14 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 14 ഓഗസ്റ്റ് 2021)

🔳ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാമഗ്രികള്‍ നിരോധിച്ചുകൊണ്ട് പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനമിറക്കി. 'പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് (ഭേദഗതി) ചട്ടം 2021' പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ 2022-ഓടെ നിരോധിക്കും. ഈ വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക് ഗുരുതര പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

🔳വാക്‌സിനെടുത്തവരില്‍ 0.048 ശതമാനത്തിന് മാത്രമാണ് കോവിഡ് ബാധയുണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍. ഇതുവരെ നല്‍കിയ 53.14 കോടി വാക്‌സിന്‍ ഡോസുകളില്‍ ഏകദേശം 2.6 ലക്ഷം ആളുകള്‍ മാത്രമാണ് രോഗബാധിതരായത്. വാക്സിനേഷനു ശേഷം രോഗബാധയുണ്ടായവരില്‍ 1,71,511 പേര്‍ ഒരു ഡോസ് മാത്രം വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

🔳ആസ്ട്രസെനെക്ക, ഫൈസര്‍ വാക്‌സിനുകള്‍ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചരിപ്പിച്ച 300-ലധികം അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് നിരോധിച്ചു. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകള്‍ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ മിശ്രണം ചെയ്യുന്നത് തെറ്റായ നടപടിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാല. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്‌സിന്‍ നിര്‍മാതാക്കളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

🔳ചെലവ് ചുരുക്കാനും ഫണ്ട് ശേഖരണത്തിനുമുള്ള നടപടികളുമായി കോണ്‍ഗ്രസ്. സെക്രട്ടറിമാരോട് ട്രെയിനില്‍ യാത്ര ചെയ്യാനും സാധ്യമല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാനും ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളായ ജനറല്‍ സെക്രട്ടറിമാരോട് അവരുടെ വിമാന വിമാന യാത്രാ ആനുകൂല്യങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

🔳കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ഈ മാസം 16-നാണ് കേന്ദ്ര മന്ത്രി കേരളം സന്ദര്‍ശിക്കുക. അദ്ദേഹത്തോടൊപ്പം എന്‍.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.

🔳കണ്‍ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്സിനേറ്റ് ചെയ്യും.

🔳ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

🔳സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 5,35,074 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.

🔳പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ ചുരുക്കിയേക്കും. ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും എച്ച്. സലാമിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രിയുടെ നിയമസഭയില്‍ പറഞ്ഞു.

🔳ആലുവ- മൂന്നാര്‍ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. രാജപാത തുറന്നാല്‍ കോതമംഗലത്ത് നിന്നും മൂന്നാര്‍ വരെ 60 കിലോമീറ്റര്‍ മാത്രമാകും ദൂരം. ഇതോടെ ആലുവ- മൂന്നാര്‍ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ ഉണര്‍വേകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

🔳സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥര്‍ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് വാക്കിടോക്കികള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഏജന്റുമാരുമായുള്ള ആശയ വിനിമയത്തിനാണ് വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഒഴിവാക്കി വാക്കി ടോക്കികള്‍ ഉപയോഗിക്കുന്നതിലൂടെ തെളിവുകള്‍ കണ്ടെത്താനാവില്ല.

🔳ഡി.സി.സി. അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചര്‍ച്ച അന്തിമഘട്ടത്തിലേക്ക്. ഡല്‍ഹിയില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രിനടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ്, പി.ടി. തോമസ് എന്നിവര്‍ പങ്കെടുത്തു. ഇന്നത്തോടെ അന്തിമപട്ടിക തയ്യാറാക്കി അംഗീകാരത്തിനായി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

🔳തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുരീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ വാങ്ങാന്‍ വിതരണകേന്ദ്രത്തില്‍ എത്തേണ്ട എന്നതാണ് സുപ്രധാന മാറ്റം. പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ബൂത്തില്‍ചെന്നാല്‍ മതി. ഒരോ പ്രദേശത്തേക്കും നിയോഗിക്കുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ ഇ.വി.എം. ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങള്‍ പോളിങ് ബൂത്തില്‍ എത്തിക്കും. അവിടെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങണം. വോട്ടെടുപ്പിനു ശേഷം ഇതേ സെക്ടറല്‍ ഓഫീസര്‍ സ്റ്റേഷനിലെത്തി സാധനങ്ങള്‍ തിരിച്ചെടുത്ത് ഇവ സ്‌ട്രോങ് റൂമിലേക്കു മാറ്റുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു.

