👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 29 ഓഗസ്റ്റ് 2021)
🔳ഇന്ത്യക്കാര്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ പ്രതിസന്ധിയുണ്ടായാലും അവരെ രക്ഷിക്കാനുള്ള കരുത്ത് ഇന്ത്യക്ക് ഇന്ന് കൈവശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ഇന്ത്യയുടെ ഇടപെടല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തെളിവായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

🔳ഭരണകൂടത്തിന്റെ നുണകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ രാജ്യത്തെ ബുദ്ധിജീവികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ്. ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അസത്യങ്ങള്‍, തെറ്റായ ആഖ്യാനങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ഹരിയാനയിലെ കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്ക്. സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.  

🔳രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും വരുമാനമുള്ളത് ബിജെപിക്കാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബിജെപി അവരുടെ വരുമാനം വര്‍ധിപ്പിച്ചു. നിങ്ങളുടേയോ? രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

🔳രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 63 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ മാത്രം 65 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇതുവരെ 48.53 കോടി ആദ്യ ഡോസ് വാക്‌സിനും 14.46 കോടി രണ്ടാം ഡോസ് വാക്‌സിനുമാണ് വിതരണം ചെയ്തത്.

🔳കോവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സീന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ ഒറ്റ ഡോസ് കൊവാക്‌സിന്‍ രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 69.4 ശതമാനം രോഗികളും കേരളത്തില്‍. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 45,050 കോവിഡ് രോഗികളില്‍ 31,265 രോഗികളും കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച മരണങ്ങളില്‍ 33 ശതമാനം മരണവും കേരളത്തില്‍ നിന്ന് തന്നെയാണ്. 457 മരണങ്ങളില്‍ 153 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 56.54 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,62,424 സജീവരോഗികളില്‍ 2,04,923 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കി. അവസാനപട്ടികയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് അന്തിമ പട്ടികയില്‍ മാറ്റമുണ്ടായത്. തിരുവനന്തപുരം-പാലോട് രവി, കൊല്ലം - രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട - പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ - ബാബു പ്രസാദ്, കോട്ടയം- നാട്ടകം സുരേഷ്, ഇടുക്കി- സി.പി മാത്യു, എറണാകുളം- മുഹമ്മദ് ഷിയാസ്, തൃശ്ശൂര്‍- ജോസ് വള്ളൂര്‍, പാലക്കാട് -എ.തങ്കപ്പന്‍, മലപ്പുറം- വി.എസ് ജോയ്, കോഴിക്കോട് - കെ പ്രവീണ്‍കുമാര്‍, വയനാട്-എന്‍.ഡി അപ്പച്ചന്‍, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് - പി.കെ ഫൈസല്‍ എന്നിവരാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍.

🔳ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയ നേതാക്കളെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനേയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു.

🔳സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു വിഭാഗം ആള്‍ക്കാരുണ്ട്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ സഹനസമരവും ബഹുജനമുന്നേറ്റവും കര്‍ഷക പ്രക്ഷോഭവും സായുധപോരാട്ടങ്ങളുമെല്ലാമുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ അതില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതില്‍ പലരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം നേടിയാല്‍ ഏതുതരം ഭരണസംവിധാനം വേണം എന്നതിലും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ അടിസ്ഥാനമാക്കി സ്വാതന്ത്രസമരപോരാട്ടങ്ങളെ തരംതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

🔳കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മരണ നിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കണക്കുകളാണ് എറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാല്‍ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം ഒന്‍പത് ലക്ഷം പേര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും അവര്‍ക്കിടയില്‍ വാക്‌സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും എന്നിട്ടും പലരും വിമുഖത തുടരുന്നത് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധം നാടൊന്നാകെ ചെയ്യുന്ന കാര്യമാണെന്നും അതില്‍ ഭരണ പ്രതിക്ഷ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥര്‍ ഹൈജാക്ക് ചെയ്തുവെന്ന വിമര്‍ശനം പിണറായി വിജയന്‍ തള്ളി. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാനാണ് ഇത്തരം വിമര്‍ശനങ്ങളെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

🔳കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം നല്‍കാന്‍ 3.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാനദണ്ഡങ്ങളനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രീ വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

🔳സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,62,120 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

🔳നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയുടെ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുണമായിരുന്നുവെന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശന്‍ പറഞ്ഞു.

