23 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 23 ഓഗസ്റ്റ് 2021)
🔳ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആഹ്വാനം ചെയ്ത കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുദേവന്റെ 165-ാ0 പിറന്നാളാണ് ഇന്ന്. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍

🔳പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. 'ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നതെന്നും മന്ത്രി പറഞ്ഞു.

🔳മൂന്ന് വിമാനങ്ങളിലായി പൗരന്‍മാര്‍ ഉള്‍പ്പെടെ 400 പേരെ അഫ്ഗാനിസ്താനില്‍ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെതുടര്‍ന്നാണ് പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്.

🔳താലിബാന്‍ തടഞ്ഞു വച്ചത് സ്ഥിരീകരിച്ച് കാബൂളില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാര്‍. വിമാനത്താവളത്തിന് തൊട്ടു മുന്നില്‍ താലിബാന്‍ തങ്ങളെ തടഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. പത്തു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞു വച്ചിരുന്നു എന്നും ഇവര്‍ സ്ഥിരീകരിച്ചു. നാലു മണിക്കൂറിലധികം താലിബാന്‍ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. മറ്റൊരു വാതില്‍ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയാണ് 6 ബസുകള്‍ വഴിതിരിച്ചു വിട്ടത്.

🔳കാബൂളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരെ എത്തിക്കാന്‍ ഊര്‍ജിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളില്‍ ഉണ്ടെന്ന് കരുതുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പ്രശ്നം ഉണ്ട്. ഐ എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു

🔳കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

🔳ഓണാഘോഷങ്ങള്‍ക്കുശേഷം കോവിഡ് കേസുകള്‍ ഉയരുമെന്ന് മുന്നറിയിപ്പുനല്‍കി ആരോഗ്യവിദഗ്ധര്‍. ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതല്‍ 30,000 വരെയായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ഉയരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത.

🔳നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെ ഉച്ചക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയര്‍ ഇന്ത്യയുടെ മുംബൈയില്‍ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാര്‍ പരിഹരിച്ച് ഇന്ന് യാത്ര പുനരാരംഭിക്കും.

🔳കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആദ്യ കോണ്‍ക്രീറ്റ് റോഡ് ഒരുങ്ങുന്നു. ദേശിയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുക്കോല മുതല്‍ കാരോട് വരെയുള്ള 16.5 കി.മി. ദൂരത്തിലാണ് കോണ്‍ക്രീറ്റ് റോഡ് തയ്യാറാക്കുന്നത്. എല്‍ആന്റ്ടി കണ്‍സ്ട്രക്ഷന്‍സാണ് 2016 ല്‍ കരാര്‍ ഏറ്റെടുത്തത്. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് ദേശീയപാത വികസന അതോറിറ്റിയുടെ പ്രതീക്ഷ. ടാര്‍ റോഡുകള്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മെയിന്റനന്‍സ് വേണ്ടിവരുമെങ്കില്‍ കോണ്‍ക്രീറ്റ് റോഡിന് 25 വര്‍ഷത്തേക്ക് കാര്യമായ തകരാറുണ്ടാകില്ല.

🔳സംസ്ഥാനത്ത് ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വ്യാപാരം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയുമാണ് നടത്തിയത്.

🔳ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് മഴയും ഒഴിഞ്ഞു. കാലവര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് 27 ശതമാനം മഴ കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞവാരം രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ മഴ ശക്തമാക്കുമെന്നായിരുന്നു വിലയിരുത്തല്‍.

🔳പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നതിനിടെ സിദ്ദുവിന്റെ ഉപദേശകര്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ സിദ്ദു തന്റെ ഉപദേശകരോട് നിര്‍ദേശിക്കണമെന്നാണ് ക്യാപ്റ്റന്റെ ആവശ്യം. കശ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ മാലിയും ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്യാരേ ലാല്‍ ഗാര്‍ഗിയും കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയിരുന്നു.

🔳പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയെ കേന്ദ്ര ധനകാര്യ മന്ത്രാലയം വിളിപ്പിച്ചു. സിഇഒ സലീല്‍ പരേഖ് ഇന്ന് മന്ത്രാലയത്തില്‍ നേരിട്ടെത്തി ഹാജരാകണം. ഇന്‍കം ടാക്സ് വെബ്സൈറ്റിലെ സാങ്കേതിക തകരാറാണ് സലീല്‍ പരേഖിനെ വിളിച്ചുവരുത്താനുള്ള കാരണം. ഇന്‍കം ടാക്സ് വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത് ഇന്‍ഫോസിസായിരുന്നു.

