👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഓഗസ്റ്റ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 13 ഓഗസ്റ്റ് 2021)🔳മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാര്‍ദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

🔳ട്വിറ്റര്‍ പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ നടത്തിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്ററിന്റെ നടപടി രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് തികച്ചും അനീതിയാണെന്ന് മാത്രമല്ല, ട്വിറ്റര്‍ ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ് എന്ന ആശയം ലംഘിക്കുന്നതും കൂടിയാണെന്നും ഒരു പാര്‍ട്ടിയുടെ പക്ഷം ചേരുക എന്നത് വളരെ ഏറെ അപകടം നിറഞ്ഞ കാര്യമാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്റര്‍ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും  ഇതില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

🔳അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം. യുഎസ്.-നോര്‍വീജിയന്‍ സംഘമടങ്ങുന്ന വിദഗ്ധരാണ് പഠനം നടത്തിയത്. വാക്സിന്‍ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിര്‍ന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് നോര്‍വേയിലെ ഓസ്ലോ സര്‍വകലാശാലയിലെ ഒറ്റാര്‍ ജോണ്‍സ്റ്റാഡ് പറഞ്ഞു.


🔳കഴിഞ്ഞദിവസം സഭാസമ്മേളനത്തിനിടെ അരങ്ങേറിയ നാടകീയസംഭവങ്ങളില്‍ പ്രതിപക്ഷ എം.പി.മാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട്. സി.പി.എം രാജ്യസഭാകക്ഷിനേതാവ് എളമരം കരീം മാര്‍ഷലിന്റെ കഴുത്തിന് പിടിച്ചതായും ഛത്തീസ്ഗഢില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.മാരായ ഫുലോദേവി, ഛായവര്‍മ എന്നിവര്‍ വനിതാമാര്‍ഷലിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സി.പി.ഐ അംഗം ബിനോയ് വിശ്വം, ശിവസേന എം.പി. അനില്‍ദേശായി തുടങ്ങിയവര്‍ക്കെതിരേയും പരാമര്‍ശമുണ്ട്.

🔳ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

🔳ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുവെന്നും ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വിഡി സതീശന്‍ ആരോപിച്ചു.

🔳മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കടുത്ത ആരോപണങ്ങളുമായി കെടി ജലില്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീല്‍ വെളിപ്പെടുത്തി. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്ന് ജലീല്‍ ആരോപിച്ചു.

🔳എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി വനിതാ നേതാക്കള്‍. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ്,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വനിതാ നേതാക്കള്‍ പറയുന്നു.

🔳ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. അറസ്റ്റിലുറച്ച് സിബിഐ മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ജയപ്രകാശ്, ഗുജറാത്ത് മുന്‍ ഡി.ജി.പിയും ഐ.ബി. ചുമതലയും ഉണ്ടായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

🔳നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി നല്‍കിയ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ആറുമാസം കൂടി സമയം അനുവദിക്കണം എന്നാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

🔳സ്ത്രീധനത്തിന്റെ പേരില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ  പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കില്‍ വിളിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ കോടതികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  87 അഭിഭാഷകരുടെ സംഘത്തെയും ഓഫീസിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്.

🔳സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കാരക്കാമല എഫ്‌സിസി മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ അന്തിമ വിധി വരുന്നതുവരെ ലൂസിക്ക് മഠത്തില്‍ തന്നെ താമസിക്കാമെന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്.

🔳മലയാളികള്‍ ഒരുദിവസം കുടിക്കുന്ന ശരാശരി മദ്യം അഞ്ചുലക്ഷം ലിറ്ററിലധികം. ഇത്രത്തോളംതന്നെ ബിയറും ദിവസം അകത്താക്കുന്നുണ്ട്. ഇതിനുപുറമേ ദിവസവും മൂവായിരം ലിറ്ററിലധികം വൈനും മലയാളികള്‍ കുടിച്ചുതീര്‍ക്കും. ബിവറേജസ് കോര്‍പ്പറേഷന്‍ വിവരാവകാശപ്രകാരം നല്‍കിയ കണക്കുകളാണ് ഇതിന് അടിസ്ഥാനം. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസാണ് വിവരങ്ങള്‍ തേടിയത്.

🔳കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.

🔳ഈശോ'  സിനിമയ്‌ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്.

🔳തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വര്‍ഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്.

🔳സ്വന്തമായി നിര്‍മിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമത്തിലെ 24കാരനായ ഷെയിഖ് ഇസ്മയില്‍ ഷെയിഖ് ഇബ്രാഹിമാണ് അപകടത്തില്‍ മരിച്ചത്. അന്തിമ പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ സ്വപ്ന പദ്ധതിയായിരുന്ന ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇസ്മയിലിന് സഹോദരന്റെ ഗ്യാസ് വെല്‍ഡിങ് കടയിലായിരുന്നു ജോലി.

