👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 ഓഗസ്റ്റ് 2021

ഓണസദ്യ എളുപ്പത്തിൽ തയ്യാറാക്കാനുള്ള രുചിക്കൂട്ടുകളിതാ
(VISION NEWS 19 ഓഗസ്റ്റ് 2021)




ഓണക്കാലമെന്നാൽ പൂക്കളും കളികളും ഓണക്കോടിയും മാത്രമല്ല ​ഗംഭീര സദ്യകൂടി ചേരുമ്പോഴാണ് ഓണം ഓണമാകുന്നത്.ഉപ്പിത്തിരി കൂടിയെങ്കിലും പുളി തീരെ കുറഞ്ഞതുകൊണ്ട് പായസത്തിന്റെ കയ്പറിഞ്ഞില്ല എന്നു പറയുന്ന വിരുതൻമാരുമുണ്ട്. എന്നാൽ അൽപ്പമൊന്ന് പ്ലാൻ ചെയ്താൽ സദ്യയുടെ ഏറ്റവും അവശ്യമായ കറികൾ അതിവേഗം ഒരുക്കാം. ഇതാ ഓണസദ്യക്ക് വേണ്ട വിഭവങ്ങളുടെ രുചിക്കൂട്ടുകൾ ഒരുമിച്ച് കാണാം

പച്ചടി 

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തിൽ അറിഞ്ഞ് വെളിച്ചെണ്ണയിൽ നന്നായി വറുത്തു കോരുക. വറ്റൽമുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയിൽ കടുക് വറക്കുക. 

തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേർത്ത അരപ്പും ചേർത്തു ചെറുതായി തിളവരുമ്പോൾ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേർക്കുക.തൈര് ചേർത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേർത്ത ശേഷം തിളക്കരുത്. 

ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കിൽ ബീട്രൂടും പച്ചമുളകും വെള്ളം ചേർത്തു വേവിച്ച ശേഷം മുകളിൽ പറഞ്ഞ അതേ രീതിയിൽ അരപ്പും തൈരും ചേർത്ത് കടുക് താളിച്ച് വാങ്ങുക.

കിച്ചടി

മധുരം ഉള്ള കറിയാണിത്. മാമ്പഴം, മുന്തിരിങ്ങ ഇവയിൽ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. പകുതി വേവാകുമ്പോൾ ഇതിലേക്ക് അലപം ശർക്കര ചേർക്കുക. 

തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേർക്കുക. ആവശ്യത്തിനു ഉപ്പും ചേർക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കടുക് പൊട്ടിച്ചു കരിയിൽ ചേർത്ത് വാങ്ങാം. 

ഓലൻ

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങൾ ആക്കി എടുക്കുക. ഒരു പിടി വൻപയർ (ചുമന്ന പയർ) തലേദിവസം വെള്ളത്തിലിട്ടു കുതിർത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിക്കുക. 
ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാൽ ഓലൻ ആയി. ചിലയിടങ്ങളിൽ ഓലനിൽ തേങ്ങാപ്പാൽ ചേർത്തും ഉണ്ടാക്കാറുണ്ട്. 

കാളൻ

നേന്ത്രപ്പഴം കൊണ്ടും നേന്ത്രക്കായും ചേനയും ചേർത്തും കഷണങ്ങൾ ഒന്നും ഇല്ലാതെയും കാളൻ ഉണ്ടാക്കാം. പച്ചമുളക് കഴുകി നെടുകെ പിളർന്ന് കൽച്ചട്ടിയിലിട്ട് മഞ്ഞൾപ്പൊടിയും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക. 
വെള്ളം വറ്റാറാകുമ്പോൾ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോൾ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളൻ വേണ്ടത്ര കുറുകിക്കഴിഞ്ഞാൽ തേങ്ങയും ജീരകവും കൂടി മിനുസമായി അരച്ചതു ചേർക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടൻ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവാപ്പൊടി തൂകി ഇളക്കിവക്കുക. അൽപംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കി വാങ്ങാം. 

തോരൻ

പയർ, കാബേജ്, ബീൻസ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും തോരന് മുഖ്യ ചേരുവയാകാം.

