👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 17 ഓഗസ്റ്റ് 2021)
🔳അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാന്‍ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാന്‍ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിനിടെ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം.

🔳അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായും താലിബന്‍ പിടിച്ചെടുത്തതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള അഫ്ഗാന്‍ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

🔳അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടെ താലിബാന്‍ 'പരിഷ്‌കാരങ്ങള്‍' നടപ്പാക്കി തുടങ്ങി. ജൂലൈ പകുതിയോടെ താലിബാന്‍ പിടിച്ചെടുത്ത പ്രവിശ്യകളില്‍ സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് തുടങ്ങിയതായി റിപ്പോര്‍ട്ട്. 2001ല്‍ താലിബാന്‍ ഭരണം അവസാനിപ്പിച്ചതിന് ശേഷം നിരവധി സ്ത്രീകളാണ് വിദ്യാഭ്യാസ മേഖലയിലും മറ്റ് പ്രൊഫഷനുകളിലും ഉയര്‍ന്നുവന്നത്. എന്നാല്‍, താലിബാന്‍ വീണ്ടും ഭരണം പിടിച്ചതോടെ സ്ത്രീകളെ കടുത്ത നിയന്ത്രണത്തില്‍ നിര്‍ത്തുമെന്ന ഭയം വന്നുതുടങ്ങി. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഭയം കാരണം നശിപ്പിക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

🔳അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താന്‍. അതോടെ ഒമാനില്‍ ഇറങ്ങിയ അഷ്റഫ് ഗനി അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് നിറയെ പണവുമായെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ എംബസി വക്താവ് നികിത ഐഷെന്‍കോയാണ് വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനോട് ഇക്കാര്യം പറഞ്ഞത്. നാല് കാറുകള്‍ നിറയെ പണവുമായാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയതെന്നും പണം മുഴുവന്‍ ഹെലികോപ്റ്ററില്‍ നിറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും മുഴുവന്‍ അതില്‍ കൊള്ളാത്തതിനെ തുടര്‍ന്ന് ബാക്കി റണ്‍വേയില്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്നും റഷ്യന്‍ നയതന്ത്ര വക്താവ് നികിത ഐഷെന്‍കോ ആരോപിച്ചു.

🔳താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെയാണ് താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി.

🔳പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഫോണ്‍ ചോര്‍ത്തിയോ, ചോര്‍ത്തലിന് ആര് അനുമതി നല്‍കി എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിക്ക് ആകുമോ എന്ന് കോടതി ആരാഞ്ഞു. എന്നാല്‍ കോടതിക്ക് ഇതിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കൂടുതല്‍ വ്യക്തതക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമോ ഇല്ലയോ എന്നത് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

🔳മുന്‍ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇളവുകള്‍ നല്‍കാനാകുമായിരുന്നുവെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ ഇറക്കിയിരുന്നുവെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

🔳കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി ചര്‍ച്ച നടത്തി. വാക്‌സിനേഷനില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്നും കേരളത്തിലെ കോവിഡ് മരണ നിരക്ക് കുറവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. അതേസമയം ഓണത്തിന് സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം ഓര്‍മ്മിപ്പിച്ചു.

🔳കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നെഗറ്റീവ് വാക്സിന്‍ വേസ്റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമര്‍ശിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,77,88,931 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 67,24,294 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 50.25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 61.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.43 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഇതുവരെ വരെ ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 42,86,81,772 പേര്‍ക്ക് ഒന്നാം ഡോസും (32.98) 12,18,38,266 പേര്‍ക്ക് രണ്ടാം ഡോസും (9.37) വാക്‌സിനും നല്‍കിയിട്ടുണ്ട്.

