👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

ഒറ്റത്തവണ പ്ലാസ്റ്റിക്‌ സാമഗ്രികൾക്ക് അടുത്ത ജൂലായ് മുതൽ നിരോധനം
(VISION NEWS 14 ഓഗസ്റ്റ് 2021)
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്‌ സാമഗ്രികൾ നിരോധിച്ചുകൊണ്ട് പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനമിറക്കി. ‘പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് (ഭേദഗതി) ചട്ടം 2021’ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ 2022-ഓടെ നിരോധിക്കും. ഈ വിഭാഗത്തിൽപെടുന്ന പ്ലാസ്റ്റിക്‌ ഗുരുതര പരിസ്ഥിതിപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

*2022 ജൂലായ് ഒന്നുമുതൽ പോളിസ്റ്ററീൻ, എക്‌സ്പാൻഡഡ് പോളിസ്റ്ററീൻ അടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം, ഇറക്കുമതി, ശേഖരിച്ചുവെക്കൽ, വിതരണം, വിൽപ്പന എന്നിവ അനുവദിക്കില്ല.

*പ്ലാസ്റ്റിക്‌ തണ്ടോടുകൂടിയ ഇയർ ബഡ്‌സ്, ബലൂണുകളുടെ തണ്ടുകൾ, പ്ലാസ്റ്റിക്‌ കൊടികൾ, മിഠായിത്തണ്ടുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്റ്ററീൻ (തെർമോകോൾ).

*പ്ലാസ്റ്റിക്‌ പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കത്തി, സ്പൂൺ, ഫോർക്ക്, സ്‌ട്രോ, ട്രേകൾ, പൊതിയാൻ ഉപയോഗിക്കുന്ന ഫിലിമുകൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, 100 മൈക്രോണിൽ കുറവ് കട്ടിയുള്ള പ്ലാസ്റ്റിക്‌ അല്ലെങ്കിൽ പി.വി.സി. ബാനറുകൾ, ചരടുകൾ.

*2021 സെപ്റ്റംബർ 30 മുതൽ പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ കട്ടി 50 മൈക്രോണിൽനിന്ന് 75 മൈക്രോണാക്കി ഉയർത്തും. 2022 ഡിസംബർ 31 മുതൽ ഇവയുടെ കട്ടി 120 മൈക്രോൺ ആയിരിക്കണം. കട്ടി കൂടിയവയുടെ പുനരുപയോഗം അനുവദിക്കും.

*മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനം സംസ്ഥാനങ്ങളിൽ ശക്തിപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിശ്ചയിക്കാനും അവയുടെ ഉപയോഗം ഇല്ലാതാക്കാനും സംസ്ഥാനങ്ങൾ ദൗത്യസംഘം രൂപവത്കരിക്കണം. ദേശീയതലത്തിലും ദൗത്യസംഘം ഉണ്ടാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only