പയർ തോരൻ പച്ച പയർ ചെറുതായി അരിയുക. ചീനച്ചട്ടിയിൽ ഒരു സ്പൂൺ അരി ഇട്ടു മൂക്കുമ്പോൾ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടർന്ന് പയർ ഇട്ട് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോർന്നു കഴിയുമ്പോൾ തേങ്ങയും പച്ചമുളകും ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേർത്ത് ചതച്ചെടുത്ത മിശ്രിതം ചേർത്തിളക്കി തോർത്തി എടുക്കുക. 

എരിശ്ശേരി

ആദ്യം വൻപയർ വേവാൻ വയ്ക്കുക. കുക്കറിൽ വേവിക്കുന്നതാണ് എളുപ്പം. മുക്കാൽ വേവാകുമ്പോൾ മത്തങ്ങയും മുളക്‌പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയും ചേർക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാൽ അളവിൽ പറഞ്ഞിരിക്കുന്ന തേങ്ങയിൽ നിന്നും കാൽ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേർക്കുക. 

ചേരുവകൾ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയിൽ വറ്റൽമുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേർത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാൽ വാങ്ങി വൻപയർ മത്തങ്ങാ കൂട്ടിൽ ചേർത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാർ. 

അവിയൽ

അവിയലിൽ സാധാരണയായി ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് പ്രധാനമായും അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികൾ. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ തൈരോ ആണ് ഉപയോഗിക്കുന്നത്.

തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. മുക്കാൽ ഭാഗം വെന്ത കഷ്ണങ്ങളിൽ പുളി പിഴിഞ്ഞത് (തൈര്) ഒഴിക്കുക. ഉപ്പ് പാകത്തിന് ആയോ എന്നുനോക്കിയ ശേഷം അരപ്പ് ചേർക്കുക. 
അവിയൽ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണ താളിച്ച് കറിവേപ്പില വിതറി അടച്ചു വയ്ക്കുക. 

മാങ്ങാ അച്ചാർ

ആദ്യമായി മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക. നല്ലെണ്ണയിൽ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോൾ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടി ചേർക്കുക. പിന്നീട് മാങ്ങാ ചേർത്തിളക്കി ആവശ്യമെങ്കിൽ അല്പം ഉപ്പും ചേർത്ത് വാങ്ങാം. 

നാരങ്ങാ അച്ചാർ

നല്ലെണ്ണയിൽ നാരങ്ങ വാഴറ്റി എടുക്കുക. വറ്റൽമുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ചു അതിൽ മുളകുപൊടി, കായം, ഉലുവാപ്പൊടി എന്നിവ ചേർത്തിളക്കി ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേർക്കുക. നാരങ്ങ കറി തയ്യാർ. 

ഇഞ്ചിക്കറി

ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തുപൊടിച്ചു വയ്ക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണയിൽ വറ്റൽമുളക്, കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളകും മുളകുപൊടിയും ചേർത്ത് വഴറ്റുക. 
വെള്ളത്തിൽ പുളി പിഴിഞ്ഞ് ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. പൊടിച്ചു വച്ച ഇഞ്ചി ചേർക്കുക. ഒരു സ്പൂൺ പഞ്ചസാര അല്ലെങ്കിൽ 50 ഗ്രാം ശർക്കര ചേർത്ത് വാങ്ങുക. (ശർക്കരയാണ് ചേർക്കുന്നതെങ്കിൽ ഉരുക്കി അരിച്ചു വേണം ചേർക്കാൻ). 

പരിപ്പ്
 
ആദ്യം ചെറുപയർ പരിപ്പ് ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക. പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്തു നന്നായി വേവിക്കുക. വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടയ്ക്കുക. 
തേങ്ങ ജീരകവും വെളുത്തുള്ളിയും ചേർത്തു നന്നായി അരച്ച് അതിനോടൊപ്പം പച്ചമുളക് ചതച്ച് ചേർത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക. ചെറുതായി തിള വരുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു ഇളക്കി വാങ്ങുക. 

സാമ്പാർ

പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാർ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുത്തത്. ചിലയിടങ്ങളിൽ വറുത്ത തേങ്ങ അരച്ചതും ചേർക്കാറുണ്ട്) പുളി വെള്ളവും ചേർത്തു നന്നായി വേവിച്ചെടുക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുകും വറ്റൽ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയിൽ ചേർക്കുക. 

