👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 26 ഓഗസ്റ്റ് 2021)

 

🔳ദേശീയ ധനസമാഹാരണ പദ്ധതിക്കെതിരെ രംഗത്ത് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനസമ്പാദനം എന്താണെന്ന് രാഹുലിന് അറിയാമോയെന്ന് നിര്‍മലാ സീതാരാമന്‍ ചോദിച്ചു. കോണ്‍ഗ്രസാണ് രാജ്യത്തെ വിഭവങ്ങള്‍ വിറ്റതും, അതിന്റെ തിരിച്ചടി അനുഭവിച്ചതുമെന്നും നിര്‍മല സീതാരാമന്‍.

🔳ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പാക്കേജിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും ഈ ആസ്തികളൊക്കെ രാജ്യത്തിന്റേതാണെന്നും അല്ലാതെ പ്രധാനമന്ത്രി മോദിയുടേതോ ബിജെപിയുടെയോ വകയല്ലെന്നും മമത പറഞ്ഞു. തീരുമാനം ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്നും അവര്‍ പ്രതികരിച്ചു.

🔳ദില്ലി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് രാകേഷ് അസ്താനയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള കേസില്‍ ഹര്‍ജി നല്‍കിയ പ്രശാന്ത് ഭൂഷണിനോട് ദില്ലി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ തീരുമാനം. അതേസമയം ഹൈക്കോടതിയിലെ കേസ് രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയായിരുന്നു അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചത്. ആറുമാസമെങ്കിലും കാലാവധി ഉണ്ടെങ്കില്‍ മാത്രമെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് നിയമനം പാടുള്ളുവെന്ന സുപ്രീംകോടതി വിധിയുണ്ട്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 68 ശതമാനം രോഗികളും കേരളത്തില്‍. രാജ്യത്ത് ഇന്നലെ 46,265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 31,445 രോഗികളും കേരളത്തില്‍ നിന്നുള്ളതാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച മരണങ്ങളില്‍ 35 ശതമാനം മരണവും കേരളത്തില്‍ നിന്ന് തന്നെയാണ്. 605 മരണങ്ങളില്‍ 215 മരണവും കേരളത്തിലാണ് സംഭവിച്ചത്. രാജ്യത്തെ സജീവരോഗികളുടെ 51 ശതമാനവും കേരളത്തിലാണ്. 3,27,571 സജീവരോഗികളാണ് രാജ്യത്ത് മൊത്തം നിലവിലുള്ളത്. അതില്‍ 1,70,312 പേരും കേരളത്തില്‍ നിന്നുള്ളതാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും ആരോഗ്യരംഗത്ത് ഏറെയൊന്നും പ്രസിദ്ധിയില്ലാത്ത ബീഹാറിലും ഉത്തര്‍പ്രദേശില്‍ പോലും സ്‌കൂളുകള്‍ തുറക്കാനുള്ള ഇളവുകള്‍ നല്‍കാനൊരുങ്ങുമ്പോള്‍ കേരളം കടുത്ത നിയന്ത്രണത്തിലേക്കാണ് നീങ്ങുന്നത്. കോവിഡ് നിയന്ത്രണത്തിലും പരിപാലനത്തിലും ഷൈലജ ടീച്ചറുടെ കാലത്ത് കടല്‍ കടന്ന് പ്രശസ്തി നേടിയ കേരളത്തിന്റെ ആരോഗ്യമോഡലിന് തിരിച്ചടിയായിരിക്കുയാണീ കണക്കുകള്‍.

🔳കേരളത്തില്‍ ഓണത്തിന് ശേഷം കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തിലാണ് . ഇത് ആദ്യമായാണ് ആകെ കേസുകളില്‍ ഇത്രയും ഉയര്‍ന്ന ശതമാനം കേരളത്തില്‍ നിന്നാകുന്നത്. ഓണത്തിന് ശേഷമുള്ള കേരളത്തിലെ കൊവിഡ് കേസുകള്‍ ചൂണ്ടിക്കാട്ടി ഉത്സവങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

🔳ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നുവെന്ന് ബിജെപി. കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡല്‍ തകര്‍ന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശിച്ചത്. ആകെ കൊവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്. കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളില്‍ വീഴ്ചയും ,പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതില്‍ അലംഭാവവുമുണ്ടായതായും അമിത് മാളവ്യ കുറ്റപ്പെടുത്തി.