🔳അശ്ലീലചിത്രം നിര്‍മിച്ചതിന്റെപേരില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് മുംബൈ പോലീസ്. കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ പോലീസ് വ്യക്തമാക്കി.

🔳കോവിഡ് പ്രതിരോധത്തിന് കര്‍ശനനടപടികളുമായി ചൈന. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന വളരെ വേഗത്തില്‍ തന്നെ വ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചൈനയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല പ്രവിശ്യകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുനിരീക്ഷണത്തിലുളളവര്‍ ഒരു ദിവസം 3 തവണയിലേറെ വീടിന്റെ വാതിലുകള്‍ തുറന്നാല്‍ ഉദ്യോഗസ്ഥര്‍ അവരെ വീട്ടില്‍ പൂട്ടിയിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം. കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയിട്ടുണ്ട്.

🔳അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തെന്ന് താലിബാന്‍. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചിരിക്കുന്നത്.

🔳അഫ്ഗാനിസ്താന്‍ പിടിച്ചടക്കി കൊണ്ടിരിക്കുന്ന താലിബാന്‍ രാജ്യത്തെ സ്ത്രീകളെ തങ്ങളുടെ പോരാളികളെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പിടിച്ചെടുത്ത പ്രദേശങ്ങളിലെ അഫ്ഗാന്‍ സൈനികരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുന്നതായും അവിവാഹിതരായ സ്ത്രീകളെ തങ്ങളുടെ പോരാളികളെക്കൊണ്ട് താലിബാന്‍ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇറ്റലിയിലെ സിസ്ലി ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തു. 48.8 ഡിഗ്രി സെല്‍ഷ്യസ്. 1977-ല്‍ ഗ്രീസിലെ ആതന്‍സില്‍ റിപ്പോര്‍ട്ട് ചെയ്ത 48 ഡിഗ്രി സെല്‍ഷ്യസിനെയാണ് ഇത് മറികടന്നത്. ലൂസിഫര്‍ എന്നു പേരു നല്‍കിയിട്ടുള്ള ചുഴലിക്കാറ്റാണ് ഇറ്റലിയില്‍ ഉഷ്ണതരംഗത്തിന് കാരണമായത്.

🔳അമേരിക്കയില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. രാജ്യത്ത് കോവിഡ് ഡെല്‍റ്റാ വകഭേദം വീണ്ടും പടരുന്നതിനിടെയാണ് വൈറസിനെതിരേ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനുള്ള നിര്‍ണായക തീരുമാനം.

🔳മകള്‍ക്കു മേലുള്ള രക്ഷാകര്‍ത്തൃ ഭരണം അവസാനിപ്പിക്കാമെന്ന് സമ്മതിച്ച് പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ പിതാവ് ജാമി സ്പിയേഴ്‌സ്. അതോടൊപ്പം ഏകദേശം 445 കോടിയോളം രൂപ മൂല്യമുള്ള എസ്റ്റേറ്റിന്റെ സ്ഥാനമാനങ്ങളില്‍ നിന്ന് താന്‍ സ്വമേധയാ ഒഴിയാമെന്ന് ജാമി കോടതിയെ അറിയിച്ചു. തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്‌നി കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കോടതിയെ സമീപിച്ചത്.

🔳യൂറോപ്പില്‍ വമ്പന്‍ ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്, സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ എന്നിവയ്ക്ക് ഇന്ന് രാത്രി കിക്കോഫാകും. ഫ്രഞ്ച് ലീഗ് വണ്‍ നേരത്തേ തുടങ്ങിയിരുന്നു.

🔳ഗ്രേറ്റ് വാള്‍ മോട്ടോര്‍ ഇന്ത്യയിലെ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ബ്രസീലിന് അനുവദിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അംഗീകാരങ്ങള്‍ നേടുന്നതില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കാലതാമസം നേരിട്ട സാഹചര്യത്തിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇത്തരമൊരു നടപടിയിലേക്കെത്തിയത്. 300 മില്യണ്‍ ഡോളര്‍ വരെയായിരുക്കും പുനര്‍ വിഹിതമായി ബ്രസീലിന് അനുവദിക്കുക.

🔳ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍. ഈ ഗ്രാമത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 17 ബാങ്കുകള്‍. ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ നിക്ഷേപം മാത്രം 5,000 കോടി രൂപ വരും. 7,600 വീടുകളാണ് ഇവിടെയുള്ളത്. ഗ്രാമത്തിന്റെ പേര് മദാപ്പര്‍. ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിലാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്. ഇവിടുത്തെ ഭൂരിപക്ഷം വീട്ടില്‍ നിന്നും ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നു എന്നതാണ് ഈ വരുമാനത്തിന്റെ പ്രധാന കാരണം. അവര്‍ കുടുംബക്കാര്‍ക്കും, ബന്ധുക്കള്‍ക്കും പണം അയക്കുന്നു, അതിനൊപ്പം വിദേശത്തെ ജോലി മതിയാക്കി ഇവിടെ വന്ന് സംരംഭം തുടങ്ങിയവരും ഏറെയുണ്ട്.