🔳വനിതാ പ്രതിനിധ്യമില്ലാത്ത ഡിസിസി അധ്യക്ഷ സാധ്യതാ പട്ടിക കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. അഞ്ചു ജില്ലകളില്‍ ഒറ്റപ്പേരും മറ്റു ജില്ലകളില്‍ ഒന്നിലധികം പേരും അടങ്ങിയ അന്തിമ സാധ്യതാ പട്ടികയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചക്കൊടുവില്‍ കെപിസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. ഗ്രൂപ്പുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും പുതിയ കെപിസിസി നേതൃത്വമായും ഹൈക്കമാന്‍ഡുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളാണ് പട്ടികയില്‍ ഇടംപിടിച്ചത്.

🔳അരൂര്‍-ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മാണ വിവാദത്തില്‍ എ എം ആരിഫ് എം പിയുടെ പരാതി ഏറ്റെടുത്ത് കോണ്‍ഗ്രസ്. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് കത്ത് നല്‍കും. ആരിഫിലൂടെ വീണു കിട്ടിയ അവസരം, സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം സര്‍ക്കാരിനെ വിജിലന്‍സ് അന്വേഷണത്തില്‍ കുരുക്കാന്‍, പ്രതിപക്ഷത്തിന് അവസരം നല്‍കിയതില്‍ ആരിഫിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും മറികടന്നുള്ള എംപിയുടെ നീക്കത്തില്‍ ശക്തമായ നടപടിയാണ് സുധാകര പക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

🔳ലൈംഗീക അധിക്ഷേപവും വിവേചനവും സംബന്ധിച്ച് വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നല്‍കിയ അന്ത്യശാസനത്തിന്റെ സമയം അവസാനിക്കുമ്പോഴും നിലപാടിലുറച്ച് ഹരിത നേതാക്കള്‍. ഇന്ന് രാവിലെ 10 മണിക്കകം വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യം ഹരിത ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഹരിത ഭാരവാഹികള്‍.

🔳നികുതിവെട്ടിച്ച വകയില്‍ ചരക്കുസേവന നികുതി വകുപ്പ് ചുമത്തിയ പിഴയൊടുക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്ന് ഫാഷന്‍ ഗോള്‍ഡ് ജൂവലറി ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍. നികുതി വെട്ടിച്ച വകയില്‍ പിഴ ഉള്‍പ്പെടെ 2,50,43,399 രൂപ അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ടിന് കഴിഞ്ഞതോടെ ജപ്തിനടപടിയുമായി ജി.എസ്.ടി അധികൃതര്‍ നീങ്ങുകയാണ്. പണം അടയ്ക്കേണ്ട എല്ലാ അവധിയും കഴിഞ്ഞതിനാല്‍ ജപ്തി മാത്രമാണ് ജി.എസ്.ടി.ക്ക് മുന്നിലുള്ള ഏകവഴി. അതേസമയം കോവിഡുകാലമാണെന്നും കടകള്‍ പൂട്ടിയിരിക്കുകയാണെന്നും സമയം നീട്ടിച്ചോദിക്കുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

🔳മദ്യവില്‍പ്പനശാലകളിലെ തിരക്കിന്റെ പേരില്‍ പരക്കെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ മറികടക്കാന്‍ പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുന്നു. ഇന്ന് മുതല്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്കോ അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് .

🔳പാലക്കാട് തിരുമിറ്റക്കോട് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ചെറുതുരുത്തി സ്വദേശിനി കൃഷ്ണപ്രഭയുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

🔳ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ മയില്‍ പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണ (26)യ്ക്കും മറ്റൊരു ബൈക്ക് യാത്രക്കാരനായ ധനേഷിനും (37) പരിക്കേറ്റു. അപകടത്തില്‍ ചത്ത മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.