🔳സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണെന്നും ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു. കോവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

🔳സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

🔳സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നിരീക്ഷണം ശക്തമാക്കി സി.പി.എം. നയപരവും ഭരണപരവുമായ പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ എന്നിവരാകും സമിതിയില്‍ ഉള്‍പ്പെടുക. എല്ലാ ചൊവ്വാഴ്ചയും സമിതി യോഗംചേരും. ചൊവ്വാഴ്ചത്തെ കാബിനറ്റ് ഫ്രാക്ഷനില്‍ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ നല്‍കും. വെള്ളിയാഴ്ചത്തെ പതിവ് സെക്രട്ടേറിയറ്റ് യോഗത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. സര്‍ക്കാര്‍ പരിപാടികള്‍ പാര്‍ട്ടി നയത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണമെന്ന് റിപ്പോര്‍ട്ടുകള്‍.

🔳വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് വെട്ടിയതിനെതിരെ രംഗത്ത് വന്ന സ്പീക്കര്‍ എം.ബി രാജേഷിനും സിപിഎമ്മിനുമെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ഭഗത് സിങ്ങും മാപ്പിള രാജ്യം സ്ഥാപിക്കുന്നതിനായി ഹിന്ദുക്കളെ കൊല ചെയ്ത വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തുല്യരാകുന്നതെങ്ങനെയാണെന്ന് വി.മുരളീധരന്‍ ചോദിച്ചു. അജ്ഞത അപരാധമല്ലെന്നും എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി നാല് വോട്ടിന് വേണ്ടി അജ്ഞത അഭിനയിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്നും വിദേശകാര്യ സഹമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

🔳മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തന്നെയെന്ന് സ്പീക്കര്‍ എംബി രാജേഷ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗീയമായ വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണ്. തന്റെ പ്രസ്താവനയില്‍ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് പറയാന്‍ എല്ലാ പൗരന്മാര്‍ക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കര്‍ക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

🔳സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണം. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

🔳ഏത് ദീപക് ധര്‍മ്മടമായാലും ക്രമക്കേട് കാട്ടിയാല്‍ നടപടി ഉണ്ടാകുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാറിന്റെ സംരക്ഷണം ഉണ്ടാകില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🔳ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. നാടിന്റെ നന്മ ലക്ഷ്യമാക്കി കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര- സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണെന്നും സമുന്നതരായ നേതാക്കള്‍ ദിവസങ്ങളോളം കൂടിയാലോചിച്ച് സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നേതൃത്വത്തിലെത്തിയാല്‍ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ ബന്ധുക്കളല്ല, ശത്രുക്കള്‍ തന്നെയാണെന്നും ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാന്‍ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്നും സുധാകരന്‍ കുറിച്ചു.

🔳കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ് അഡിഷണല്‍ കമ്മിഷണര്‍ അബ്ദുള്‍ റാഷി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. എത്രയും വേഗം റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ഇടുക്കി ചിന്നക്കനാല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ബാങ്ക് ഭരണ സമിതിയാണ് സസ്പെന്‍ഡ് ചെയ്തത്. വായ്പക്ക് ഈടായി നല്‍കിയ ഭൂമിക്ക് മതിയായ രേഖകള്‍ ഇല്ലാതെ വായ്പ അനുവദിച്ചുവെന്നാണ് ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. വ്യാജപ്പട്ടയങ്ങളുടെ മറവില്‍ ലക്ഷക്കണക്കിന് രൂപ വായ്പ നല്‍കിയെന്നും ഇത് ജില്ലയിലെ സിപിഎം നേതാക്കളുടെ അറിവോടെയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

🔳രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

🔳തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെ മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

🔳പരിശോധനയില്ലാതെ മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ പ്രവേശിക്കാനൊരുങ്ങിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തടഞ്ഞ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പാരിതോഷികവുമായി അധികൃതര്‍. സല്‍മാന്‍ ഖാനെ തടഞ്ഞതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ ശിക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.

