01 ഓഗസ്റ്റ് 2021

'ഹരിതം,സുന്ദരം,ഓമശ്ശേരി' അജൈവ മാലിന്യങ്ങൾ നാളെ ശേഖരിച്ച്‌ തുടങ്ങും.
(VISION NEWS 01 ഓഗസ്റ്റ് 2021)


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ തുടക്കം കുറിച്ച അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്‌ സംസ്കരിക്കുന്ന 'ഹരിതം,സുന്ദരം,ഓമശ്ശേരി'പദ്ധതിയുടെ ഭാഗമായി നാളെ (തിങ്കൾ)മുതൽ വാർഡുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച്‌ തുടങ്ങും.കൂടത്തായി ഒന്നാം വാർഡിൽ നിന്നാണ്‌ മാലിന്യ ശേഖരണം ആരംഭിക്കുന്നത്‌.രാവിലെ 9 മണിക്ക്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ ഉൽഘാടനം ചെയ്യും.തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിൽ നിന്നുള്ള മാലിന്യ ശേഖരണവും നടക്കും.

കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ഓമശ്ശേരി പഞ്ചായത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്‌.യൂസേഴ്സ്‌ ഫീസ്‌ ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും പഞ്ചായത്ത്‌ നിയമിച്ച ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്‌ ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും.വീടുകളിൽ നിന്ന് മാസം തോറും 50 രൂപയും കടകളിൽ നിന്ന് മാലിന്യത്തിന്റെ തോതനുസരിച്ചുമാണ്‌ യൂസേഴ്സ്‌ ഫീസ്‌ ഈടാക്കുന്നത്‌.ബയോ മെഡിക്കൽ,സാനിറ്ററി നാപ്കിൻ,ഡയപർ ഉൾപ്പടെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്‌.കുപ്പിച്ചില്ല്,ചെരുപ്പ്‌,ബാഗ്‌ തുടങ്ങിയവ ഉൾപ്പടെ ശേഖരിച്ച്‌ സംസ്കരിക്കും.വിവിധ വാർഡുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചാണ്‌ മാലിന്യം കളക്റ്റ്‌ ചെയ്യുന്നത്‌.ശേഖരിക്കുന്ന മാലിന്യം അതത്‌ ദിവസം തന്നെ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 38 വനിതാ ഹരിത കർമ്മ സേനാംഗങ്ങളാണ്‌ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്‌ സംസ്കരിക്കാൻ നേതൃത്വം നൽകുന്നത്‌.

പുത്തൂർ ഗവ:യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ യൂണിഫോം,തിരിച്ചറിയൽ കാർഡ്‌,സാനിറ്റൈസർ,മാസ്ക്‌,ഗ്ലൗസ്‌,മഴക്കോട്ട്‌ എന്നിവ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗം കെ.ആനന്ദകൃഷ്ണൻ,ഗ്രീൻ വേംസ്‌ സി.ഇ.ഒ.ജാബിർ കാരാട്ട്‌,പ്രൊജക്റ്റ്‌ അസോസിയേറ്റ്‌ കെ.പി.അബ്ദുൽ ബാസിത്ത്‌ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only