🔳സംസ്ഥാനത്ത് തുടര്‍ച്ചയായി ഗതാഗത നിയമലംഘനത്തിന് മോട്ടോര്‍വാഹനവകുപ്പ് കരിമ്പട്ടികയില്‍പെടുത്തിയ വാഹനങ്ങളില്‍നിന്നും പിഴയായി കിട്ടാനുള്ളത് 52.30 കോടിരൂപ. പിഴ അടയ്ക്കാതെ ഈ വാഹന ഉടമകള്‍ നിയമലംഘനം തുടരുന്ന അവസ്ഥയാണ്. നാലര ലക്ഷത്തോളം വാഹനങ്ങള്‍ ഈവിധത്തില്‍ കരിമ്പട്ടികയിലുണ്ട്. 'വാഹന്‍' സോഫ്റ്റ്‌വെയറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവില്‍വന്നത്. തുടര്‍ച്ചയായി നിയമലംഘനം കാണിക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തി സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പിഴ കുടിശികയുടെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തില്‍ ടാക്‌സി, ട്രാന്‍സ്‌പോര്‍ട്ട് വാഹന ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ മറികടക്കുകയാണ്.

🔳കോണ്‍ഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളായ അഭിഷേക് ബാനര്‍ജിയുടേയും ഡെറിക് ഒബ്രിയന്റേയും സാന്നിധ്യത്തിലാണ് സുഷ്മിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായി തുടരവെ ഇന്നലെ രാവിലെയാണ് മുന്‍ അസം എംപികൂടിയായ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവും കൂടിയായിരുന്നു സുഷ്മിത.

🔳ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കായിക താരം പി.ടി. ഉഷ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ്‌പോര്‍ട്‌സ് മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും ഉഷ വ്യക്തമാക്കി.

🔳ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് ടീം വിവാദത്തില്‍. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. മാര്‍ക്ക് വുഡിനും റോറി ബേണ്‍സിനും എതിരേയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നത്. ഇരുവരും സ്‌പൈക്കുള്ള ഷൂ ഉപയോഗിച്ച് പന്തില്‍ ചവിട്ടുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പന്തില്‍ തേയ്മാനം വരുത്താനാണ് ഇത് ചെയതതെന്ന് ഇന്ത്യന്‍ ആരാധകര്‍ ആരോപിക്കുന്നു.

🔳തോല്‍വിയുടെ വക്കില്‍ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയര്‍ത്തെഴുന്നേറ്റ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സ് ജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലില്‍ കുത്തി തല ഉയര്‍ത്തി. മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തില്‍ തോല്‍ക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂര്‍ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവില്‍ പേസ് കരുത്തില്‍ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി.

🔳കേരളത്തില്‍ ഇന്നലെ 87,578 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202.

🔳രാജ്യത്ത് ഇന്നലെ 24,692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,862 പേര്‍ രോഗമുക്തി നേടി. മരണം 438. ഇതോടെ ആകെ മരണം 4,32,112 ആയി. ഇതുവരെ 3,22,49,900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.63 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,851 പേര്‍ക്കും കര്‍ണാടകയില്‍ 1,065 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,89,804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 74,245 പേര്‍ക്കും ബ്രസീലില്‍ 14,471 പേര്‍ക്കും റഷ്യയില്‍ 20,765 പേര്‍ക്കും ഇംഗ്ലണ്ടില്‍ 28,438 പേര്‍ക്കും ഇറാനില്‍ 41,194 പേര്‍ക്കും മലേഷ്യയില്‍ 19,740 പേര്‍ക്കും ജപ്പാനില്‍ 17,836 പേര്‍ക്കും തായലാന്‍ഡില്‍ 21,157 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.85 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.71 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,523 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 264 പേരും ബ്രസീലില്‍ 363 പേരും റഷ്യയില്‍ 806 പേരും ഇറാനില്‍ 655 പേരും ഇന്‍ഡോനേഷ്യയില്‍ 1,245 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.82 ലക്ഷം.

🔳ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഭവന-വാഹന വായ്പകള്‍ക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാര്‍ ലോണിന് അപേക്ഷിച്ചാല്‍ പലിശ നിരക്കില്‍ കാല്‍ശതമാനം കിഴിവ് നല്‍കും. 7.5ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്. സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനംചെയ്തിട്ടുണ്ട്.