🔳നടനായും സംഗീത സംവിധായകനായും പ്രേക്ഷകപ്രീതി നേടിയ താരമാണ് ജി വി പ്രകാശ്കുമാര്‍. ഇപോഴിതാ ജി വി പ്രകാശ്കുമാറിന്റെ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജി വി പ്രകാശ്കുമാര്‍ നായകനാകുന്നത്.  ഇടിമുഴക്കം എന്നാണ് പേര്. ഗായത്രിയാണ് സിനിമയിലെ നായിക.

🔳അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്ത്.  ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുല്‍ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.

🔳മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്യുവി മോഡലായ എക്സ്യുവി700ന്റെ അവതരണം ഈ മാസം 14ന് നടക്കും എന്ന് റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ പുത്തന്‍ ലോഗോ പേറുന്ന ആദ്യ മോഡലായാണ് എക്സ്യുവി700ന്റെ വരവ്.  മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.

🔳ജീവിതത്തിന്റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്റെയും പ്രതീകമായ ഹാനിക്കു മുന്നില്‍ പ്രിയപ്പെട്ടവര്‍ തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള്‍ പലര്‍ക്കുമായി പകുത്ത് നല്‍കിയ ഒരു സ്ത്രീയുടെ ആര്‍ദ്രമായ കഥ. 'പെയ്തൊഴിഞ്ഞ മഴ'. ബേബി സല്‍മാന്‍ കെ. ഗ്രീന്‍ ബുക്സ്. വില 130 രൂപ.

🔳കൊളസ്‌ട്രോള്‍ രണ്ടു തരത്തിലുണ്ട് എല്‍ ഡി എല്‍ കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്ട്രോളും എച്ച് ഡി എല്‍ അഥവാ നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ അത് ധമനികളുടെ ആന്തരിക ഭിത്തികളില്‍ അടിഞ്ഞു കൂടും. പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും. കൊളസ്‌ട്രോള്‍ ലെവല്‍ കൂടാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ജനിതകമാണ്. പാരമ്പര്യമായി കൊളസ്‌ട്രോള്‍ വരാം. ജീവിതശൈലിയാണ് കൊളസ്‌ട്രോള്‍ കൂടാന്‍ മറ്റൊരു കാരണം. കൊഴുപ്പു കൂടിയ ഭക്ഷണം കൂടിയ അളവില്‍ കഴിക്കുന്നത്, വ്യായാമമില്ലായ്മ , പുകവലി, അമിത മദ്യപാനം ഇവ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും. പൊണ്ണത്തടിയാണ് കൊളസ്‌ട്രോള്‍ വരാന്‍ മറ്റൊരു കാരണം. കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ ശരീരംതന്നെ ലക്ഷണങ്ങള്‍ പ്രകടമാക്കും. ചില ആളുകളുടെ ചര്‍മത്തില്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തിലുള്ള വളര്‍ച്ച കാണാം. ചിലപ്പോള്‍ മുഖത്തിലും അതുണ്ടാകാം. നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് അനാരോഗ്യകരമായ വര്‍ധിച്ചിരിക്കുന്നു എന്നാണ് ശരീരം ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ചര്‍മത്തിലെ ഈ മഞ്ഞ കലര്‍ന്ന ഓറഞ്ച് വളര്‍ച്ച ചര്‍മത്തിനടിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടിയതാവാം. വേദനയില്ലാത്ത ഈ കൊഴുപ്പ് അടിയല്‍ ശരീരത്തിന്റെ പല സ്ഥാനത്തും കാണാം. കണ്ണിന്റെ മൂലകളില്‍, കൈ രേഖയില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്‌ട്രോള്‍ അടിയാം. ഇടയ്ക്കിടെ രക്തപരിശോധന നടത്താത്ത ആളാണ് നിങ്ങളെങ്കില്‍ ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങള്‍ അനാരോഗ്യത്തിന്റെ സൂചനയായി കരുതുക. ആരോഗ്യകരമായ ജീവിത രീതിയും വ്യായാമവും ശീലമാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 74.26, പൗണ്ട് - 102.55, യൂറോ - 87.20, സ്വിസ് ഫ്രാങ്ക് - 80.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.49, ബഹറിന്‍ ദിനാര്‍ - 197.03, കുവൈത്ത് ദിനാര്‍ -246.84, ഒമാനി റിയാല്‍ - 192.92, സൗദി റിയാല്‍ - 19.80, യു.എ.ഇ ദിര്‍ഹം - 20.22, ഖത്തര്‍ റിയാല്‍ - 20.40, കനേഡിയന്‍ ഡോളര്‍ - 59.30.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only