👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 16 ഓഗസ്റ്റ് 2021)

🔳അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് താലിബാന്‍. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക താലിബാന്‍ നീക്കം ചെയ്തു, പകരം താലിബാന്റെ കൊടി നാട്ടി. കാബൂള്‍ കൊട്ടാരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അറബ് മാധ്യമമായ അല്‍ ജസീറ പുറത്ത് വിട്ടു. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും എന്നാണ് താലിബാന്റെ പ്രഖ്യാപനം.

🔳രാജ്യത്തെ സഹകരണബാങ്കുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി, ദേശീയതലത്തില്‍ 'അപ്പെക്‌സ് ബോഡി' രൂപവത്കരിച്ചു. നബാര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സാമ്പത്തികസഹായം ഇതുവഴിയാക്കാനാണ് ആലോചന. നിലവില്‍ കേരളബാങ്ക് വഴി കാര്‍ഷിക വായ്പയ്ക്കായി ലഭിക്കുന്ന റീഫിനാന്‍സ് ഉള്‍പ്പെടെ ഇതിലേക്കു മാറും. ഫലത്തില്‍ ഫിനാന്‍സ് കമ്പനി സഹകരണബാങ്കുകളുടെ 'കേന്ദ്രബാങ്ക്' ആയി മാറും.

🔳സംസ്ഥാനത്ത് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കമ്പനികളില്‍നിന്ന് വാക്സിന്‍ സംഭരിച്ച വകയില്‍ 29.29 കോടി രൂപ ചെലവഴിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.

🔳സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. ഓഗസ്റ്റ് ഒമ്പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു.

🔳എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിന്റെ സല്‍ബുദ്ധി സ്വാഗതാര്‍ഹമാണെങ്കിലും ഇത്രയും കാലം ചെയ്തത് തെറ്റാണെന്ന് ഏറ്റുപറയാനുള്ള നട്ടെല്ലുണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷക്ഷന്‍ കെ.സുധാകരന്‍. കെ.പി.സി.സി ആസ്ഥാനത്ത് സ്വതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.

🔳കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പരസ്യമായി ഉന്നയിച്ച മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെ നേരില്‍ കണ്ട് കെപി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ചര്‍ച്ചകള്‍ നടത്താത്തതിലെ എതിര്‍പ്പ് സുധീരന്‍ കെ സുധാകരനെ അറിയിച്ചു.എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകരന്‍ വി എം സുധീരനെ അറിയിച്ചു.

🔳അരൂര്‍-ചേര്‍ത്തല ദേശീയപാത വിവാദത്തില്‍ എ എം ആരിഫ് എംപിയെ പൂര്‍ണ്ണമായി തള്ളി സിപിഎം നേതൃത്വം. പാര്‍ട്ടിയോട് ആലോചിക്കാതെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് അനൗചിത്യമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം എന്ന ആവശ്യവുമായി പരസ്യമായി ഇറങ്ങിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങിയ ശേഷമാണെന്നായിരുന്നു ആരിഫ് പറഞ്ഞത്. എന്നാല്‍ ഇതേക്കുറിച്ച് നേതൃത്വത്തിന് ഒന്നും അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.

🔳നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ അനാഥാലയത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് കോവിഡ്. രോഗം പിടിപെട്ട ജീവനക്കാര്‍ വീടുകളിലേക്ക് പോയതോടെ ഭക്ഷണം പാകം ചെയ്യാന്‍പോലും ആളില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റി ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു.

🔳ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

🔳സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മര്‍ദ്ദിച്ചതിനുമാണ് കേസ്. സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയനായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് ഇന്നലെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

🔳പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകളും വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയുമായ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്.

🔳സംസ്ഥാനത്തെങ്ങും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്ന് മേഘാലയ ആഭ്യന്തരമന്ത്രി ലഖ്മന്‍ റിംബുയി രാജിവച്ചു. ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. വിമത നേതാവ് ആയിരുന്ന ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ മരണത്തെ തുടര്‍ന്നാണ് മേഘാലയയില്‍ സംഘര്‍ഷമുണ്ടായത്.

🔳ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ മാതൃകാ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് യോഗി ഇക്കാര്യം അവകാശപ്പെട്ടത്. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളൊന്നും
റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ആശങ്കയിലായി ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്‍മാര്‍. സ്വന്തം രാജ്യത്തേക്കുള്ള മടങ്ങിപ്പോക്ക് അടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സുരക്ഷയില്‍ ഭീതിയുണ്ടെന്നും അവര്‍ പറഞ്ഞു.