🔳മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ജൂലായില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജൂണിലെ 12.07 ശതമാനത്തില്‍ നിന്ന് ജൂലായില്‍ 11.16 ശതമാനമായാണ് കുറഞ്ഞത്. ഇന്ധനം, ഊര്‍ജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതില്‍ കുറവ് വരുത്തിയത്. കഴിഞ്ഞ മെയ് മാസത്തില്‍ 13.11 ശതമാനമായിരുന്നു ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ്. 2020 ജൂലായില്‍ മൈനസ് 0.25 ശതമാനവും. അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, മിനറല്‍ ഓയില്‍, നിര്‍മിത വസ്തുക്കള്‍ തുടങ്ങിയവയുടെ വിലയില്‍ വര്‍ധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കൂടാനിടയാക്കിയത്.

🔳സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം എത്തി. വിനായക് ശശികുമാര്‍ രചന നിര്‍വ്വഹിച്ച് മുന്ന പി എം സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ് എന്നിവര്‍ ആലപിച്ച 'അരികില്‍ അരികില്‍ ആരോ അറിയാതെ' എന്ന ഗാനമാണ് റിലീസായത്.

🔳ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തും. റോജിന്‍ തോമസ് ആണ് ചിത്രത്തിന് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വര്‍?ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

🔳സ്വാതന്ത്ര്യദിനത്തില്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99 രൂപയാണ് വില. എസ്‌ഐ പ്രോ പത്തുനിറങ്ങളിലും എസ് വണ്‍ അഞ്ച് നിറങ്ങളിലും ലഭ്യമാകും. എസ് വണ്‍ ഫുള്‍ ചാര്‍ജ് ആകണമെങ്കില്‍ നാലരമണിക്കൂറാണ് വേണ്ടത്. എസ് വണ്‍ പ്രോ ഫുള്‍ ചാര്‍ജ് ആകാന്‍ വേണ്ടത് ആറര മണിക്കൂറുമാണ്.

🔳മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെനിന്‍ അന്താരാഷ്ട്ര സ്‌കൂളില്‍ പഠിക്കാനെത്തുന്നു. ഈ ഹിമഗന്ധപശ്ചാത്തലത്തിലാണ് അജ്ഞാതമായ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ബോള്‍ഷെവിക് ലോകത്തിന്റെ ഒരു ചരിത്രരേഖ. അഹമ്മദ് ഉമിത്. ഗ്രീന്‍ ബുക്സ്. വില 432 രൂപ.

