👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 12 ഓഗസ്റ്റ് 2021)

🔳പുതിയ ലോകത്തിനൊപ്പം നീങ്ങാന്‍ ഇന്ത്യ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായ മേഖലയിലുണ്ടായ മുന്നേറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ടു കുതിക്കുകയാണെന്നും രാജ്യം വ്യവസായ സൗഹൃദമായി തുടരുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

🔳ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പത്ത് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

🔳കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്‍റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

🔳സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,24,29,007 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.41 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് രോഗികളുടെ എണ്ണം ദിനം തോറും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. കഴിഞ്ഞ ഒരാഴ്ചയിലധികമായി രണ്ടായിരത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. അതേസമയം ജില്ലയിലെ അറുപത് വയസിന് മുകളില്‍ പ്രായമുള്ള 93 ശതമാനം പേര്‍ക്കും ഇതിനോടകം വാക്സിന്‍ കൊടുത്തുകഴിഞ്ഞതായി ജില്ലാ വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ പറഞ്ഞു.

🔳മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നല്‍കിയെന്ന് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കോണ്‍സുലേറ്റ് ജീവനക്കാര്‍ കൂടാതെ രാഷ്ട്രീയക്കാരും ഡോളര്‍ കടത്തിയെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.

🔳നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരായ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഗൂഡാലോചന നടത്തുന്നു എന്ന വിചിത്ര ആരോപണം ഉയര്‍ത്തി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടിയാണ് ഉത്തരവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

🔳സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി15,000 രൂപ അഞ്ച് തുല്ല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ അനുവദിക്കും.

🔳കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. നേരത്തേ സാമ്പത്തികകോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. അര്‍ജുനുപിന്നില്‍ ഉന്നതരുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേരള ബാങ്കുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും സഹകരണ മന്ത്രി അറിയിച്ചു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. തട്ടിപ്പിനെകുറിച്ച് അന്വേഷിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.

🔳പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. നിക്ഷേപകരെ കബളിപ്പിച്ച രണ്ടായിരം കോടി രൂപയില്‍ ഒരുഭാഗം വിദേശരാജ്യങ്ങളിലേക്ക് എത്തിച്ചതായാണ് വിവരം.

🔳സ്വാതന്ത്ര്യവും, ജനാധിപത്യവും, മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയ സമൂഹത്തില്‍ 'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പിറകിലെ വര്‍ഗീയ അജണ്ട തിരിച്ചറിയണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. കലയിലെ സര്‍ഗാത്മകതയേയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുകയാണ് ചുരുക്കം ചില വര്‍ഗീയ വാദികളെന്നും കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഉള്ളടക്കം മനസ്സിലാക്കാതെ അടിസ്ഥാനരഹിതമായ, ജീര്‍ണ്ണമായ വിമര്‍ശനങ്ങളാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും പുരോഗമന സാഹിത്യകലാ സംഘം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

🔳കോഴിക്കോട് നഗരമധ്യത്തില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. ഒരു യുവതിയും ഏഴ് യുവാക്കളുമാണ് മാവൂര്‍ റോഡിലെ ലോഡ്ജില്‍നിന്നും അറസ്റ്റിലായത്. ഇവരില്‍നിന്നും അരക്കിലോ ഹാഷിഷും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

🔳അനാഥമന്ദിരങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലെന്നു ധനകാര്യവകുപ്പ്. പെന്‍ഷന്‍ നല്‍കാമെന്ന് 2016-ല്‍ സാമൂഹ്യനീതിവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുഭേദഗതി ചെയ്താണ് ധനവകുപ്പിന്റെ തീരുമാനം. സര്‍ക്കാര്‍ സഹായം കിട്ടുന്ന സ്ഥാപനങ്ങളില്‍ കഴിയുന്നവരുടെ സംരക്ഷണച്ചുമതല അതത് സ്ഥാപനങ്ങള്‍ക്കാണെന്നാണ് സര്‍ക്കാര്‍ വാദം.

🔳ബെംഗളൂരുവില്‍ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികള്‍ക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികള്‍ക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള 136 കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണീ കണക്കുകള്‍. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

🔳ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഗുണ്ടാസംഘങ്ങളില്‍നിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പോലീസ്. നാല് വര്‍ഷത്തിനിടെ 139 കുറ്റവാളികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും 43,294 പേര്‍ക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.