🔳താലിബാന്‍ അഫ്ഗാനിസ്താന്‍ തലസ്ഥാനം പിടിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതോടെ ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടതായി അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അതിനിടെ, താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗാനി ബര്‍ദാര്‍ ദോഹയില്‍നിന്ന് കാബൂളിലേക്ക് തിരിച്ചതായി താലിബാന്‍ വക്താവ് വ്യക്തമാക്കി. അധികാര കൈമാറ്റം നടക്കുന്നതോടെ ബര്‍ദാര്‍ അഫ്ഗാന്‍ പ്രസിഡന്റാകുമെന്നും റിപ്പോര്‍ട്ടുകള്‍.

🔳അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം പ്രതികരണവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി. ''താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചോര്‍ത്ത് അഗാധമായ ആശങ്കയുണ്ട്. വെടിനിര്‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും ഉടന്‍ സഹായം ലഭ്യമാക്കണം- മലാല പറഞ്ഞു.

🔳ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 154 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. വെളിച്ചക്കുറവ് കാരണം നാലാംദിനം നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത്, ഇശാന്ത് ശര്‍മ എന്നിവരാണ് ക്രീസില്‍. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരുദിനം കൂടി ശേഷിക്കെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.

🔳ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ഞായറാഴ്ച അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് ഇക്കാര്യം അറിയിച്ചത്. ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചിമജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ കഴിഞ്ഞ കുറേ നാളുകളായി അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു. 1974-ല്‍ പശ്ചിമ ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ്. ലോക ഫുട്‌ബോളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡിന് ഉടമയായിരുന്നു.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം. ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു.

🔳ലാ ലിഗയില്‍ നിലവിലെ ചാംപ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി. സെല്‍റ്റാ വിഗോയ്‌ക്കെതിരെ സീസണിലെ ആദ്യ ലാ ലിഗ മത്സരത്തിനിറങ്ങിയ അത്‌ലറ്റികോ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 1,22,970 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419.

🔳രാജ്യത്ത് ഇന്നലെ 33,212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35,497 പേര്‍ രോഗമുക്തി നേടി. മരണം 421. ഇതോടെ ആകെ മരണം 4,31,674 ആയി. ഇതുവരെ 3,22,25,175 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.76 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,896 പേര്‍ക്കും കര്‍ണാടകയില്‍ 1,431 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,506 പേര്‍ക്കും ഒറീസയില്‍ 1,058 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,67,191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 30,833 പേര്‍ക്കും ബ്രസീലില്‍ 13,957 പേര്‍ക്കും റഷ്യയില്‍ 21,624 പേര്‍ക്കും ഫ്രാന്‍സില്‍ 21,172 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,750 പേര്‍ക്കും ഇറാനില്‍ 36,736 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,813 പേര്‍ക്കും മെക്സിക്കോയില്‍ 23,642 പേര്‍ക്കും മലേഷ്യയില്‍ 20,546 പേര്‍ക്കും ജപ്പാനില്‍ 20,147 പേര്‍ക്കും തായലാന്‍ഡില്‍ 21,882 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.79 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.71 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8062 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 122 പേരും ബ്രസീലില്‍ 385 പേരും റഷ്യയില്‍ 816 പേരും ഇറാനില്‍ 620 പേരും ഇന്‍ഡോനേഷ്യയില്‍ 1,222 പേരും മെക്സിക്കോയില്‍ 753 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.74 ലക്ഷം.

🔳ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എച്ച്ഡിഎഫ്സി ലൈഫ്, സരള്‍ പെന്‍ഷന്‍ എന്ന പേരില്‍ പുതിയ ഉല്‍പന്നം പുറത്തിറക്കി. ഒരൊറ്റ പ്രീമിയം മാത്രമുള്ള നോണ്‍-ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് പോളിസി, വാങ്ങുന്നതു മുതല്‍ ജീവിതകാലം മുഴുവന്‍ ഉറപ്പായ ആനുവിറ്റി നല്‍കുന്നു. സ്റ്റാന്‍ഡേഡ്, വ്യക്തിഗത, ഇമ്മീഡിയറ്റ് ആനുവിറ്റി ഉല്‍പന്നമാണെന്നു കമ്പനി അറിയിച്ചു.