🔳കാക്കനാട് മയക്കുമരുന്ന് കേസില്‍ ആദ്യം വിട്ടയച്ച യുവതിയെ അറസ്റ്റ് ചെയ്തു. ജില്ലാ എക്സൈസ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ തിരുവല്ല സ്വദേശിനി തയ്ബയെ ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ നടപടി. ചെന്നൈയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്ബ ഉള്‍പ്പെട്ട നാലം സംഘമാണെന്നാണ് എക്സൈസ് കണ്ടെത്തല്‍. ആദ്യം കേസന്വേഷിച്ച സംഘം യുവതിയെ വെറുതെ വിട്ടിരുന്നു, വിവാദത്തെ തുടര്‍ന്ന് കേസ് എടുത്ത എക്സൈസ് ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ നടപടി എടുത്തത്.

🔳കുര്‍ബാന ഏകീകരണത്തില്‍ എറണാകുളം അങ്കമാലി അതിരൂപത സിനഡിനെതിരെ വൈദികര്‍ രംഗത്ത്. 25 വര്‍ഷമായി തുടരുന്ന ഐക്യം തടഞ്ഞത് സിനഡ് മെത്രന്മാര്‍ ആണെന്ന് വൈദികര്‍ ആരോപിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വൈദികര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കുര്‍ബാന ഏകീകരിക്കാനുള്ള തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നും അത് ക്രൈസ്തവ ധര്‍മ്മത്തിനെതിരാണെന്നും വൈദികര്‍ പറയുന്നു. ഇതിനെതിരെ പ്രമേയം പാസ്സാക്കിയെന്നും വൈദികര്‍ അറിയിച്ചു. കുര്‍ബാന ഏകീകരണം സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിക്കില്ലെന്നും വൈദികര്‍ പറഞ്ഞു.

🔳മൈസൂരുവില്‍ കോളേജ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ മൈസൂര്‍ യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് പുറത്തിറക്കിയ സര്‍ക്കുലറാണ് പിന്‍വലിച്ചത്. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.

🔳നിയമസഭയില്‍ അനാവശ്യമായി തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിഎംകെ എംഎല്‍എമാര്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ താക്കീത്. സഭയില്‍ ചോദ്യങ്ങളും വിഷയങ്ങളും ഉന്നയിക്കാനുള്ള സമയം പുകഴ്ത്തലില്‍ പാഴാക്കി കളയരുത്. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ എം എല്‍ എ അയ്യപ്പന്‍ തന്റെ പ്രസംഗത്തിന്റെ 17 മിനിറ്റില്‍ ഭൂരിഭാഗം സമയവും സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് താക്കീത് നല്‍കിയത്.

🔳കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നോട്ടീസില്‍ ഭയപ്പെടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തിലെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര ബാനര്‍ജിക്കും ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതുകൊണ്ടെല്ലാം ഞങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാവുകയേയുള്ളുവെന്നും ബിജെപിയെ രാജ്യത്തുനിന്നും തുടച്ചുനീക്കുന്നത് വരെ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി.

🔳അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിരയ്ക്കുമെതിരേയുള്ള ഇ.ഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണിയൊക്കെ മനസ്സിലാകുമെന്ന് പറഞ്ഞ മമത അത് മാറ്റിവെച്ച് രാഷ്ട്രീയമായി നേരിടാന്‍ ബിജെപിയെ വെല്ലുവിളിച്ചു.

🔳മധ്യപ്രദേശില്‍ കള്ളനെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച യുവാവ് മരിച്ചു. ബനാഡാ സ്വദേശി കാന്‍ഹ എന്ന കാന്‍ഹിയ ബീല്‍ (45) ആണ് കൊല്ലപ്പെട്ടത്.
മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം നടന്നത്. ഇരുകാലുകളിലും കയറിട്ട് ബന്ധിച്ചശേഷം ഓടുന്ന ട്രക്കില്‍ കെട്ടി കാന്‍ഹയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തില്‍ എട്ടുപേരാണ് പ്രതികള്‍. ഇതില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു.

