26 ഓഗസ്റ്റ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 26 ഓഗസ്റ്റ് 2021)

🔳സുപ്രീംകോടതിയിലേക്കുള്ള പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പേരുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്. 2027ല്‍ ജസ്റ്റിസ് ബി വി നാഗരത്നയാകും ആദ്യ വനിത ചീഫ് ജസ്റ്റിസ്.

🔳കോവിഡ് പ്രതിരോധത്തിലും ആസ്തി വില്‍പ്പനയിലും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ കൂട്ടേണ്ട സമയമാണിതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിപ്പോള്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണെന്നും അതുകൊണ്ട് നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ എന്നാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

🔳ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് കര്‍ശന ചട്ടങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേഖലകള്‍ തിരിച്ച് ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധമാക്കി.

🔳സംസ്ഥാന സര്‍ക്കാര്‍ മുപ്പത്തിയാറ് കേസുകള്‍ അനുമതിയില്ലാതെ പിന്‍വലിച്ചതായി കേരള ഹൈക്കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി സുപ്രീംകോടതിക്ക് കണക്ക് നല്‍കി.

🔳കോവിഡ് വ്യാപനം രൂക്ഷമായതില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മഹാമാരിയെ കേരളം പ്രചാരവേലകള്‍ക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ ഒരുവര്‍ഷത്തോളം എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തി 'കരുതലിന്റെ പാഠം' പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോള്‍ കാണാനില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.

🔳മരംമുറിക്കേസിലെ പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാര്‍ പരാതി നല്‍കി. എഡിജിപി ശ്രീജിത്തിനാണ് പരാതി നല്‍കിയത്. ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യക സംഘത്തിലെ അംഗമായിരുന്നു ധനേഷ്.

🔳എം.എസ്.എഫ്. നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ 'ഹരിത' നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഖേദം പ്രകടിപ്പിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫെയ്സ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനവുമായി പി.കെ. നവാസ് എത്തിയത്. ആരോപണ വിധേയരായ നേതാക്കള്‍ ഫെയ്സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു ഇന്ന് നേതൃത്വം കൈക്കൊണ്ടത്. ഒപ്പം ഹരിത നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്ന് ലീഗ് വിലയിരുത്തിയിരുന്നു.

🔳തൃക്കാക്കരയിലെ പണക്കിഴി വിവാദത്തില്‍ ഡിസിസി അന്വേഷണ കമ്മീഷന്‍ ഇന്ന് ഡിസിസി അദ്ധ്യക്ഷന് റിപ്പോര്‍ട്ട് കൈമാറും. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പന്‍ പണം നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അദ്ധ്യക്ഷ പണം നല്‍കിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് കൌണ്‍സിലര്‍ വി ഡി സുരേഷിനെ തെളിവെടുപ്പിനായി വിളിപ്പിച്ചിരുന്നില്ല. സംഭവം പ്രതിപക്ഷമായ എല്‍ഡിഎഫിന്റെ ഗൂഡാലോചനയാണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരില്‍ ചിലരും ഇതിനൊപ്പം നിന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതേസമയം പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. നഗരസഭ അദ്ധ്യക്ഷ പണം നല്‍കിയെന്ന പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിജിലന്‍സ് കൊച്ചി യൂണിറ്റിനാണ് പരിശോധനാ ചുമതല.

🔳ദില്ലി ചര്‍ച്ചകളിലും അന്തിമ ചിത്രമാകാതെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക. ഡിസിസി അധ്യക്ഷന്മാരുടെ രണ്ടാംപട്ടികയുമായി കെ സുധാകരനെത്തിയിട്ടും തീരുമാനമാകുന്നില്ല. അഞ്ച് ജില്ലകളുടെ കാര്യത്തില്‍ തുടരുന്ന ആശയക്കുഴപ്പം ചര്‍ച്ചകളെ എവിടെയുമെത്തിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. സാമൂഹിക- സാമുദായിക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിവരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി.