🔳താലിബാനില്‍ ചേരാന്‍ ഏതുവിധേനയും അഫ്ഗാനിസ്താനില്‍ എത്തിച്ചേരണമെന്ന ലക്ഷ്യവുമായി ബംഗ്ലാദേശി പൗരന്‍മാര്‍ ഇന്ത്യവഴി നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. ധാക്ക പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ബി.എസ്.എഫ് സുരക്ഷ ശക്തമാക്കി. അതേസമയം എത്രപേരാണ് ഇതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന കൃത്യമായ വിവരം കൈവശമില്ലെന്നും ഷക്കിഫുള്‍ കൂട്ടിച്ചേര്‍ത്തു.

🔳ഇന്ത്യന്‍ പൗരന്മാര്‍ക്ക് വൈകാതെ തന്നെ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ടെത്താന്‍ അവസരമുണ്ടാകുമെന്ന് സൂചന. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകാനാണ് സാധ്യത. 

🔳ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.

🔳ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റര്‍ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റര്‍ ദൂരവുമായി സ്വീഡന്റെ ജൂനിയര്‍ യൂറോപ്യന്‍ ജേതാവ് മജ അസ്‌കാജ് സ്വര്‍ണം നേടി.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ പരിശീലനത്തിനായി ഹെഡിംഗ്ലെയിലെത്തി. ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാകുന്നത്. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. സതാംപ്ടണോട് ഒരു ഗോളിന് യുണൈറ്റഡ് തുല്യത പാലിക്കുകയായിരുന്നു. അതേസമയം വോള്‍വ്‌സിനെതിരെ ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 63,406 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243.

🔳രാജ്യത്ത് ഇന്നലെ 25,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 44,103 പേര്‍ രോഗമുക്തി നേടി. മരണം 385. ഇതോടെ ആകെ മരണം 4,34,784 ആയി. ഇതുവരെ 3,24,48,969 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.28 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,630 പേര്‍ക്കും കര്‍ണാടകയില്‍ 1,189 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,085 പേര്‍ക്കും ചണ്ഡീഗഡില്‍ 3004 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,45,163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 27,488 പേര്‍ക്കും ബ്രസീലില്‍ 14,404 പേര്‍ക്കും റഷ്യയില്‍ 20,564 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,253 പേര്‍ക്കും ഇറാനില്‍ 36,419 പേര്‍ക്കും മെക്സിക്കോയില്‍ 20,307 പേര്‍ക്കും ജപ്പാനില്‍ 25,492 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.25 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,151 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 186 പേരും ബ്രസീലില്‍ 284 പേരും റഷ്യയില്‍ 762 പേരും ഇറാനില്‍ 684 പേരും ഇന്‍ഡോനേഷ്യയില്‍ 1,030 പേരും മെക്സിക്കോയില്‍ 847 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.43 ലക്ഷം.

🔳ഓണവിപണി ലക്ഷ്യമിട്ട് വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് ലെനോവോ. കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട് ഉപകരണങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 11,089 രൂപയുടെ ലെനോവോ സേവനങ്ങള്‍ക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നല്‍കിയാല്‍ മതി. ഉത്പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തെ അധിക വാറന്റി,മൂന്ന് വര്‍ഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്‌സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് ഓഫര്‍.

🔳ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് ജിയോ നിര്‍മിക്കുന്ന ഈ സ്മാര്‍ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ആയിരിക്കും ഉണ്ടാവുക. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഫോണിന് 5.5 ഇഞ്ച് ഡിസ്‌പ്ലേ ആണുണ്ടാവുക. രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ടാവും. 4ജി വോള്‍ടി കണക്റ്റിവിറ്റിയും ഫോണിനുണ്ടാവും. ഫോണിന് 3499 രൂപയായിരിക്കും വില എന്നാണ് വിവരം. സെപ്റ്റംബര്‍ 10 മുതലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.

🔳മലയാള ഭാഷ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിന്‍ലാല്‍ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത് എന്ന് സംവിധായകന്‍ പറയുന്നു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണിക്കുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

🔳നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ചേര എന്നാണ് ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സിയാണ് ചിത്രം നിര്‍മിക്കുന്നത്. നജീം കോയയുടേതാണ് തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു.

🔳ടോക്കിയോ ഒളിമ്പിക്‌സിലെ ഗുസ്തി കളത്തില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങളാണ് രവി കുമാര്‍ ദഹിയയും ബജ്‌റംഗ് പുനിയയും. രാജ്യത്തിനായി വെള്ളി, വെങ്കലം മെഡലുകള്‍ സ്വന്തമാക്കിയ ഈ താരങ്ങളെ ഏറ്റവും മികച്ച സമ്മാനങ്ങള്‍ നല്‍കി ആദരിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ. കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച കൈഗര്‍ കോംപാക്ട് എസ്.യു.വിയാണ് ഇരു താരങ്ങള്‍ക്കും സമ്മാനിച്ചിരിക്കുന്നത്.