🔳എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പുതിയ എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു. ഓപ്പണ്‍-എന്‍ഡഡ് ഡൈനാമിക്ക് അസറ്റ് അലോക്കേഷന്‍ ഫണ്ടാണിത്. അസ്ഥിരമായ ഓഹരി വിപണിയില്‍ ഉയര്‍ച്ച ഉണ്ടാകുമ്പോള്‍ നേട്ടമുണ്ടാക്കുകയും ഇടിവില്‍ നഷ്ടം പരിമിതപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ള ഫണ്ട് ദീര്‍ഘകാല മൂലധന വിലമതിപ്പ് ലക്ഷ്യമിടുന്നു. ക്രിസില്‍ ഹൈബ്രിഡ് 50+50 മോഡറേറ്റ് ടിആര്‍ഐ സൂചിക ട്രാക്ക് ചെയ്യുന്നു. പുതിയ ഫണ്ട് ഓഫര്‍ 25ന് ക്ലോസ് ചെയ്യും.

🔳ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ്‌നസ്' റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ളയിംഗ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥ. അനില്‍ കാരക്കുളവും അഡ്വ. എം.കെ റോയിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍, ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ. എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവര്‍ അഭിനയിക്കുന്നു.

🔳സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ്‌സ്' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. വാമ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അമന്‍ റിസ്വാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളും അതിന്റെ കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി, സംവിധായകന്‍ സാക്കിര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

🔳മിഡില്‍ വെയ്റ്റ് ക്രൂയിസര്‍ ബൈക്ക് മോഡലായ വള്‍ക്കന്‍ എസിനെ ചെറിയ പരിഷ്‌കാരത്തോടെ പുതിയ നിറത്തില്‍ വിപണിയിലെത്തിച്ച് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കാവസാക്കി. 6.10 ലക്ഷം ആണ് 2022 കാവസാക്കി വള്‍ക്കന്‍ എസ്സിന്റെ എക്‌സ്-ഷോറൂം വില. മെറ്റാലിക് മാറ്റ് ഗ്രാഫെന്‍സ്റ്റീല്‍ ഗ്രേയ് നിറമാണ് 2022 വള്‍ക്കന്‍ എസ് എന്ന് കാവസാക്കി വിളിക്കുന്ന പുത്തന്‍ മോഡലിന്റെ ആകര്‍ഷണം. പുത്തന്‍ നിറം അവതരിപ്പിച്ചതോടെ ഇതുവരെ ലഭ്യമായിരുന്ന മെറ്റാലിക് ഫ്ലാറ്റ് റോ ഗ്രേയ്‌സ്റ്റോണ്‍ നിറം കാവസാക്കി പിന്‍വലിച്ചു എന്നാണ് റിപ്പോര്‍ട്ട്. സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പുതിയ നിറം.

🔳മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ ദൃശ്യം അപൂര്‍വ്വമായ ദര്‍ശനസൗഭാഗ്യമാണ്. 1973-ല്‍ സെന്‍ വിദ്യാര്‍ത്ഥിയും പരിസ്ഥിതിപ്രേമിയുമായ പീറ്റര്‍ മാത്തിസന്‍ മഞ്ഞുപുലിയെ ഒരുനോക്കു കാണുവാനായി നേപ്പാളിലെ ദുര്‍ഘടമായ പര്‍വ്വതനിരകളിലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം കേവലമൊരു യാത്രയെന്നതിലുപരി സ്വന്തം അസ്തിത്വത്തിന്റെ പൊരുള്‍ തേടല്‍കൂടിയായിരുന്നു അത്. യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാര്‍ശനികവുമായി നിരവധി അടരുകള്‍ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവര്‍ത്തനം. 'മഞ്ഞുപുലി'. പീറ്റര്‍ മാത്തിസന്‍. വിവര്‍ത്തനം - ജെനി ആന്‍ഡ്രൂസ്. ഡിസി ബുക്സ്. വില 387 രൂപ.