🔳കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് ഹൃദ്രോഗവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവര്‍ക്കാണ് രോഗസാധ്യതയും മരണപ്പെടാനുള്ള സാധ്യതയുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രധാനമായും പുറത്തു വന്നത്. എന്നാല്‍ കേസുകളുടെ എണ്ണം പുരോഗമിച്ചതോടെ കോവിഡ് ബാധതന്നെ പുതുതായി ഹൃദ്രോഗം ഉണ്ടാക്കാമെന്ന സ്ഥിതി വന്നു. ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന പഴുപ്പും ഇതിനെതിരെ ശരീരം ഉയര്‍ത്തി വിടുന്ന സൈറ്റോകീന്‍ പ്രവാഹവുമാണ് പലപ്പോഴും ഹൃദയത്തിന് പണി തരുന്നത്. ഹൃദയത്തിന്റെ ഭിത്തികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡഡൈറ്റിസിനും പെരികാര്‍ഡൈറ്റിസിനും ഇത് കാരണമാകാം. കോവിഡ് ബാധ ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു. അസാധാരണമായ ഹൃദയമിടിപ്പ്, കാലുകളിലും ശ്വാസകോശത്തിലും രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയിലേക്കും കോവിഡ് നയിക്കാം. ദീര്‍ഘകാല കോവിഡിനെ സംബന്ധിച്ച് നടന്ന ഒരു പഠനവും കോവിഡ് ഹൃദ്രോഗ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ അതിവേഗ വ്യാപനം ഹൃദയവുമായി ബന്ധപ്പെട്ട കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പരിഹാരമെന്ന് കണ്ടെത്തിയ ചില വാക്സീനുകള്‍ പോലും ഹൃദയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഓക്സ്ഫഡ് ആസ്ട്രസെനക വാക്സീനും അപൂര്‍വമായ രക്തം കട്ടപിടിക്കല്‍ രോഗവുമായി ബന്ധമുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. എംആര്‍എന്‍എ വാക്സീനുകള്‍ അപൂര്‍വമായി ഹൃദയഭിത്തികളില്‍ നീര്‍ക്കെട്ടുണ്ടാക്കാമെന്നും കണ്ടെത്തി. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരില്‍ രണ്ടാം ഡോസ് എടുത്ത ശേഷമാണ് ഈ അവസ്ഥ കണ്ടുവരുന്നത്. എന്നാല്‍ ഇവയെല്ലാം അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്നതാണെന്നും ഈ കാരണം കൊണ്ട് വാക്സീന്‍ എടുക്കാതിരിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ആ ഹോട്ടലില്‍ 30വര്‍ഷമായി ക്ലീനിങ് ജോലി ചെയ്യുന്നു. ഇക്കാലയളവില്‍ അയാള്‍ക്ക് വളരെ തുച്ഛമായ ശമ്പളം ആണ് കൊടുത്തിരുന്നത്. അയാള്‍ പരാതിയുമായി മുതലാളിയുടെ അടുത്തെത്തി. മുതലാളി ചോദിച്ചു: 'എന്താ നിന്റെ പ്രശ്നം...അതൊന്ന് തെളിച്ചു പറയൂ..'' 'ഞാനിവിടെ ആദ്യമായി ജോലിക്ക് കയറുമ്പോള്‍ ഇത് ചെറിയ ഒരു ചായക്കടയായിരുന്നു. ഇപ്പോളിത് ടൂറിസ്റ്റുകള്‍ വരെ കയറുന്ന ഒരു വലിയ ഹോട്ടലായി. എന്നിട്ടും എനിക്ക് മാന്യമായ ശമ്പളം തരാന്‍ നിങ്ങള്‍ക്കായില്ല..എനിക്ക് ശേഷം വന്നവര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളം കൂട്ടിക്കൊടുത്തിട്ടും എന്നെ നിങ്ങള്‍ പരിഗണിച്ചില്ല..''ഓഹോ...അതാണ് നിന്റെ പ്രശ്നം. എങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ..' ചോദിക്കുന്നതിന് കുഴപ്പമില്ല..