🔳നവീന ഭാരത കഥയ്ക്ക് മിത്തിന്റെ ജൈവസവിശേഷതകള്‍ ആവാഹിച്ചു നല്‍കി ചരിത്രപരതയെ അതിജീവിക്കുകയാണ് ഭാരതീപുരത്തിന്റെ സര്‍ഗ ലക്ഷ്യം. 'ഭാരതീപുരം'. യു ആര്‍ അനന്തമൂര്‍ത്തി. ഡിസി ബുക്സ്. വില 252 രൂപ.

🔳കൃത്രിമ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ ജീവിതശൈലി രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നമ്മുടെ ജീവിതശൈലി ഹൃദയത്തിന്റെ രക്തചംക്രമണ സംവിധാനത്തെ തകരാറിലാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യുന്നതോടെയാണ് ഹൃദ്രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. രക്തയോട്ടം നിലക്കുന്നതോടെ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ഹൃദയത്തിന്റെ മാംസപേശികള്‍ തകരാറിലാവുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് വേദന അനുഭവപ്പെടുകയും ഹൃദയഭാഗത്ത് കനത്ത ഭാരം അനുഭവപ്പെടുകയും ശ്വാസത്തില്‍ കിതപ്പ്, അമിതമായി വിയര്‍ക്കല്‍, ശ്വാസ തടസം എന്നിവ എന്നിവ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കൊഴുപ്പ് കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ധമനികളുടെ കാഠിന്യം വഷളാക്കുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൊഴുപ്പ് കൂടിയ ഭക്ഷണത്തില്‍ അനാരോഗ്യകരമായ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതുവഴി ധമനികളില്‍ കൂടുതല്‍ ഫാറ്റി ഫലകങ്ങള്‍ ഉണ്ടാകാമെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കുന്നു. കൂടുതല്‍ പോഷകഗുണമുള്ളതും സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ രണ്ട് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സസ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാഘാതം, മറ്റ് നിരവധി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. പഴങ്ങളും പച്ചക്കറികളും,ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങളും എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

*ശുഭദിനം*

എത്രയാണ് നിങ്ങളുടെ സ്വപ്നത്തിന്റെ ഭാരം? ഈ ചോദ്യം നമ്മോടാണെങ്കില്‍ എന്ത് ഉത്തരമാണ് നാം പറയുക? പക്ഷേ, ഈ ചോദ്യം മണിപ്പൂരുകാരി മീരയോടാണെങ്കില്‍ അവര്‍ കൃത്യമായി ഉത്തരം പറയും.. 202 കിലോ ഗ്രാം! ഇക്കഴിഞ്ഞ ടോകിയോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തിന്റെ ഇരുവിഭാഗങ്ങളിലുമായി മീര ഉയര്‍ത്തിയത് 202 കിലോ ഭാരമായിരുന്നു. അത് ഇന്ത്യയുടെ ഒളിപിക്‌സ് പ്രതീക്ഷയുടെ കൂടി ഭാരമായിരുന്നു. 5 വര്‍ഷം മുമ്പ് റിയോ ഒളിപിക്‌സില്‍ ക്ലീന്‍ ആന്റ് ജോര്‍ക്കില്‍ 3 ശ്രമങ്ങളിലും പരാജയപ്പെട്ട് DNF എന്ന മൂന്ന് അക്ഷരത്തിന്റെ അപമാന ഭാരവുമായി കണ്ണീരോടെ മടങ്ങേണ്ടി വന്നപ്പോഴും മീര തന്റെ തോളില്‍ ഈ സ്വപ്നം ചുമന്നുകൊണ്ടേയിരുന്നു. നീണ്ട 5 വര്‍ഷത്തിന് ശേഷം ഇത്രയും കാലം താന്‍ കണ്ട സ്വപ്നത്തിന്റെയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളുടേയും ഭാരം, ഇപ്പോള്‍ ലോകം കാണ്‍കെ, മീര ഇറക്കിവെച്ചെന്നേയുള്ളൂ.. സ്വപ്നങ്ങളിലേക്കുള്ള യാത്ര വളരെ മനോഹരമാണ്.. അതുപോലെ തന്നെ പ്രതീക്ഷാഭരിതവും. നമുക്കും മീരയെ പോലെ വലിയസ്വപ്നങ്ങള്‍ കാണാന്‍ ശീലിക്കാം.. ജീവിത്തിന്റെ മുഴുവന്‍ നിറങ്ങളുള്ള, ലോകത്തോളം വലുപ്പമുള്ള, ഭൂമിയോളം ഭാരമുള്ള വലിയ വലിയ സ്വപ്നങ്ങള്‍ - *ശുഭദിനം* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only