🔳മാറ്റത്തിന്റെ ട്രാക്കിലേക്ക് സഞ്ചരിച്ച് ഇന്ത്യന്‍ റെയില്‍വേ. അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ അടുത്തവര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചേക്കും. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിക്കാണ് അലുമിനിയം കോച്ചുകളുടെ നിര്‍മ്മാണത്തിന്റെയും മറ്റും ചുമതല. സൗത്ത് കൊറിയന്‍ കമ്പനിയായ ഡോയോണ്‍സിസുമായി 128 കോടിയുടെ കരാറിലാണ് എം.സി.എഫ് ഒപ്പിട്ടിരിക്കുന്നത്. സ്റ്റേന്‍ലെസ് സ്റ്റീല്‍ കോച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ വളരെ ഇന്ധനക്ഷമതയുള്ളതാണ്. 40 വര്‍ഷക്കാലത്തോളം ഈട് നില്‍ക്കുന്നതാണ് ഓരോ കോച്ചും.

🔳ജാതി സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തില്‍ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് ഓഗസ്ത് നാലിന് കത്തയച്ചെന്നും എന്നാല്‍ ഇതിന് പ്രതികരണം ലഭിച്ചില്ലെന്നുമുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മോദിക്കെതിരേ തേജസ്വി യാദവ് രംഗത്തെത്തിയത്.

🔳ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച യുവാവ് പിടിയില്‍. ബി.സി.എ ബിരുദധാരിയായ വിപുല്‍ സായ്‌നി (24) യെയാണ് ഉത്തര്‍പ്രദേശ് പോലീസ് ഷഹ്‌റാന്‍പുരിലെ നാക്കൂര്‍ നഗരത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മധ്യപ്രദേശിലെ അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഇത് ചെയ്തതെന്ന് കണ്ടെത്തി. മാലിക്കിന്റെ നിര്‍ദേശപ്രകാരം മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകളാണ് വിപുല്‍ നിര്‍മിച്ചത്.

🔳മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചലില്‍ ചെനാബ് നദിയുടെ ഒഴുക്ക് തടസപ്പെട്ടു. ഇന്നലെ രാവിലെ ലാഹുല്‍ സ്പിറ്റിയിലെ നാല്‍ഡ ഗ്രാമത്തിന് സമീപമുള്ള പര്‍വത താഴ്വാരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ചെനാബ് നദിയിലേക്ക് പതിക്കുകയായിരുന്നു. അതേസമയം നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലവില്‍ സമീപവാസികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

🔳ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സുരക്ഷാസേന തകര്‍ത്തു. 15 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.

🔳ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ലെന്നും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳അഫ്ഗാനിസ്ഥാനില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കി താലിബാന്‍. നിയന്ത്രണങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

🔳ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 364 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസിലുണ്ട്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 245 റണ്‍സ് കൂടി വേണം. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് 364-ല്‍ ഒതുക്കിയത്.

🔳ടോക്യോ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ ലവ്‌ലിന ബോര്‍ഗൊഹെയ്‌നെ പോലീസില്‍ ചേരാന്‍ ക്ഷണിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ഗുവാഹട്ടിയില്‍ ലവ്‌ലിനയെ അനുമോദിക്കാന്‍ ചേര്‍ന്ന പരിപാടിയിലാണ് മുഖ്യമന്ത്രി താരത്തോട് പോലീസില്‍ ചേരാനുള്ള അഭ്യര്‍ഥന നടത്തിയത്. പാരീസ് ഒളിമ്പിക്‌സ് വരെ അസം സര്‍ക്കാര്‍ ലവ്‌ലിനയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നും ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

🔳2012-ല്‍ അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് തീരുമാനം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കിയത്. ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ യങ് സെന്‍സേഷനായിരുന്ന ഉന്മുക്ത് ചന്ദിന് പക്ഷേ ആ മികവ് പിന്നീട് തുടരാനായില്ല.

🔳കേരളത്തില്‍ ഇന്നലെ 1,42,501 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498.