🔳യോഗിയെ ചെരുപ്പ് കൊണ്ടടിക്കാനാണ് തോന്നിയതെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള പഴയ പരാമര്‍ശം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തിരിഞ്ഞുകൊത്തുന്നു. ഉദ്ദവ് താക്കറെയെ അടിക്കാനാണ് തനിക്ക് തോന്നിയതെന്ന് പ്രസംഗിച്ച കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിനെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെയുടെ പഴയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലായത്. 2018ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശിവസേനാ നേതാവായിരുന്ന ഉദ്ധവ് താക്കറെ വിവാദ പരാമര്‍ശം നടത്തിയത്.

🔳പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി.

🔳പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ രാജിക്കായി മുറവിളിക്കൂട്ടുന്നതിനിടെ പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവാണെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് എം.പിയും മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗര്‍. അനാവശ്യമായ വിവാദങ്ങള്‍ പാര്‍ട്ടിക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

🔳അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ പൗരന്‍മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന സൂചനയുടെ സാഹചര്യത്തിലാണ് പഴയ വിസകള്‍ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടാഴ്ച നിരീക്ഷണം നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യന്‍ നിലപാട് വ്യക്തമാക്കണമെന്ന് ഇന്നത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടും.  

🔳അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദപ്രവര്‍ത്തനങ്ങളുണ്ടായാല്‍ താലിബാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്താനില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനം ഉണ്ടാവുകയും അത് ഇന്ത്യയിലേക്ക് എത്തുകയുമാണെങ്കില്‍, രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ അവിടുത്തെ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് താജികിസ്താന്‍. അക്രമണത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും അധികാരം പിടിച്ചെടുത്തവരെ താജികിസ്താന്‍ അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇമാമലി റഹ്മാന്‍ വ്യക്തമാക്കി.

🔳തകര്‍ന്നടിഞ്ഞ് ഇന്ത്യ, തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ സമ്പൂര്‍ണ ആധിപത്യം. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 78 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40.4 ഓവറില്‍ 78 റണ്‍സിന് കൂടാരം കയറി. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഓവര്‍ടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഒലെ റോബിന്‍സണും സാം കറനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. എട്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

🔳അടുത്ത ആഴ്ച ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ നിന്ന് അമേരിക്കയുടെ സെറീന വില്യംസ് പിന്‍മാറി. തുടയിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് സെറീനയുടെ പിന്‍മാറ്റം. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലും പരിക്കിനെത്തുടര്‍ന്ന് നേരത്തെ യുഎസ് ഓപ്പണില്‍ നിന്ന് പിന്‍മാറിയിരുന്നു. പ്രമുഖതാരങ്ങള്‍ പിന്‍മാറിയതോടെ താരത്തിളക്കമില്ലാതെയാവും ഇത്തവണ യുഎസ് ഓപ്പണ്‍ നടക്കുക.

🔳കേരളത്തില്‍ ഇന്നലെ 1,65,273 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,70,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619.

🔳രാജ്യത്ത് ഇന്നലെ 46,265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,242 പേര്‍ രോഗമുക്തി നേടി. മരണം 605. ഇതോടെ ആകെ മരണം 4,36,396 ആയി. ഇതുവരെ 3,25,57,767 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.27 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,573 പേര്‍ക്കും കര്‍ണാടകയില്‍ 1,224 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,601 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,98,366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,61,925 പേര്‍ക്കും ബ്രസീലില്‍ 30,529 പേര്‍ക്കും റഷ്യയില്‍ 19,536 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,847 പേര്‍ക്കും ഫ്രാന്‍സില്‍ 23,706 പേര്‍ക്കും ഇറാനില്‍ 39,983 പേര്‍ക്കും മലേഷ്യയില്‍ 22,642 പേര്‍ക്കും ജപ്പാനില്‍ 21,750 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.46 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,939 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,239 പേരും ബ്രസീലില്‍ 816 പേരും റഷ്യയില്‍ 809 പേരും ഇറാനില്‍ 709 പേരും ഇന്‍ഡോനേഷ്യയില്‍ 1,041 പേരും മെക്സിക്കോയില്‍ 940 പേരും ഫിലിപ്പീന്സില്‍ 303പേരും സൗത്ത് ആഫ്രിക്കയില്‍ 516 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.74 ലക്ഷം.

🔳ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പ്പന 32,81,089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന. തൈര് വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 വരെ മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പ്പന. 4.86 ശതമാനം വര്‍ധന. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് സാധിച്ചു.