🔳മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് കൊട്ടാരത്തിലെ ഓണാഘോഷത്തിന് അദ്ദേഹം തിരിതെളിച്ചു. തന്റെ ജീവനക്കാര്‍ ഒരുക്കിയ ഓണാഘോഷത്തിലാണ് രാജകുമാരന്‍ മുഖ്യാതിഥിയായി എത്തിയത്.

🔳കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാനിലേക്ക്. കാബൂള്‍ വിമാനത്താവളത്തിനു ചുറ്റും ശനിയാഴ്ച കൂടുതല്‍ അംഗങ്ങളെ വിന്യസിച്ച് താലിബാന്‍. കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടും കൂടുന്നത് ഒഴിവാക്കാനാണ് നടപടി. അഫ്ഗാനില്‍നിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ താലിബാനെ പ്രേരിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ താലിബാന്റെ പുതിയ ചെക്ക്‌പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും തകര്‍ത്താണ് ഇംഗ്ലണ്ട് വിജയമാഘോഷിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 354 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ ശ്രമിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 278 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ചുവിക്കറ്റ്
വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഒലി റോബിന്‍സണാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.സ്‌കോര്‍: ഇന്ത്യ-78, 278. ഇംഗ്ലണ്ട്-432. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കൊപ്പമെത്തി.

🔳കേരളത്തില്‍ ഇന്നലെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521.

🔳രാജ്യത്ത് ഇന്നലെ 45,050 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35,805 പേര്‍ രോഗമുക്തി നേടി. മരണം 457. ഇതോടെ ആകെ മരണം 4,37,860 ആയി. ഇതുവരെ 3,26,94,188 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.62 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,551 പേര്‍ക്കും കര്‍ണാടകയില്‍ 1,229 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,321 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,34,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 68,354 പേര്‍ക്കും ബ്രസീലില്‍ 24,699 പേര്‍ക്കും റഷ്യയില്‍ 19,492 പേര്‍ക്കും ഫ്രാന്‍സില്‍ 17,590 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,406 പേര്‍ക്കും ഇറാനില്‍ 26,034 പേര്‍ക്കും മെക്സിക്കോയില്‍ 19,556 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 19,441 പേര്‍ക്കും മലേഷ്യയില്‍ 22,597 പേര്‍ക്കും ജപ്പാനില്‍ 24,200 പേര്‍ക്കും തായ്ലണ്ടില്‍ 17,984 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.66 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8413 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 589 പേരും ബ്രസീലില്‍ 614 പേരും റഷ്യയില്‍ 799 പേരും ഇറാനില്‍ 614 പേരും ഇന്‍ഡോനേഷ്യയില്‍ 591 പേരും മെക്സിക്കോയില്‍ 863 പേരും സൗത്ത് ആഫ്രിക്കയില്‍ 361 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.06 ലക്ഷം.

🔳ജിയോ പ്ലാറ്റ്‌ഫോമുകളിലെ കോടികളുടെ നിക്ഷേപത്തിന് പിന്നാലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്ലിനെയും ലക്ഷ്യമിട്ട് ഗൂഗിള്‍. എയര്‍ടെല്ലില്‍ ഗൂഗിള്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരുകമ്പനികളും നിക്ഷേപം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും പറയുന്നു. ഒരു വര്‍ഷത്തോളമായി ഇരു കമ്പനികളും ചര്‍ച്ച നടത്തി വരുന്നതായും കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണില്‍ 1.6 ലക്ഷം കോടിയാണ് എയര്‍ടെല്ലിന്റെ കടം. ആയിരക്കണക്കിന് കോടികളുടെ നിക്ഷേപമായിരിക്കും ഗൂഗിള്‍ എയര്‍ടെല്ലില്‍ നടത്തുക.

