👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 ഓഗസ്റ്റ് 2021

ഫോണ്‍ പേ, ഗൂഗിള്‍ പേ ആപ്പുകളില്‍ സ്ക്രാച്ച് കാര്‍ഡ് തട്ടിപ്പ് വ്യാപകമാവുന്നു
(VISION NEWS 03 ഓഗസ്റ്റ് 2021)
സൈബര്‍ പൊലീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും, ബോധവത്കരണവുമായി സജീവമാകുമ്പോഴും, വ്യാജന്മാര്‍ പുതിയ തന്ത്രങ്ങളുമായി ഒട്ടനവധി ആള്‍ക്കാരെ വഞ്ചിതരാക്കുകയാണ്.

ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ നടക്കുന്നത് സാധാരണക്കാര്‍ വരെ പണമിടപാടുകള്‍ക്കായി ഉപയോഗിച്ചു വരുന്ന ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നീ ആപ്പുകളിലാണ്. പുതിയ തട്ടിപ്പുകളെ കുറിച്ച് പൊലീസും അറിയുന്നത് കഴിഞ്ഞ ദിവസം ഫോണ്‍ പേയില്‍ തട്ടിപ്പിന് ഇരയായ ഒരു ആശുപത്രി ജീവനക്കാരന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ്. പണം അയച്ചു കൊടുക്കുന്നവര്‍ക്ക് സ്ക്രാച്ച് കാര്‍ഡ് വഴി തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. 

സ്ക്രാച്ച് കാര്‍ഡ് വഴി സമ്മാനം കിട്ടിയെന്ന് ഇത്തരം ആപ്പുകളിലൂടെ ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നവരുടെ മൊബൈലുകളിലേക്ക് ഇവര്‍ എസ്എംഎസ് അയയ്ക്കും. തുക സ്വന്തമാക്കാന്‍ മെസ്സേജിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. അവ ക്ലിക്ക് ചെയ്യുമ്പോള്‍ പെട്ടെന്ന് കണ്ടാല്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന ഫോണ്‍പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വെബ്സൈറ്റുകളാണ് തുറന്ന് വരിക. സ്ക്രാച്ച് കാര്‍ഡും അവിടെ കാണാന്‍ കഴിയും. 

ലോഡ് ആകുന്ന വെബ്സൈറ്റ് ഫോണ്‍പേയുടെ എംബ്ലം അടക്കം ഒറിജിനലിനെ വെല്ലുന്ന മികവില്‍ ആണ് കാണപ്പെടുക. വെബ്സൈറ്റില്‍ പ്രവേശിക്കുന്നതോടെ 'സെന്‍ഡ് മണി ടു യുവര്‍ ബാങ്ക്' ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശം വരും. ഇതിലൂടെ ബാങ്ക് അക്കൗണ്ടില്‍ സമ്മാനത്തുക എത്തും എന്ന് ആയിരിക്കും അറിയിപ്പ്. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ അടുത്ത ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ദ്ദേശം വരും. ഇതില്‍ 'ഡെബിറ്റ് ഫ്രം ദ് അക്കൗണ്ട്' എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. എന്നാല്‍ സമ്മാനത്തുക കിട്ടുമെന്ന വാഗ്ദാനം പകര്‍ന്നു നല്‍കുന്ന ആവേശത്തില്‍ ഇടപാടുകാര്‍ ഓപ്ഷനിലെ അപകടം തിരിച്ചറിയാതെ അത് ക്ലിക്ക് ചെയ്യുന്നതോടെ, സ്വന്തം അക്കൗണ്ടില്‍ നിന്നും ഇവര്‍ക്ക് പണം നഷ്ടപ്പെടും. 

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൊച്ചി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സൈബര്‍ പൊലീസ് പറയുന്നു. ഇവര്‍ സാമാന്യം ചെറിയ തുകകളാണ് തട്ടിയെടുക്കുന്നത്. അതുകൊണ്ട് തന്നെ പലരും പരാതി രജിസ്റ്റര്‍ ചെയ്യാറില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only