🔳മൊബൈല്‍ കയറ്റുമതിയില്‍ രാജ്യം അതിവേഗം മുന്നേറുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 250 ശതമാനത്തിലധികം വര്‍ധനവാണ് മൊബൈല്‍ കയറ്റുമതിയില്‍ രാജ്യം നേടിയത്. ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇക്കണോമിക് അസോസിയേഷനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഇറക്കുമതിയില്‍ വലിയ ഇടിവാണുണ്ടാത്. 2021-22 ന്റെ ആദ്യ പാദത്തിലെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 4600 കോടി രൂപയായാണ് വര്‍ധിച്ചത്. 2020-21 ലെ ഇതേ പാദത്തിലുണ്ടായിരുന്ന 1300 കോടി രൂപയുടെ മൂന്നിരട്ടിയോളമാണിത്. അതേസമയം, ലാപ്‌ടോപ്പുകളിലും ടാബ്ലെറ്റ് വിഭാഗത്തിലും ഇറക്കുമതി വര്‍ധിച്ചു. 2020-21 ലെ 6000 കോടി രൂപയുടെ ഇറക്കുമതിയേക്കാള്‍ 2021-22 ല്‍ 10,000 കോടിയായി ഉയര്‍ന്നു.

🔳എം ടി വാസുദേവന്‍ നായരുടെ രചനയിലെ കേന്ദ്ര കഥാപാത്രമാവാന്‍ ഉണ്ണി മുകുന്ദന്‍. എംടിയുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകനാവുക. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും ഈ ചലച്ചിത്ര സമുച്ചയം പ്രേക്ഷകരിലേക്ക് എത്തുക. എംടിയുടെ 'ശിലാലിഖിതം' എന്ന കഥയാണ് പ്രിയദര്‍ശന്‍ സ്‌ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന്‍ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എംടിയുടെ 'അഭയം തേടി' എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍.

🔳ബോളിവുഡിന്റെ സമീപകാല ചരിത്രത്തിലെ ശ്രദ്ധേയ ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു ശ്രീറാം രാഘവന്റെ 'അന്ധാധുന്‍'. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ തെലുങ്ക് റീമേക്ക് ആയ 'മാസ്ട്രോ'യുടെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നിഥിന്‍ നായകനാവുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയ, നാഭ നടേഷ്, ജിസ്സു സെന്‍ ഗുപ്ത, നരേഷ് സീനിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മെര്‍ലപ്പക ഗാന്ധിയാണ് സംവിധാനം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക.

🔳ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി എന്‍ ലൈന്‍ ശ്രേണിയിലെ പെര്‍ഫോമന്‍സ് കാറുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബറിലാണ് ഹ്യുണ്ടായി ഐ20 എന്‍ ലൈനിന്റെ വില പ്രഖ്യാപിച്ച് വില്‍പ്പന ആരംഭിക്കുന്നത്. ഇപ്പോള്‍ ഐ20 എന്‍ ലൈനിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി. 25000 രൂപ അടച്ചാല്‍ രാജ്യത്തെ 97 നഗരങ്ങളിലുള്ള 188 ഹ്യുണ്ടായി സിഗ്നേച്ചര്‍ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് കമ്പനി ബുക്കിംഗ് സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എന്‍ ലൈന്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക.

🔳ഭാരതീയമായ ആത്മാന്വേഷണ ദര്‍ശനങ്ങളും മാര്‍ക്സിയന്‍ വൈരൂദ്ധ്യാധിഷ്ഠിത ഭൗതിക ദര്‍ശനവും സ്വന്തം ദര്‍ശന വ്യാപ്തിക്കായി ഉള്‍കൊണ്ടുകൊണ്ടാണ് സ്വന്തം സമൂഹത്തിന്റെയും മനുഷ്യന്റെയും ജീവിത പരിതോവസ്ഥകളെ ആഖ്യാനം ചെയ്യുകയാണ് അനന്ത മൂര്‍ത്തി ഈ നോവലിലൂടെ. 'സംസ്‌കാരം'. ഡിസി ബുക്സ്. വില 144 രൂപ.