🔳അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴടക്കി താലിബാന്‍ മുന്നേറ്റം നടത്തുന്നതിനിടെ രാജ്യത്തെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവച്ച് രാജ്യംവിട്ടതായി വെളിപ്പെടുത്തല്‍. രാജ്യത്തെ കസ്റ്റംസ് പോയിന്റുകള്‍ താലിബാന്‍ പിടിച്ചെടുക്കുകയും നികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്തതിന് പിന്നാലെയാണിതെന്ന് അഫ്ഗാന്‍ ധന മന്ത്രാലയ വക്താവ് മുഹമ്മദ് റാഫി ടോബെ ബ്ലൂംബര്‍ഗിനോട് പറഞ്ഞു.

🔳അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന അഭ്യര്‍ഥനയുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍. താലിബാന്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികരളായ ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്ന പശ്ചാത്തലത്തിലാണ് റാഷിദ് ഖാന്റെ അഭ്യര്‍ഥന. ഞങ്ങളെ ഈ കലാപത്തില്‍ ഒറ്റപ്പെടുത്തരുതെന്നും ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു.

🔳താലിബാന്‍ 90 ദിവസത്തിനകം അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളില്‍ താലിബാന്‍ പിടിച്ചെടുക്കുമെന്നും അമേരിക്ക പറയുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

🔳ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമംഗമായ പിആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കും. രണ്ടു കോടി രൂപയ്‌ക്കൊപ്പം ശ്രീജേഷിന് ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കും. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം.

🔳ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ലോര്‍ഡ്സില്‍ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. ട്രെന്റ് ബ്രിഡ്ജില്‍ കൈയ്യകലെ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.

🔳പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് ഇരുടീമുകളുടേയും രണ്ട് പോയിന്റ് വീതം കുറച്ചു. ഇതിനോടൊപ്പം മാച്ച് ഫീയുടെ 40% ഇരുടീമുകളും പിഴയായി അടക്കണം.

🔳ട്വന്റി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി.

🔳ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ സന്ദര്‍ശിച്ച് ഇന്ത്യയുടെ അഭിമാനതാരം മീരാബായ് ചാനു. മണിപ്പൂര്‍ മുതല്‍ ടോക്യോ വരെയുള്ള നിങ്ങളുടെ പ്രചോദനാത്മകമായ യാത്രയെ കുറിച്ച് സംസാരിക്കാനായത് സന്തോഷിപ്പിക്കുന്നുവെന്നും ഇനിയും ഒരുപാട് ഇടങ്ങള്‍ എത്തിപ്പിടിക്കാനുണ്ടെന്നും കഠിനധ്വാനം തുടരൂവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

🔳മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന താരം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🔳ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ ചേര്‍ന്നശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് ലയണല്‍ മെസ്സി. ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താന്‍ എത്തിയിട്ടുള്ളതെന്ന് മെസ്സി വ്യക്തമാക്കി. ബാഴ്‌സലോണ വിട്ടതില്‍ സങ്കടമുണ്ടെന്നും പിഎസ്ജി തന്ന സ്വീകരണം ഏറെ സന്തോഷം നല്‍കുന്നുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

🔳കേരളത്തില്‍ ഇന്നലെ 1,62,130 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 56.52 ശതമാനം രോഗികളും കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562.

🔳രാജ്യത്ത് ഇന്നലെ 41,576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,125 പേര്‍ രോഗമുക്തി നേടി. മരണം 491. ഇതോടെ ആകെ മരണം 4,29,702 ആയി. ഇതുവരെ 3,20,76,976 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.82 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,964 പേര്‍ക്കും കര്‍ണാടകയില്‍ 1,826 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,869 പേര്‍ക്കും ഒറീസയില്‍ 1,078 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,58,173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,05,477 പേര്‍ക്കും ബ്രസീലില്‍ 35,788 പേര്‍ക്കും റഷ്യയില്‍ 21,571 പേര്‍ക്കും ഫ്രാന്‍സില്‍ 30,920 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,612 പേര്‍ക്കും തുര്‍ക്കിയില്‍ 27,356 പേര്‍ക്കും ഇറാനില്‍ 42,541 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 30,625 പേര്‍ക്കും മലേഷ്യയില്‍ 20,780 പേര്‍ക്കും തായലാന്‍ഡില്‍ 21,038 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.53 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.66 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,997 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 536 പേരും ബ്രസീലില്‍ 1,123 പേരും റഷ്യയില്‍ 799 പേരും ഇറാനില്‍ 536 പേരും ഇന്‍ഡോനേഷ്യയില്‍ 1,579 പേരും മെക്സിക്കോയില്‍ 541 പേരും സൗത്ത് ആഫ്രിക്കയില്‍ 573 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.36 ലക്ഷം.