🔳കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നില്‍ എം കെ രാഘവന്‍ എം പിക്കും കെ പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്ററുകള്‍. എം കെ രാഘവന്റെ നീരാളി പിടുത്തത്തില്‍ നിന്ന് കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവര്‍ സംഘത്തിലെ ഒരാളെ പ്രസിഡന്റ് ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററിലുണ്ട്.

🔳കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിച്ചതിന് സമാനമായി വണ്ടൂരിലും മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. എ പി അനില്‍ കുമാര്‍ എംഎല്‍എക്കെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനില്‍ കുമാര്‍ കോണ്‍ഗ്രസിന്റെ അന്തകനെന്ന് പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനില്‍കുമാറിന് പ്രധാനമെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു.

🔳ഡിസിസി പുന:സംഘടനയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്നും പറയാനില്ലെന്ന് ശശി തരൂര്‍. താന്‍ ആര്‍ക്കുമെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നു പറഞ്ഞ തരൂര്‍ പുന:സംഘടന സുഗമമായി തീരുമെന്ന് പ്രത്യാശിച്ചു. പട്ടിക ഉടന്‍ ഇറങ്ങുമെന്നാണ് മനസിലാക്കുന്നതെന്നും എന്ത് തീരുമാനം വന്നാലും നൂറ്ശതമാനം പിന്തുണ പാര്‍ട്ടിക്കുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

🔳സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്ത വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദര്‍ ജെയിംസ് പനവേലിന് നേരെ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികള്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദര്‍ ജെയിംസ് പനവേലില്‍. തിരുനാളിനിടെ 'ഈശോ' സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെതിരെ ഫാദര്‍ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.

🔳ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ ജീത്തു ജോസഫ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികള്‍ എന്ന അവകാശപ്പെടുന്ന ചിലര്‍ സംവിധായകനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

🔳പഞ്ചവാദ്യ രംഗത്തെ പ്രമുഖനായ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ (83) അന്തരിച്ചു. 2011-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പല്ലാവൂര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തില്‍ അഞ്ച് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിട്ടുള്ള തൃക്കൂര്‍ രാജന്‍, തൃശൂര്‍പൂരം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനായിരുന്നു.

🔳കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 29-ാം തിയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30 ന് തിയതി ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

🔳രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. പ്രഖ്യാപനമനുസരിച്ച് ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന് മുമ്പുണ്ടായിരുന്ന 9,284 രൂപയെന്ന പരിധി ഇല്ലാതാകും. അവസാന ശമ്പളത്തിന്റെ 30 ശതമാനമാക്കിയതോടെ 30,000 രൂപ മുതല്‍ 35,000 രൂപ വരെ പെന്‍ഷന്‍ ലഭ്യമാകുമെന്ന് ഫിനാന്‍സ് സെക്രട്ടറി ദേബാശിഷ് പാണ്ഡ വ്യക്തമാക്കി.

🔳യോഗി ആദിത്യനാഥിന് എതിരായ വിവാദ പ്രസംഗത്തിന്റെ പേരില്‍ ഉദ്ധവ് താക്കറെക്കെതിരെ പരാതി നല്‍കി ബിജെപി. കഴിഞ്ഞവര്‍ഷം ദസറ ആഘോഷത്തിനിടെ ശിവസേന റാലിയില്‍ യോഗി ആദിത്യനാഥിനെ ചെരുപ്പുകൊണ്ട് അടിക്കണം എന്ന് ഉദ്ധവ് താക്കറെ പ്രസംഗിച്ചിരുന്നു. നാരായണ്‍ റാണയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി.

🔳ജാതി സെന്‍സസ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. പിന്നോക്ക വിഭാഗക്കാരനായ നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് അഭിമാനകരമാണെന്നും ജാതി സെന്‍സസ് ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാറിനെ തടയുന്നത് എന്താണെന്നും ഉപേന്ദ്ര കുശ്വാഹ ചോദിച്ചു.  

🔳അഫ്ഗാനിലെ സ്ഥിതിഗതികള്‍ മോശമാണെന്നും ദോഹയില്‍ വെച്ച് താലിബാന്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും യുഎസും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയില്‍, മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നു. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിക്കുന്ന സര്‍ക്കാരാകാണം വരേണ്ടതെന്നടക്കം കരാറിലുണ്ടായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് താലിബാന്റെ നീക്കമെന്നാണ് ജയ്ശങ്കര്‍ പറയുന്നത്.