🔳ഐപിഒയ്ക്ക് തയാറെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എഡ്യുക്കേഷണല്‍ ടെക്നോളജി കമ്പനിയായ ബൈജൂസ് ഈ വര്‍ഷം 10,000 കോടി രൂപ വരുമാനം നേടുമെന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ഇതോടെ ലാഭം 20-23 ശതമാനം എന്ന നിരക്കില്‍ 2000 മുതല്‍ 2300 കോടി രൂപവരെ ആകും. ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ ഏറ്റെടുത്തതിലൂടെ അടുത്ത വര്‍ഷം വരുമാനം ഇനിയും വര്‍ധിക്കും. അടുത്ത 15-18 മാസത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ബൈജൂസിന്റെ നീക്കം. രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ഈ വര്‍ഷം മാത്രം നേടിയത് 660 ദശലക്ഷം ഡോളര്‍ മൂലധനമാണ്.

🔳സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന'കയറ്റം' എന്ന ചിത്രത്തിലെ ആദ്യവീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 'ഇസ്ത്തക്കോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത സനല്‍കുമാര്‍ ശശിധരന്‍ എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. രതീഷ് ഈറ്റില്ലം തന്നെയാണ് ഈണവും നല്‍കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 'അഹ്ര് സംസ' എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈയൊരു ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുങ്ങിക്കിയിരിക്കുന്നത്.

🔳കോവിഡ് കാലത്തിലെ ഒറ്റപ്പെടുത്തലും അതിന്റെ പരിണിത ഫലവും പ്രമേയമാക്കിയ ഹ്രസ്വചിത്രം 'ചാരം' ശ്രദ്ധ നേടുന്നു. ഐഡാ ഹോം സെന്റര്‍ ഇന്റീരിയേഴ്സിന്റെ പുതിയ സംരംഭമായ ഐഡാ എച്ച്. സി പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ എസ് ചന്ദ്രന്‍ നിര്‍മ്മിച്ച് ടെന്നി ജോസഫ് രചനയും സംവിധാനവും നിര്‍മ്മിച്ച ചിത്രമാണ് ചാരം. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരനും ആരുടേയും ഏതൊരാവശ്യത്തിനും മുന്‍പിന്‍ നോക്കാതെ പുറപ്പെടുന്നവനുമായ ഓട്ടോ ഡ്രൈവര്‍ ജോസഫിന്റെ ജീവിതവും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം.

🔳വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതസ്മൃതികള്‍. എന്‍. ശശിധരന്റെ ആത്മകഥ. 'മഹാവ്യസനങ്ങളുടെ നദി'. മാതൃഭൂമി. വില 200 രൂപ.