🔳ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി. എഡ്ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് എന്‍ട്രി. ഭാവിയില്‍ വന്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്. എഡ്ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ട്രിക്ക് 50 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്. മാതൃഭാഷയില്‍ വിവിധ കോഴ്സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ പ്രത്യേകത. 2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും, തൃശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്.

🔳ഇന്ത്യയില്‍ സിറ്റിബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി എച്ച്ഡിഎഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, സിംഗപ്പൂര്‍ ആസ്ഥാനമായ ഡിബിഎസ് ബാങ്ക് എന്നിവ രംഗത്തെത്തി. ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയും ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ട്. 15000 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്നതാണ് സിറ്റിബാങ്കിന്റെ ഇന്ത്യന്‍ റീട്ടെയില്‍ ബാങ്കിങ് ബിസിനസ്. ബാങ്ക് ശാഖകള്‍ വഴിയും ക്രെഡിറ്റ് കാര്‍ഡ് വഴിയുമാണിത്.

🔳ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു ശക്തമായ കഥാപാത്രവുമായി 'നെട്രികണ്ണി'ലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടന്‍ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നു. ഇതിനിടെ നടന് സിനിമയില്‍ നിന്നും താരം ഇടവേള എടുത്തു. പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജ്മല്‍ അഭിനയിക്കുന്ന ചിത്രമാണ് നെട്രിക്കണ്‍. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അജ്മല്‍ എത്തുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം.

🔳പൂര്‍ണശ്രീ ഹരിദാസ് സംഗീത സംവിധാനം നിര്‍വഹിച്ച 'കാതം' മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ''വിണ്ണിലെ തുള്ളിയാം നേരുകള്‍'' എന്ന് തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹരിത ഹരിബാബു ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. കാസ്റ്റോര്‍ഡിയറി വീഡിയോ പ്രൊഡക്ഷന്‍സിന്റെ പ്രധാന ഛായാഗ്രാഹകരിലൊരാളായ യദുകൃഷ്ണന്‍ ആണ് ഈ ഹ്രസ്വ ദൃശ്യ സംഗീത വിരുന്നിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും പൂര്‍ണശ്രീ തന്നെയാണ്. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.

🔳2021 ജൂലൈ രണ്ടാം വാരമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ 'ബൊലേറോ നിയോ' പുറത്തിറക്കിയത്. 8.48 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ എത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പുറത്തിറങ്ങി മൂന്ന് ആഴ്ചകള്‍ക്കകം പുത്തന്‍ ബൊലേറോയെ തേടി 5,500-ല്‍ അധികം ബുക്കിംഗുകളാണ് എത്തിയിരിക്കുന്നത്. 5,500 ബുക്കിംഗുകള്‍ക്കൊപ്പം 30,000ത്തില്‍ അധികം എന്‍ക്വയറികളും നിയോ പതിപ്പിന് ലഭിച്ചു.

🔳ജപ്പാനിലെ രസകരമായ നാടോടി ബാലകഥകളുടെ സ്വതന്ത്ര്യ പുനരാഖ്യാനമാണ് കെ വി ആര്‍ കൊടക്കാടിന്റെ 'മാണിക്യക്കൊട്ടാരം'. അതീവ ഹൃദ്യമാണ് കഥ പറഞ്ഞു പോകുന്ന രീതി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 112 രൂപ.