എന്റെ ആവശ്യം പരിഗണിക്കണം..' 'പരിഗണിക്കാം..അതിന് മുന്‍പ് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. നിങ്ങളെന്നെങ്കിലും ഈ ഹോട്ടല്‍ സ്വന്തമാക്കാനാഗ്രഹിച്ചിട്ടുണ്ടോ?,, സ്വപ്നത്തിലെങ്കിലും.' 'ഈ ഹോട്ടല്‍ സ്വന്തമാക്കുകയോ?? മുതലാളിയെന്താ ഈ പറയുന്നേ..' ''ഒരു ഹോട്ടലുടമയാകാന്‍ മോഹിക്കുകയെങ്കിലും ചെയ്തിരുന്നോന്ന്?'' ''ഞാനെങ്ങനെയാ ഒരു ഹോട്ടലുടമയാവുക? ഞാനൊരു തൂപ്പുകാരനല്ലേ. അതല്ലേ എന്റെ ജോലി?'' ''ഇതുതന്നെയാണ് നിന്റെ പ്രശ്‌നം. മുപ്പതുവര്‍ഷം മുന്‍പ് നീ എവിടെയായിരുന്നോ അവിടെ തന്നെയാണ് നീ ഇപ്പോഴുമുള്ളത്..? ഈ തൂപ്പുജോലിയില്‍നിന്നു മാറി ഉയര്‍ന്ന വല്ല തസ്തികയും സ്വപ്നം കാണാന്‍ ഇത്രയും കാലമായിട്ട് നിനക്കായില്ല! പിന്നെ എങ്ങനെയാണ് ശമ്പളം കൂട്ടിക്കിട്ടുക..? നിന്നിടത്തുതന്നെ നിന്നാല്‍ വളര്‍ച്ചയുണ്ടാകുമോ... വളര്‍ച്ചയുണ്ടെങ്കിലല്ലേ നേട്ടങ്ങളുമുണ്ടാവൂ...' പൊതുവെ ആറു തരക്കാരാണു മനുഷ്യര്‍. ഒന്ന്:ലക്ഷ്യബോധമില്ലാത്തവര്‍.ജനിച്ചതുകൊണ്ട് ജീവിച്ചങ്ങനെ പോകുന്ന വിഭാഗം. എന്തിനാണ് ഇവിടെ വന്നത്, എവിടേക്കാണ് പോകുന്നത് തുടങ്ങിയ ചിന്തകള്‍ അവര്‍ക്കന്യം. ഇന്നലെയും ഇന്നും നാളെയും അവര്‍ക്കൊരുപോലെയാണ്. പക്ഷെ ജീവിതത്തെപ്പറ്റി അവര്‍ പരാതിയങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. രണ്ട്: ലക്ഷ്യബോധമുണ്ടെങ്കിലും അതെങ്ങനെ നേടണമെന്നറിയാത്തവര്‍. ഭാവിയില്‍ എന്താവണമെന്നാണ് മോഹിക്കുന്നതെന്നു ചോദിച്ചാല്‍ ഡോക്ടറാവണം, എന്‍ജിനീയറാവണം, പ്രധാനമന്ത്രിയാവണം എന്നൊക്കെ പറയും. പക്ഷേ, ആ ഡയലോഗിനപ്പുറം ലക്ഷ്യം നേടാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്നുണ്ടാവില്ല. എങ്ങനെയാണ് ആ ലക്ഷ്യം നേടേണ്ടതെന്ന അറിവിന്റെ അഭാവമാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മൂന്ന്: ലക്ഷ്യബോധമുണ്ട്, അതെങ്ങനെ നേടിയെടുക്കണമെന്നുമറിയാം. പക്ഷേ, അതിനുള്ള ശേഷിയില്‍ അവര്‍ക്കു മതിപ്പില്ല,വിശ്വാസമില്ല. ശാസ്ത്രജ്ഞനാവാനാണ് ആഗ്രഹം. അതിനെന്തൊക്കെ ചെയ്യണമെന്നും അറിയാം. പക്ഷേ, താന്‍ അതിനു മുതിര്‍ന്നാല്‍ വിജയിക്കുമോ എന്ന ആശങ്ക കുഴക്കും. പുസ്തകങ്ങള്‍ പരമാവധി വാങ്ങിക്കൂട്ടുമെങ്കിലും വായിക്കില്ല. ഇവര്‍ക്ക് വിജയിക്കണമെന്നുണ്ടെങ്കിലും വിജയപാതയില്‍ അടിയുറച്ചു നില്‍ക്കാനുള്ള