👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും
(VISION NEWS 25 ഓഗസ്റ്റ് 2021)

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് ‘വി ഭവൻ’ എന്ന പേരിലുള്ള ഇ-കൊമേഴ്‌സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

‘വി ഭവൻ’ ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം.

ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്‌പന്നങ്ങൾ കുറിയർ സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും. വി ഭവൻ ആപ്പ് ലോഗോ പ്രകാശനം ടി. നസിറുദ്ദീൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, അമോസ് ടാംടൺ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുൾ റസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only