മുക്തി നേടിയാല്‍ പോലും പല ആരോഗ്യപ്രശ്‌നങ്ങളും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാമെന്ന് നമുക്കറിയാം. ഇത്തരത്തില്‍ അധിക പേരിലും ഒരു വര്‍ഷത്തേക്കെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള രണ്ട് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിക്കുകയാണ് അടുത്തിടെ പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട്. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ചൈനയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് മുക്തി നേടിയ ആളുകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി പഠനം സംഘടിപ്പിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശ്വാസതടസം, ക്ഷീണം എന്നിവയാണത്രേ അധികം രോഗികളിലും ഒരു വര്‍ഷത്തേക്കെങ്കിലും നീണ്ടുനില്‍ക്കുന്ന രണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍. കൊവിഡ് 19 പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുകയെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ഇതിന്റെ പരിണിതഫലങ്ങള്‍ ഏറെയും നേരിടുന്നത് ശ്വാസകോശം തന്നെയാണ്. ഇതിന് പുറമെ ഏത് തരം വൈറസ് ആക്രമണമായാലും ശരീരം കാര്യമായിത്തന്നെ ദുര്‍ബലമായി മാറും. ഇതിന്റെ ഭാഗമായാണ് ക്ഷീണം അനുഭവപ്പെടുന്നത്. കൊവിഡ് 19ന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. കൊവിഡിന് ശേഷം കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ സ്ത്രീകളിലും പുരുഷന്മാരിലും ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും പഠനം പറയുന്നു. ക്ഷീണവും, പേശികളുടെ ബലക്ഷയവും, ശ്വാസതടസവുമെല്ലാം അധികവും സ്ത്രീകളെയാണ്രേത ബാധിക്കുക. അതുപോലെ തന്നെ കൊവിഡാനന്തരം ഉണ്ടാകുന്ന ഉത്കണ്ഠ, വിഷാദരോഗം എന്നിവയും സ്ത്രീകളിലാണ് അധികവും കാണുകയെന്നും പഠനം അവകാശപ്പെടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ പൂജാരിക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. രണ്ടുപേരും വിവാഹിതരാണ്. അവരില്‍ മൂത്തയാളെ വിവാഹം ചെയ്തിരിക്കുന്നത് ഇഷ്ടികചൂളക്കാരനും രണ്ടാമനെ വിവാഹം ചെയ്തിരിക്കുന്നത് ഒരു കൃഷിക്കാരനുമാണ്. മൂത്തമകള്‍ അച്ഛനെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞു: ഈയിടെയായി എന്നും മഴയാണ് അതുകൊണ്ട് ചൂള പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് അച്ഛന്‍ മഴമാറി വെയില്‍ തെളിയാന്‍ ഒരു പൂജ നടത്തണം. അച്ഛന്‍ സമ്മതിച്ചു. അടുത്തദിവസം അച്ഛനെകാണാന്‍ രണ്ടാമത്തെ മകള്‍ വന്നു. അവള്‍ പറഞ്ഞു: മഴ ഇങ്ങനെ തുടരുന്നതുകൊണ്ടാണ് കൃഷി നന്നായി നടക്കുന്നത്. അതുകൊണ്ട് അച്ഛന്‍ ഈ മഴ ഇങ്ങനെ തുടരാന്‍ പ്രാര്‍ത്ഥിക്കണം. പറ്റുമെങ്കില്‍ അതിനായി ഒരു പൂജയും നടത്തണം സ്വന്തം അഭിവൃദ്ധിക്കുവേണ്ടിമാത്രം എല്ലാകാര്യങ്ങളും ചെയ്യുമ്പോള്‍ രണ്ട് പ്രശ്‌നങ്ങളാണ് ഉള്ളത്. ഒന്ന്, എത്ര കിട്ടിയാലും മതിയാകാതെ വരും. രണ്ട്, ഈ സൃഷ്ടാവും സൃഷികളുമെല്ലാം തനിക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത് എന്നൊരു ധാരണ കൈവരും. നിഷ്‌കളങ്ക പരിസരമാകേണ്ട പ്രാര്‍ത്ഥനാ മുറികള്‍ സ്വാര്‍ത്ഥതയുടെ വിളനിലമാകാതെ നമുക്ക് ശ്രദ്ധിക്കാം. സ്വന്തം കാര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആര്‍ക്കും കഴിയും. അന്യനുവേണ്ടി പ്രാര്‍ത്ഥിക്കണമെങ്കില്‍ അവന്റെ മനസ്സും ജീവിതവുമെന്താണെന്ന് അറിയണം. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി നാം എത്രവേണമെങ്കിലും താഴാന്‍ തയ്യാറാകും. എന്നാല്‍ മറ്റൊരാളുടെ നന്മയ്ക്ക് വേണ്ടി താഴണമെങ്കില്‍ ആ മനസ്സ് അത്രമാത്രം നിസ്വാര്‍ത്ഥമാകണം. ഒരാള്‍ക്ക് ലഭിക്കുന്ന അനുഗ്രഹം മറ്റൊരാള്‍ക്ക് അപായം വരുത്തുമെങ്കില്‍ അത്തരം അനുഗ്രഹങ്ങള്‍ക്ക് വേണ്ടി കൈനീട്ടാതാരിക്കാന്‍ ശ്രമിക്കാം. അങ്ങനെയുള്ള നേട്ടങ്ങള്‍ നാം വേണ്ടെന്ന് വെയ്ക്കുമ്പോള്‍ ഉറപ്പായും, മറ്റൊരുടെയെങ്കിലും പ്രാര്‍ത്ഥനകളില്‍ നമ്മള്‍ ഉണ്ടാകും... -ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only