ആര്‍ജവമാണ് ഇല്ലാത്തത്. നാല്: ലക്ഷ്യബോധവും അതു നേടിയെടുക്കാനുള്ള വഴിയും അതിനുള്ള കഴിവുമുണ്ട്. പക്ഷേ, ആളുകളുടെ അഭിപ്രായങ്ങള്‍ക്കൊത്ത് തുള്ളിക്കളയും. ഈ ജോലിയേക്കാള്‍ ആ ജോലിയാണ് നിനക്കു നല്ലതെന്നു പറഞ്ഞാല്‍ അവരാ ജോലിക്കു പിന്നാലെ പോകും. സത്യത്തില്‍ അവര്‍ക്കു താല്‍പര്യമുള്ളത് നിലവിലെ ജോലിയായിരിക്കും. എന്നാലും മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് നിലവിലുള്ളതൊഴിവാക്കി അവര്‍ പറഞ്ഞതാണിവര്‍ തിരഞ്ഞെടുക്കുക. നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത ദുര്‍ബലര്‍. അഞ്ച്: ആരുടെയും അഭിപ്രായത്തില്‍ വീഴാതെ ലക്ഷ്യം നേടിയെടുക്കാന്‍ ആര്‍ജവമുള്ളവര്‍. പക്ഷേ, ലക്ഷ്യം നേടുന്നതുവരെ അവര്‍ക്ക് ആവേശമുണ്ടാകും. നേടിക്കഴിഞ്ഞാല്‍ അതില്‍തന്നെ നിലകൊള്ളും. പിന്നെ ഒരടി മുന്നോട്ടുപോകില്ല. ഡോക്ടറായിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഒരു സാധാരണ ഡോക്ടര്‍. അധ്യാപകനായാല്‍ മരണംവരെ കേവലമൊരു അധ്യാപകന്‍. തന്റെ പോസ്റ്റിനെ അപ്‌ഡേറ്റ് ചെയ്യാതെ ഒതുങ്ങിപ്പോകുന്ന വിഭാഗമാണിവര്‍. ആറ്: ലക്ഷ്യം അന്തസോടെ നേടിയെടുക്കുകയും തുടര്‍ന്ന് ആ ലക്ഷ്യം നിരന്തരം അപ്‌ഡേറ്റ് ചെയ്ത് പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്കു പറന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കു മുന്നില്‍ ആകാശമല്ലാതെ മറ്റൊരു പരിധിയില്ല. 'എല്ലാമായി, ഇനി നിര്‍ത്താം' എന്ന ചിന്ത അവരെ ഒരിക്കലും പിടികൂടുകയില്ല. നേടിനേടി നൂറിലെത്തിയാല്‍ അടുത്ത ഉന്നം നൂറ്റിയൊന്നിലെത്തലായിരിക്കും. അങ്ങനെ അറ്റമില്ലാത്ത യാത്ര... അവര്‍ക്ക് വിജയമെന്നാല്‍ വിശ്രമിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല, ശ്രമം തുടരാനുള്ള പ്രോത്സാഹനമാണ്. ഇവരാണ് ജനങ്ങളില്‍വച്ചേറ്റം ഉന്നതര്‍. പ്രതിഭാശാലികള്‍. ചരിത്രത്തില്‍ ഇടം നേടുക ഇവര്‍ മാത്രമായിരിക്കും. മറ്റുള്ളവര്‍ സാധാരണക്കാരായി മാത്രം ഒതുങ്ങും. ജീവിതം നിരന്തരമായ യാത്രയാണെങ്കില്‍ യാത്ര എവിടെയും നിന്നുപോകരുത്. നിന്നുപോയാല്‍ യാത്ര അവസാനിക്കും. അവസാനിച്ചാല്‍ യാത്ര യാത്രയല്ലാതായി മാറും. ജീവിതത്തിലെ ഓരോ നേട്ടങ്ങളും കോമകള്‍ മാത്രമാണ്; ഫുള്‍സ്റ്റോപ്പുകളല്ല. മരണമാണ് ഈ ലോകത്തെ ഒരേയൊരു ഫുള്‍സ്റ്റോപ്പ്. അതുവരെയുള്ള ഏതു നേട്ടങ്ങളും കോമകള്‍ മാത്രം. കോമകളില്‍ നിന്നുപോകുന്ന വാക്യം അപൂര്‍ണമാണ്. എത്തിയിടത്തുനില്‍ക്കാതെ വീണ്ടും എത്തിപ്പിടിക്കാനുള്ള മേഖലകള്‍ അന്വേഷിക്കുക. എത്തിപ്പിടിക്കലുകള്‍ നിരന്തരം നടക്കട്ട -ശുഭദിനം
➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only