പച്ചമോര്

നല്ലതു പോലെ പുളിച്ച തൈര് കട്ടയില്ലാതെ ഉടച്ചെടുക്കുക. അര ലിറ്റർ തൈരിന് അര ലിറ്റർ വെള്ളം എന്ന അളവിൽ പച്ചവെള്ളം ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഏഴ് പച്ചമുളക്, അഞ്ച് ചെറിയ ഉള്ളി, ഒരു വലിയ കഷണം ഇഞ്ചി എന്നിവ ചതച്ചു ചേർക്കുക. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില കൈകൊണ്ട് തിരുമ്മി ഇടുക. 

രസം

ഒരു ചെറുനെല്ലിക്കാ വലുപ്പത്തിൽ പുളി വെള്ളത്തിലിട്ട് 15 മിനിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം മാറ്റി വയ്ക്കുക. ചെറിയ മൺ ചട്ടി ചൂടാകുമ്പോൾ രണ്ടു സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. 

എണ്ണ ചൂടാകുമ്പോൾ കടുക്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം 2 ഉള്ളി, വെളുത്തുള്ളി, കുരുമുളക് ഇവ നന്നായി ചതച്ചെടുക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന കൂട്ട് ഇതിലേക്കിട്ട് പച്ചമണം മാറുന്നതു വരെ വഴറ്റുക. 
ഇനി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കിട്ട് വഴറ്റുക. തക്കാളി നന്നായി വഴറ്റിക്കഴിയുമ്പോൾ മഞ്ഞൾ പൊടി, മുളകു പൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ചേർക്കാം. 
ഇനി ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് വഴറ്റണം. അതിലേക്ക് അര ലിറ്റർ വെള്ളവും ചേർത്ത് മൂടിവയ്ക്കാം. തിള വന്നു കഴിഞ്ഞാൽ വാങ്ങാം. 

പരിപ്പ് പ്രഥമൻ

ചേരുവകൾ ചെറുപയർ പരിപ്പ് -250 ഗ്രാം ശർക്കര -500 ഗ്രാം നെയ്യ് -100 ഗ്രാം അണ്ടിപ്പരിപ്പ് -50 ഗ്രാം കിസ്മിസ് -25 ഗ്രാം ഏലക്കാപ്പൊടി -5 ഗ്രാം ചുക്കുപൊടി -5 ഗ്രാം തേങ്ങ -2 ഉണങ്ങിയ തേങ്ങ -1
തയ്യാറാക്കുന്ന വിധം പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറിൽ വേവിക്കുന്നതാണ് എളുപ്പം. ഇതിലേക്ക് ശർക്കര ഉരുക്കിയരിച്ചത് ചേർത്തു വെള്ളം നന്നായി വറ്റുമ്പോൾ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാൽ മാറ്റി വയ്ക്കുക.
6 കപ്പ് വെള്ളത്തിൽ രണ്ടാം പാൽ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേർത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോൾ ഒന്നാം പാൽ ചേർത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേർത്തു നന്നായി ചൂടാക്കി വാങ്ങുക. 
ചെരുതായി അരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യിൽ വറുത്തു ചേർക്കുക. പരിപ്പ് പ്രഥമൻ തയ്യാർ.

പാൽ പായസം

പുഴുകലരി 1 കപ്പ്‌ പാൽ 4 കപ്പ്‌ വെള്ളം 3 കപ്പ്‌ പഞ്ചസാര 1 കപ്പ്‌ 
അരി നന്നായി കഴുകി വേവിക്കുക പാതി വേവിനു 2 കപ്പു പാലു ചേർത്തു വേവിക്കുക നന്നായി വെന്താൽ അതിൽ ബാക്കി പാലു ഒഴിച്‌ വേവിക്കുക പഞ്ചസാര ചേർക്കുക. നെയ്യിൽ കദലിപഴ്ം വഴയ്റ്റി ചേർകുക അൽപം ഏലക്ക ചേർക്കുക രുചി കരമായ പായസം തയ്യാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only