🔳കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഭീകരവാദ ഭീഷണി. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിനാല്‍ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും എത്രയും പെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിനാളുകള്‍ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകര സംഘടനയായ ഐഎസിന്റെ ഭീഷണി.

🔳അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്റെ ഭാഗത്ത് നിന്ന് പീഡനവും മര്‍ദ്ദനവും നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍. റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സിയാണ് യുഎന്‍ രഹസ്യ രേഖകള്‍ ഉദ്ധരിച്ച് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച അഫ്ഗാനിലെ യുഎന്‍ ജീവനക്കാരെ വഹിച്ചുള്ള വാഹനങ്ങള്‍ കാബൂള്‍ വിമാനതാവളത്തിലേക്കുള്ള വഴിയില്‍ താലിബാന്‍ തടയുകയും, ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

🔳സംസ്ഥാനത്ത് തുടര്‍ച്ചായ രണ്ടാം ദിനവും സ്വര്‍ണ വില താഴ്ന്നു. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 35,360 രൂപയും ഗ്രാമിന് 4420 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. 15 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ബുധനാഴ്ച സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. പവന് 35,480 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാമിന് 4,435 രൂപയും.

🔳പുതിയ ഫണ്ട് ഓഫര്‍ വഴി എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകളില്‍ ഇത്രയും തുക എന്‍എഫ്ഒ വഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ഓഹരി വിപണി എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുന്നതിനാല്‍ പുതിയ ഫണ്ടുകളിലും വന്‍തോതിലാണ് നിക്ഷേപമെത്തുന്നത്.

🔳സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചതുരം' ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. സംഘര്‍ഷഭരിതമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ് പതിനെട്ട് സെക്കന്റ് മാത്രമുള്ള ടീസര്‍. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നീ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. 2019 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

🔳തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 10ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടില്‍ തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

🔳ഈ വര്‍ഷം തങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഐക്കണിക്ക് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡായ വെസ്പ. ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ ഒരു സ്പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. വെസ്പ 75-ാമത് ആനിവേഴ്സറി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ സ്‌കൂട്ടര്‍ 125 സിസി എന്‍ജിനിലും 150 സിസി എന്‍ജിനിലും വാങ്ങാം.

🔳മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാന്‍ വേണ്ട വാദമുഖങ്ങളാല്‍ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും. ഈ ഘട്ടത്തില്‍ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. 'വാമൊഴികള്‍ വരമൊഴികള്‍'. ഒ എന്‍ വി കുറുപ്പ്. കേരള സാഹിത്യ അക്കാദമി. വില 315 രൂപ.

🔳സുഗന്ധവ്യഞ്ജനങ്ങളില്‍ ചിലത് പ്രമേഹം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍ പോഷകഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. മഞ്ഞളിലെ 'കുര്‍ക്കുമിന്‍' എന്ന ആന്റിഓക്‌സിഡന്റാണ് പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. ദിവസവും മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഉലുവ ഹൃദയത്തിനും നല്ലതാണ്. കാരണം അവ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. തുളസി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസിയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ കഴിയും. മാനസികാരോഗ്യം മെച്ചപ്പെടുത്താനും തുളസിയ്ക്ക് സാധിക്കും. ദിവസവും തുളസിയിട്ട വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. കറുവപ്പട്ടയ്ക്ക് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. കറുവപ്പട്ട ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 74.23, പൗണ്ട് - 102.00, യൂറോ - 87.32, സ്വിസ് ഫ്രാങ്ക് - 81.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.87, ബഹറിന്‍ ദിനാര്‍ - 196.88, കുവൈത്ത് ദിനാര്‍ -246.62, ഒമാനി റിയാല്‍ - 192.80, സൗദി റിയാല്‍ - 19.79, യു.എ.ഇ ദിര്‍ഹം - 20.21, ഖത്തര്‍ റിയാല്‍ - 20.39, കനേഡിയന്‍ ഡോളര്‍ - 58.88.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only