🔳രാജ്യത്ത് ഇന്നലെ 38,698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35,676 പേര്‍ രോഗമുക്തി നേടി. മരണം 474. ഇതോടെ ആകെ മരണം 4,30,759 ആയി. ഇതുവരെ 3,21,55,765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.81 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,686 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,933 പേര്‍ക്കും കര്‍ണാടകയില്‍ 1,669 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,746 പേര്‍ക്കും ഒറീസയില്‍ 1,193 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,89,258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,27,287 പേര്‍ക്കും ബ്രസീലില്‍ 33,933 പേര്‍ക്കും റഷ്യയില്‍ 22,277 പേര്‍ക്കും ഫ്രാന്‍സില്‍ 26,453 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,700 പേര്‍ക്കും തുര്‍ക്കിയില്‍ 21,372 പേര്‍ക്കും ഇറാനില്‍ 39,119 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 30,788 പേര്‍ക്കും മെക്സിക്കോയില്‍ 24,975 പേര്‍ക്കും മലേഷ്യയില്‍ 21,468 പേര്‍ക്കും തായലാന്‍ഡില്‍ 23,418 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.68 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.69 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,002 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 738 പേരും ബ്രസീലില്‍ 926 പേരും റഷ്യയില്‍ 815 പേരും ഇറാനില്‍ 527 പേരും ഇന്‍ഡോനേഷ്യയില്‍ 1,432 പേരും മെക്സിക്കോയില്‍ 608 പേരും സൗത്ത് ആഫ്രിക്കയില്‍ 384 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.57 ലക്ഷം.

🔳ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം മൂന്നു മാസത്തെ താഴ്ചയില്‍. ജൂലൈയില്‍ ഭക്ഷ്യ- ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞതാണ് സൂചികയ്ക്ക് ആശ്വാസമായത്. ജൂണില്‍ വ്യവസായിക ഉല്‍പ്പാദന സൂചികയും രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.6 ശതമാനമാണ്. ജൂണില്‍ ഇത് 6.3 ശതമാനമായിരുന്നു. നഗര മേഖലയിലാണ് പണപ്പെരുപ്പം കൂടുതല്‍. ജൂലൈയില്‍ നഗര മേഖലയിലെ പണപ്പെരുപ്പം 5.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.5 ശതമാനവുമാണ്.

🔳ഫെഡറല്‍ ബാങ്കിന് മാനേജ്മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍. ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ് രാജ്യാന്തര അംഗീകാരം നല്‍കിയത്. ഓപ്പറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിങ് സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്റെ മികവിനുള്ള സര്‍ട്ടിഫിക്കേഷനാണിത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബാങ്കിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.

🔳സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'റോയ്' ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'അരികിന്‍ അരികില്‍ അറിയാതെ...' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും സൂരജ് സന്തോഷും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയത് വിനായക് ശശികുമാര്‍ ആണ്. മുന്ന പി.എം ആണ് സംഗീതം. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് ത്രില്ലര്‍ മിസ്റ്ററി ഗണത്തില്‍ ഒരുങ്ങുന്ന സിനിമയാണ്.

🔳അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരിസ് റിലീസിന് ഒരുങ്ങുന്നു. 'ഇംപീച്ച്‌മെന്റ്: അമേരിക്കന്‍ ക്രൈം സ്റ്റോറി' എന്ന് പേരിട്ടിക്കുന്ന സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ ഏഴിന് ആദ്യത്തെ എപ്പിസോഡ് റിലീസ് ചെയ്യും. അമേരിക്കന്‍ പേ ചാനല്‍ ആയ എഫ്എക്‌സ് നെറ്റ് വര്‍ക്കിലൂടെയാകും സീരിസ് പ്രദര്‍ശിപ്പിക്കുന്നത്.

🔳ബംഗളൂരു ആസ്ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നു. സിമ്പിള്‍ വണ്‍ എന്ന ഈ സ്‌കൂട്ടര്‍ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങും. 1,947 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ് സിമ്പിള്‍ വണ്ണിന് പ്രതീക്ഷിക്കുന്ന വില.

🔳നര്‍മ്മത്തിന്റെ നനുത്ത രസബോധങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെയും ജീവിതതത്ത്വങ്ങളുടെയും അനുഭവക്കാതലുകള്‍. മനുഷ്യന്റെ ജീവസ്പന്ദനങ്ങളെ അടിവരയിട്ടെഴുതിയ നന്മയുടെ ആത്യന്തികപ്രസരണങ്ങള്‍. അപൂര്‍വ്വചാരുതയുള്ള എഴുത്ത്. 'ഓര്‍മകളുടെ ഓരത്ത്'. സംഗീത് മൈക്കിള്‍ സി. ഗ്രീന്‍ ബുക്സ്. വില 214 രൂപ.

