23 ഓഗസ്റ്റ് 2021

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യും മുമ്പ് ശ്രദ്ധിക്കണേ!, പുതിയ തട്ടിപ്പ്
(VISION NEWS 23 ഓഗസ്റ്റ് 2021)
ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം.

കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. വ്യാപാരികളാണ് കൂടുതലും തട്ടിപ്പിൽ വീഴുന്നത്. ഉല്‍പ്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച് വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ആദ്യം മൊബൈല്‍ നമ്പര്‍ ചോദിക്കും. യുപിഐ വഴി പണം കൈമാറാമെന്ന് പറഞ്ഞാണ് മൊബൈല്‍ നമ്പര്‍ ചോദിക്കുന്നത്. തുടര്‍ന്ന് പണം കൈമാറാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് ക്യൂആര്‍ കോഡ് അയക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ ആവശ്യപ്പെട്ടാണ് ഇത് ചെയ്യുന്നത്. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് കൊച്ചി സൈബര്‍ സെല്‍ വ്യക്തമാക്കുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുന്ന കാക്കനാട് സ്വദേശിയും സമാനമായ തട്ടിപ്പിന് ഇരയായി. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റമായെന്നും ഒരു അപ്പാര്‍ട്ട്‌മെന്റ് തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനെ സമീപിച്ചത്. യുപിഐ വഴി മുന്‍കൂര്‍ പണം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പണം സ്വീകരിക്കാന്‍ ക്യൂആര്‍ കോഡോ പാസ് വേര്‍ഡോ ആവശ്യമില്ല എന്ന കാര്യം ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only