🔳കോവിഡ് രോഗമുക്തരില്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ തുടരുന്ന ദീര്‍ഘകാല കോവിഡ് ആശങ്കപ്പെടുത്തുന്ന സംഗതിയാണെന്നും ഇത് മൂലം ബുദ്ധിമുട്ടുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന. നാലോ അതില്‍ കൂടുതലോ ആഴ്ചകള്‍ നീളുന്ന കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളെയാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) ദീര്‍ഘകാല കോവിഡ് എന്ന് വിളിക്കുന്നത്. ദീര്‍ഘകാല കോവിഡ് ബാധിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും 35 ആഴ്ചകളിലധികമെടുത്താണ് ശരിയായ രോഗമുക്തി നേടുന്നതെന്ന് ലാന്‍സെറ്റ് ജേണലായ ഇ ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ക്ഷീണം, ബ്രെയിന്‍ ഫോഗ് പോലുള്ള ധാരണാ സംബന്ധമായ പ്രശ്‌നങ്ങള്‍, വ്യായാമം പോലെ ശരീരം അനങ്ങി എന്തെങ്കിലും ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, ആര്‍ത്തവ താളംതെറ്റല്‍, ലൈംഗികശേഷി കുറവ്, ഹൃദയമിടിപ്പ് വര്‍ധിക്കല്‍, മറവി, മങ്ങിയ കാഴ്ച തുടങ്ങിയവയെല്ലാം ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് പൊതുവേ വരുന്ന ലക്ഷണങ്ങളാണ്. കോവിഡ് അണുബാധയ്ക്ക് ശേഷം ഒരു മാസമോ മൂന്ന് മാസമോ ആറു മാസമോ കഴിഞ്ഞും ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ തുടരാമെന്ന് ലോകാരോഗ്യ സംഘടനയിലെ ഹെല്‍ത്ത് കെയര്‍ റെഡിനസ് ടീം ലീഡ് ജാനറ്റ് ഡയസ് പറയുന്നു. എന്നാല്‍ ദീര്‍ഘകാല കോവിഡ് കുട്ടികളില്‍ വരാനുള്ള സാധ്യത വിരളമാണ്. കോവിഡ് വന്നതിന് നാലാഴ്ചകള്‍ക്ക് ശേഷം എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെന്ന് ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് ബാധിച്ച പല കുട്ടികളും ആറു ദിവസത്തിനുള്ളില്‍ രോഗവിമുക്തരാകുമെന്ന് യുകെയില്‍ നടന്ന ഈ പഠനം കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ശിഷ്യന്മാര്‍ക്കു നല്‍കാന്‍ കുറെ പഴങ്ങളുമായി ഗുരു എത്തി. അവ വിതരണം ചെയ്യാന്‍ ഏററവും മിടുക്കനായ ശിഷ്യനെ ഗുരു വിളിച്ചു. പഴക്കൂടവാങ്ങിയ ശേഷം ഇത് ആര്‍ക്കു കൊടുത്തു തുടങ്ങണമെന്ന് അവന്‍ ഗുരുവിനോട് ചോദിച്ചു. നിനക്ക് ഏറ്റവും വിശ്വാസമുള്ള ആള്‍ക്കു കൊടുക്കാം എന്നായിരുന്നു മറുപടി. അയാള്‍ ആ പഴം ആദ്യം ഗുരുവിന് നല്‍കും എന്ന് കരുതി ഓരോരുത്തരും കാത്തു നിന്നു. പക്ഷേ, ശിഷ്യന്‍ ഒരു പഴമെടുത്ത് സ്വയം കഴിച്ചു. മറ്റ് ശിഷ്യര്‍ അമ്പരന്നു. നീ എന്താണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: എനിക്ക് ഈ ലോകത്തില്‍ ഏറ്റവും വിശ്വാസം എന്നെതന്നെയാണ് എന്ന്, ഇത് കേട്ട് ഗുരു സംതൃപ്തിയോടെ പുഞ്ചിരിച്ചു. ഈ ലോകം മുഴുവന്‍ വിശ്വസിച്ചാലും സ്വയം വിശ്വസിച്ചില്ലെങ്കില്‍ പിന്നെ ഒരിഞ്ചുപോലും വളരില്ല. അതുപോലെ ഈ ലോകം മുഴുവന്‍ അവിശ്വസിച്ചാലും സ്വയം വിശ്വാസമുണ്ടെങ്കില്‍ ഒരിക്കലും തളരുകയുമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളിലും അവര്‍ നല്‍കുന്ന അംഗീകാരങ്ങളിലും വിശ്വസിച്ച് ജീവിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുകയാണ് ചെയ്യുന്നത്. സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്തവരാണ്, ആവശ്യങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കുക. അതുപോലെ തന്നെ തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം മറ്റാരെയെങ്കിലും ഏല്‍പ്പിച്ചുവിശ്രമിക്കുകയും ചെയ്യും. അഭിനന്ദനവാക്കുകളില്‍ ആവേശം കൊള്ളുകയും, വിമര്‍ശനങ്ങളില്‍ തളര്‍ന്നുപോവുകയും ചെയ്യും. അവനനവനെക്കാള്‍ കൂടുതല്‍ അപരനെ വിശ്വസിക്കുന്നര്‍ അപകര്‍ഷതാബോധത്തിന്റെ അടിമകളായി മാറും. താല്‍ക്കാലിക സുഹൃത്തുക്കളും വഴികാട്ടികളും ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. സ്വന്തം ജീവിതത്തിന്റെ ഡ്രൈവിങ്ങ് സീററിലിരുന്നാണ് ഓരോരുത്തരും യാത്രചെയ്യേണ്ടത്. പിന്‍സീറ്റിലേക്ക് മാറിയിരുന്നാല്‍, മറ്റാരെങ്കിലും ആ വണ്ടിയോടിച്ച് അവര്‍ക്കിഷ്ടമുള്ളിടത്തേക്ക് കൊണ്ടുപോകും. നമുക്കാദ്യം നമ്മെ തന്നെ വിശ്വസിക്കാന്‍ ശീലിക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only