🔳കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞതായി തോന്നുക, വയര്‍ എരിച്ചില്‍, വേദന...ഇങ്ങനെ ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങള്‍ നമ്മളില്‍ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത് ദഹനവ്യവസ്ഥയില്‍ നിന്നാണ്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുക. ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവയും കൃത്രിമ നിറങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദഹനവ്യവസ്ഥയ്ക്കും ഹൃദയത്തിനും ഹാനികരമായ ട്രാന്‍സ് ഫാറ്റ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക. ബേക്കറി ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബേക്കറി പലഹാരങ്ങള്‍ക്കു പകരം സ്നാക്കായി വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കാം. പഴങ്ങളും നട്സുകള്‍ കഴിക്കാവുന്നതാണ്. ഭക്ഷണം എപ്പോഴും ചവച്ചരച്ച് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കാരണം, നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ ദഹിക്കപ്പെടുന്നില്ല. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയര്‍ത്തുന്നില്ല. പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യുന്നു. പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ് അത്യാവശ്യമാണ്. ആപ്പിള്‍, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, തൈര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയില്‍ പ്രോബയോട്ടിക്സ് കാണപ്പെടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു യുവതി ഒരു ചോദ്യവുമായി ഗുരുവിന്റെ അടുത്തെത്തി. 'എന്നെ രണ്ടുപേര്‍ ഇഷ്ടപ്പെടുന്നു. ഇതില്‍ ഞാന്‍ ആരെ വിവാഹം കഴിക്കണം'. നീ ഇവരില്‍ ആരെയും വിവാഹം കഴിക്കേണ്ട- ഗുരുവിന്റെ മറുപടിയും പെട്ടന്നായിരുന്നു. അതെന്താണ് അങ്ങ് അങ്ങനെ പറഞ്ഞത്? യുവതി ചോദിച്ചു. ഗുരു പറഞ്ഞു: കാരണം നീ അവരെ രണ്ടുപേരെയും സ്‌നേഹിക്കുന്നില്ല. പുഞ്ചിരിയോടെയും അത്ഭുതത്തോടെയും യുവതി ചോദിച്ചു. അത് അങ്ങേക്ക് എങ്ങനെ മനസ്സിലായി. ഗുരു പറഞ്ഞു: നീ ആരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടായിരുന്നെങ്കില്‍ ഈ ചോദ്യം നീ എന്നോടു ചോദിക്കില്ലായിരുന്നു. നിന്റെ മനസ്സ് തന്നെ അതിന് ഉത്തരം നല്‍കിയേനെ. പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുസ്തകത്താളുകളിലുണ്ടാകും. സ്വയം തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ മനസ്സിലും. മനസ്സ് എവിടെ എന്ന ചോദ്യത്തിന് പല വിധ അഭിപ്രായങ്ങളുണ്ടാകും. പക്ഷേ, മനസ്സിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്കാണ് മനസ്സമാധാനം. മനസ്സ് പറഞ്ഞിട്ടും മാറി സഞ്ചരിക്കുന്ന ഒരാളും അയാള്‍ ആഗ്രഹിച്ച സ്ഥലത്ത് എത്തിച്ചേരുകയോ ഇഷ്ടമുള്ള രീതിയില്‍ ജീവിക്കുകയോ ഇല്ല. എല്ലാവരേയും സന്തോഷിപ്പിച്ച് അവരുടെയെല്ലാം വേണ്ടപ്പെട്ടവരായി ജീവിച്ചെങ്കിലും മനസ്സിന് സന്തോഷമുളളതൈാന്നും ചെയ്തില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം? മനസ്സിന്റെ സ്വരം കേള്‍ക്കാന്‍ ഒരാളെ പ്രാപ്തനാക്കുക എന്നതാണ് ഉപദേശകരുടെ പ്രഥമ ദൗത്യം. മനസ്സാക്ഷി സൂക്ഷിപ്പുകാരേക്കാള്‍ നമുക്കാവശ്യം മനസ്സറിയുന്നവരെയാണ്. പല സാധ്യതകളിലൂടെയും സഞ്ചരിച്ചശേഷം, പല ഉപദേശകരേയും കണ്ടുമുട്ടിയ ശേഷം, നാം കുറച്ച് നേരം ഒറ്റക്കിരിക്കണം. എന്നിട്ട് എന്തുചെയ്യണമെന്ന് മനസ്സിനോട് ചോദിച്ചാല്‍ മനസ്സ് ഉത്തരം നല്‍കും. മനസ്സിന്റെ ആ മറുപടി നമുക്ക് വഴികാട്ടിയാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only