🔳സെല്‍റ്റോസിന്റെ എക്‌സ് ലൈന്‍ വേരിയന്റ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് കമ്പനി. സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായാണ് എക്‌സ്ലൈന്‍ എത്തുന്നത്. ഈ വാഹനത്തിന് 16.65 ലക്ഷം രൂപ മുതല്‍ 17.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഈ മോഡലിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 138 ബി.എച്ച്.പി. പവറും 242 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳കൊവിഡ് 19 മുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് ആരോഗ്യം ദുര്‍ബലമായിരിക്കുമെന്ന് നമുക്കറിയാം. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ കൊവിഡിന് ശേഷമുണ്ടാകുന്ന തളര്‍ച്ചയെ മറികടക്കാനാകും. ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ഇതിന് യോജിച്ചത്. മധുരക്കിഴങ്ങ്, ധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും നല്ലതുപോലെ കഴിക്കുക. രോഗങ്ങളോട് പോരാടുമ്പോള്‍ പേശികള്‍ ക്ഷീണത്തിലാകാന്‍ സാധ്യതയുണ്ട്. ഇതിനെ പരിഹരിക്കാന്‍ പ്രോട്ടീന്‍ നല്ലതാണ്. പരിപ്പുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, മുട്ട, മത്സ്യം, ചിക്കന്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാം. ഒമേഗ- 3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണവും ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ കഴിക്കാം, ഫ്‌ളാക്‌സ് സീഡ്‌സ്, വള്‍നട്ട്‌സ്, സോയബീന്‍ ഓയില്‍, സാല്‍മണ്‍ മത്സ്യം, അയല മത്സ്യം തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്. ഭക്ഷണം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ വയറിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പിടിപെടുമ്പോള്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകരാന്‍ സാധ്യതയുണ്ട്. 'പ്രോബയോട്ടിക്'- 'പ്രീബയോട്ടിക്' ഭക്ഷണങ്ങളിലൂടെ ഈ അവസ്ഥയെ പരിഹരിക്കാം. തൈര്, മോര്, കഞ്ഞി, ഇഡ്ഡലി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നു. വൈറ്റമിന്‍- ഡി അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തുക. എല്ലുകളെ ബലപ്പെടുത്താനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനുമെല്ലാം ഇവ സഹായിക്കുന്നു. കൂണ്‍, കട്ടത്തൈര്, സാല്‍മണ്‍ മത്സ്യം, കോഡ് ലിവര്‍ ഓയില്‍, മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഭക്ഷണം ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ വെള്ളത്തിന്റെ കാര്യം മറക്കാതിരിക്കുക. ഇടവിട്ട് വെള്ളം കുടിച്ച് ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുകയാണ്. ഇതവളുടെ രണ്ടാമത്തെ ചാന്‍സാണ്. ആ ചാന്‍സിലും അവള്‍ പരാജയപ്പെട്ടു. പരിശീലകന്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അവളെ കളിയാക്കി. പിന്നീട് ഡൈവിങ്ങ് സീറ്റിലിരിക്കുവാന്‍ അവള്‍ വല്ലാതെ ഭയപ്പെട്ടു. ഈ ഭയവുമായാണ് അവള്‍ കൗണ്‍സിലറുടെ മുന്നില്‍ എത്തിയത്. അപ്പോള്‍ ആ കൗണ്‍സിലറുടെ മറുപടി ഇപ്രകാരമായിരുന്നു: 'ഡ്രൈവിങ്ങ് ടെസ്റ്റില്‍ നിരന്തരമായ 4 തോല്‍വികള്‍ക്ക് ശേഷമായിരുന്നു ഞാന്‍ ജയിച്ചത്. കാര്‍ സ്വന്തമായി ഓടിക്കണമെന്ന ആഗ്രഹം തീവ്രമാണെങ്കില്‍ ഇനിയും ധൈര്യമായി ടെസ്റ്റിന് പോകണം. ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല, ടെസ്റ്റില്‍ നന്നായി കാറോടിക്കുക എന്നതാണ് പ്രധാനം..' ഒരിക്കല്‍ തോറ്റുപോയ കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ നാം എത്ര തവണ ശ്രമിച്ചിട്ടുണ്ട്? രണ്ടോ മൂന്നോ തവണ... അല്ലെങ്കില്‍ ചിലപ്പോള്‍ ശ്രമിച്ചിട്ടേ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത എത്രയോ കാര്യങ്ങള്‍. തോല്‍ക്കുമ്പോള്‍ തന്നെ ആ പ്രവൃത്തിയില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന രീതിയിലുള്ള ഒരു ഭയം രൂപപ്പെടും. എന്നെക്കൊണ്ട് ആകില്ല, ഞാന്‍ ഒരു തോല്‍വിയോണോ എന്നെല്ലാമുള്ള ചിന്തകള്‍ രൂപപ്പെടും. ജയിക്കാനായി ജനിച്ചവര്‍ ആരുമില്ല, അതുപോലെ തന്നെ തോല്‍ക്കാനായും. തോല്‍വിയല്ല നമ്മെ തളര്‍ത്തുന്നത്. അതില്‍ നിന്നും രൂപപ്പെട്ട സ്വയം പരിഹാസവും അപകര്‍ഷതാബോധവുമാണ്. പ്രതികരണവും പ്രവര്‍ത്തിയുമാണ് വിജയത്തിനും പരാജയത്തിനും അന്തിമരൂപം നല്‍കുന്നത്. ആദ്യശ്രമത്തില്‍ പരാജയപ്പെട്ടതുകൊണ്ട് ഫുള്‍സ്റ്റോപ്പിട്ട പലകാര്യങ്ങളും നമ്മുടെ ജീവിത്തിലുണ്ടായിട്ടുണ്ടാകില്ലേ.. സ്വയം പരിഹാസത്തിന്റേയും അപകര്‍ഷതയുടേയും പുറന്തോട് പൊളിച്ചുമാററി ഒന്നുകൂടി നമുക്ക് ആ കാര്യങ്ങള്‍ക്കായി ശ്രമിച്ചുനോക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only