🔳ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. അതിനായി ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമങ്ങള്‍, ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക. ഭൂരിഭാഗം ജനങ്ങളിലും ആന്റിബോഡി അളവ് വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അല്ലെങ്കില്‍ കുറഞ്ഞ പ്രതിരോധശേഷി ഉള്ളവരിലാണ് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതല്‍. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസ് ചെയ്യുക എന്നിവ പ്രതിരോധ കുത്തിവയ്പ്പിനു ശേഷവും തുടരുക. കൈകളുടെ ശുചിത്വം ഒരുപോലെ പ്രധാനമാണ്. അണുബാധകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം. ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരകോശങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിനും അണുബാധകള്‍ക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശ്വസന വ്യായാമങ്ങള്‍ മികച്ചതാണ്. കുട്ടികള്‍ അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കുക. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കുട്ടികള്‍ക്ക് നല്‍കുക. മാത്രമല്ല പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസവും കുറച്ച് നേരം ലഘു വ്യായാമങ്ങള്‍ കുട്ടികളില്‍ ശീലമാക്കുക. അത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതിക്കു കാരണം തേടി രാജാവ് രാജഗുരുവിന്റെ അടുത്തെത്തി. സത്യന്ധരല്ലാത്ത ഉദ്യോഗസ്ഥരെ നിയമിച്ചതില്‍ ഗുരു രാജാവിനെ കുറ്റപ്പെടുത്തി. ഗുരു രാജാവിന് ഒരു പാനീയം കൊടുത്തു. ഇത് കഴിച്ചാല്‍ അഴിമതിക്കാരുടെ തലയില്‍ കൊമ്പുമുളക്കും എന്നും പറഞ്ഞു. രാജാവ് കൊട്ടരത്തിലെ ഉദ്യോഗസ്ഥരെ വിളിച്ച് ഒരു സദ്യ നടത്തി. കൂട്ടത്തില്‍ ഈ പാനീയവും വിളമ്പി. പലര്‍ക്കും കൊമ്പുമുളക്കാന്‍ തുടങ്ങി. ചിലര്‍ക്കാകട്ടെ ഒന്നില്‍കൂടുതല്‍ കൊമ്പുകള്‍. ഒടുവില്‍ രാജാവ് കൊമ്പ് മുളക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി. തുടര്‍ന്ന് ഉപദേശവും തുടങ്ങി. ഈ സമയം സേവകരിലൊരാള്‍ രാജാവിനും ഈ പാനീയം നല്‍കി. രാജാവിന്റെ തലയിലും കൊമ്പുകള്‍ മുളച്ചു ഒരു നേതാവിനപ്പുറത്തേക്ക് ഒരു പിന്മാഗമിയും വളരില്ല. വഴികാട്ടികളുടെ ഗുണവും മനോഭാവവുമായിരിക്കും ആ വഴി നടക്കുന്നവര്‍ക്കും . ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളേക്കാള്‍ സ്വാധീനമുണ്ട് സ്വജീവിതത്തിലൂടെ നല്‍കുന്ന പാഠങ്ങള്‍ക്ക്. നേതാവാകുന്നവരും ഗുരുവാകുന്നവരും ആദ്യം വിശുദ്ധമാക്കേണ്ടത് വാക്കുകളല്ല, വിചാരങ്ങളും വ്യവഹാരങ്ങളുമാണ്. വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ അനുകരിക്കാനാണ് ആളുകള്‍ക്കിഷ്ടം. സമുഹത്തിലെ അപാകതകളും ദുശ്ശീലങ്ങളും തിരുത്തപ്പെടേണ്ടത് അടിത്തട്ടില്‍ നിന്നല്ല, മുകള്‍ത്തട്ടില്‍ നിന്നാണ്. പകര്‍ന്നു നല്‍കുന്നവരാണ് സ്വയം പരുവപ്പെടേണ്ടത്. ടാപ്പിലൂടെ വൃത്തിയുള്ള വെള്ളം ലഭിക്കാന്‍ ടാപ്പ് ക്ലീന്‍ ചെയ്താല്‍ പോര, ടാങ്ക് വൃത്തിയാക്കുക തന്നെവേണം. തിന്മയും രോഗവും വളരെ വേഗം പടരും, നന്മയും ആരോഗ്യവും പകരാന്‍ തലമുറകളുടെ പ്രയത്‌നം ആവശ്യമാണ്. നമ്മുടെ വിചാരങ്ങളും വ്യവഹാരങ്ങളും ശുദ്ധമാകട്ടെ, നമുക്കും നല്ല വഴികാട്ടിയാകാന്‍ ശ്രമിക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only