🔳പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പം തൈര് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങുന്നത് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. തൈര് കുറഞ്ഞ കാര്‍ബും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് തൈര്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ പ്രോട്ടീന്‍ വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നതോടൊപ്പം മെലിഞ്ഞ പേശികളുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. തൈര് കഴിക്കുന്നത് ബിഎംഐയെ (ബോഡി മാസ്സ് ഇന്‍ഡക്സ്) നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് അധിക കിലോഗ്രാം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആരോ വിളിക്കുന്നതു കേട്ട് അമ്മ വന്നു നോക്കിയപ്പോള്‍ ഒരു സ്ത്രീ മുറ്റത്തുനില്‍ക്കുന്നു. തീര്‍ത്ഥാടനത്തിന് പോകാന്‍ കുറച്ച് പണം വേണം. അതായിരുന്നു അവരുടെ ആവശ്യം. അമ്മ നല്‍കിയ പണവുമായി അവര്‍ മടങ്ങി. ഒരാഴ്ചകഴിഞ്ഞ് വീണ്ടും ഇതേ ആവശ്യവുമായി അവര്‍ എത്തി. അമ്മ പണം കൊടുക്കാന്‍ പോയപ്പോള്‍ മകന്‍ തടഞ്ഞു. എങ്കിലും മകന്റെ എതിര്‍പ്പ് വകവെയ്ക്കാതെ അമ്മ അവര്‍ക്ക് പണം നല്‍കുകയും ചെയ്തു. എന്നിട്ട് മകനോട് പറഞ്ഞു: നീ എതിര്‍ത്തത് അവര്‍ പറയുന്നതിലെ നുണ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് അവരെ അറിയാം. അവര്‍ ഒരു ഭിക്ഷക്കാരിയല്ല. ഈ പൈസകൊണ്ട് അവര്‍ തീര്‍ത്ഥാടത്തിന് പോകുന്നുമില്ല. ഭര്‍ത്താവിന്റെ മരണവും അവരുടെ അസുഖങ്ങളും കാരണം ആരോഗ്യം മോശമായപ്പോള്‍, ഭിക്ഷയെടുക്കാതെ മക്കളെ നോക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിത്. ചില സംഭവങ്ങള്‍ അങ്ങിനെയാണ്. ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യം ഹൃദയത്തിന് മനസ്സിലാകും. എല്ലാ പ്രശ്‌നങ്ങള്‍ക്കും യുക്തികൊണ്ടു പരിഹാരം കാണാനാകില്ല. എല്ലാ പ്രതികരണങ്ങളും നിയമം നോക്കി നടക്കാനുമാകില്ല. ജീവിതത്തില്‍ അത്യാഹിതങ്ങളോ ആപത്തുകളോ നേരിടേണ്ടിവരാത്തവര്‍ക്ക് ഈ അവസ്ഥ അത്ര പെട്ടന്ന് മനസ്സിലാകാന്‍ സാധിക്കണമെന്നില്ല. കാതുകള്‍ കൊണ്ടു കേട്ടാല്‍ വാക്കുകളേ തിരിച്ചറിയാനാകൂ, അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ ഹൃദയം കൊണ്ട് കേള്‍ക്കണം. കണ്ണുകള്‍കൊണ്ട് മാത്രം കണ്ടാല്‍ സംഭവങ്ങളേ കാണാനാകൂ, അവ സൃഷ്ടിക്കുന്ന വൈകാരികത മനസ്സിലാകണമെങ്കില്‍ ഹൃദയം കൊണ്ട് കാണണം. കണ്‍മുന്നില്‍ കാണുന്ന വേഷങ്ങളേയും പ്രവര്‍ത്തികളേയും മാത്രമല്ല വ്യാഖ്യാനിക്കേണ്ടത്. അതിലേക്ക് അവരെ നയിച്ച ഭൂതകാലത്തേയും, അവരെ കൊണ്ടെത്തിക്കുന്ന ഭാവികാലത്തേയും നാം പരിഗണിക്കണം. ആത്മാഭിമാനത്തിന്റെ നേര്‍ത്ത ചരടിനു മുകളിലൂടെയാണ് എല്ലാവരും നടക്കുന്നത്. പുറമേ പുഞ്ചിരിച്ചു നില്‍ക്കുന്ന ജീവിതങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ഒറ്റപ്പെടലിന്റെയും നൊമ്പരത്തിന്റെയും കഥകളുണ്ടാകും. എല്ലാവരുടേയും ജീവിതത്തിന്റെ തിരക്കഥ മുഴുവനും വായിച്ചശേഷം ആരോടും ഇടപഴകാന്‍ കഴിയില്ല. സ്വന്തം ശൈലി കുറച്ചുകൂടി കരുണാദ്രമാക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗം. നമുക്കും ഹൃദയത്തിന്റെ ഭാഷ കുറച്ചുകൂടി നന്നായി പഠിക്കാന്‍ ശ്രമിക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only