11 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 11 ഓഗസ്റ്റ് 2021)
🔳കോവിഡ് 19 വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും ഉള്‍പ്പെടുത്തുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് സര്‍ക്കാര്‍. പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിഷയം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടത്.

🔳ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയില്‍ കാശ്മീര്‍ ജനത മുറിവേറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരില്‍ എത്തിയ രാഹുല്‍ ഗാന്ധി ശ്രീനഗറിലെ പുതിയ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പദവി കിട്ടുന്നത് വരെ ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

🔳രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യത്ത് ഓക്സിജന്‍ ലഭ്യതക്കുറവ് മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത് ഒരു സംസ്ഥാനത്ത് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാരണത്താല്‍ രാജ്യത്ത് ആകെ ഒരു മരണം മാത്രമാണുണ്ടായതെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. എന്നാല്‍ ഏത് സംസ്ഥാനത്താണ് ഈ മരണമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.


🔳രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ പകുതിയിലധികം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണം കൂടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🔳ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ തിരിച്ചറിയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതിന് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനുമെതിരെ ജയ്പുരില്‍ പരാതി. പെണ്‍കുട്ടിയുടെ വ്യക്തിത്വം രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വെളിപ്പെടുത്ത് ആഴ്ചയ്ക്കുള്ളില്‍ പിഴ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടില്‍ പാര്‍ട്ടികള്‍ നിക്ഷേപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

🔳പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അഥവാ ഡബ്ല്യു.ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14-ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലുമെടുക്കണമെന്ന ഉത്തരവ് എന്തുകൊണ്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു ബാധകമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള വിശദീകരണം ബുധനാഴ്ച അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഹിന്ദി സിനിമകളിലെ ചൂതാട്ടകേന്ദ്രങ്ങള്‍ പോലെയാണ് ഇപ്പോഴും പല മദ്യഷോപ്പുകളുമെന്നും കോടതി അഭിപ്രായപ്പെട്ടു.

🔳കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.

🔳ഇത് വരെ സ്വാതന്ത്യം ആഘോഷിക്കാതെ, ത്രിവര്‍ണ്ണ പതാക ഉയര്‍ത്താതെ, ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര്യ ഇന്ത്യ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണമെന്നും എന്നിട്ടാകാം ആഘോഷമെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍.

🔳നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടി കാവ്യാ മാധവന്‍ സാക്ഷിവിസ്താരത്തിന് ഹാജരായി. എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഇന്നലെയാണ് ഹാജരായത്. 34-ാം സാക്ഷിയാണ് കാവ്യ. സാക്ഷിവിസ്താരം ഇന്നും തുടരും.

🔳നിരവധി ആദിവാസി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സികെ ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സികെ ജാനിവിനെ രാഷ്ട്രീയമായി ഇല്ലാതാക്കി സര്‍ക്കാരിനെതിരെ ഉയരുന്ന ആദിവാസി മുന്നേറ്റത്തെ തകര്‍ക്കാനാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

🔳ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2022 ജനുവരി മാസത്തിന് മുമ്പുതന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ലിംഗസമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി ഉണ്ടാകും.

🔳സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു.

🔳കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം. ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍
എന്നിവര്‍ക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം
പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നല്‍കിയത്.

🔳കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയിലെ പല നഗരങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് ഇന്ത്യയിലെ 12 തീരദേശ നഗരങ്ങളെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടല്‍ കവര്‍ന്നേക്കുമെന്ന ഭീതി പങ്കുവെക്കുന്നത്. കടലെടുക്കാനിടയുള്ള നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ കൊച്ചിയും ഉള്‍പ്പെടുന്നു.

🔳പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് പഞ്ചാബിലെ വ്യവസായികള്‍. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണാം സിങ് ചാദുനിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ഭാരതീയ ആര്‍തിക് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ട്രേഡേഴ്‌സ് അസോസിയേഷന്‍ നേതാവ് തരുണ്‍ ഭവയെ പാര്‍ട്ടിയുടെ സ്ഥാപക ദേശീയ പ്രസിഡന്റായും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാവും പുതിയ പാര്‍ട്ടിയെന്നും നിയമസഭയിലേക്കുള്ള 117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ചാദുനി പറഞ്ഞു.

🔳ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ പുറത്തു നിന്നുള്ള രണ്ട് പേര്‍ മാത്രമാണ് സ്വത്ത് വാങ്ങിയതെന്ന് കേന്ദ്രം. ലോക്സഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

🔳ഇന്ത്യയില്‍നിന്ന് അബുദാബിയിലെത്തുന്ന താമസ വിസക്കാര്‍ക്ക് 12 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം. എത്തിയതിന്റെ ആറാം ദിവസവും പതിനൊന്നാം ദിവസവും പിസിആര്‍ ടെസ്റ്റ് എടുത്തിരിക്കണം. ഇവര്‍ക്ക് നിരീക്ഷണത്തിനായി അബുദാബി വിമാനത്താവളത്തില്‍വെച്ച് ട്രാക്കിങ്ങ് വാച്ച് നല്‍കും. ദുബായ് താമസവിസക്കാര്‍ക്ക് മാത്രമേ കോവിഡ് വാക്സിനേഷനില്ലാതെ യുഎഇയിലേക്കെത്താന്‍ കഴിയൂ എന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. യുഎഇയില്‍ നിന്നെടുത്ത കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായേ മറ്റ് എമിറേറ്റിലെ താമസവിസക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ.

🔳ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് 8,486 മ്യാന്‍മാര്‍ പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്നും അവരില്‍ 5,796 പേരെ തിരികെ അയച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. 2,690 മ്യാന്‍മാര്‍ പൗരന്മാര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ ഇപ്പോഴും ഇന്ത്യയിലുണ്ടെന്നും രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.

🔳അഫ്ഗാനിസ്താനിലെ ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പിന്തുണ തേടി അഷ്‌റഫ് ഗനി സര്‍ക്കാര്‍. താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. തുടര്‍ന്നാണ് താലിബാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടത്. അതേസമയം ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്‍ ആശങ്കപ്പെടുന്നത്.

🔳താലിബാനുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുനല്‍കി. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശംനല്‍കി. സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം ഏകദേശം 1500 ഇന്ത്യക്കാര്‍ അഫ്ഗാനിസ്താനില്‍ താമസിക്കുന്നുണ്ട്.

🔳ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായ പിആര്‍ ശ്രീജേഷിന് കേരളത്തിന്റെ വരവേല്‍പ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. കായികമന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍. ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും വിമാനത്താവളത്തിലെത്തിയിരുന്നു.

🔳ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍.ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാന്‍. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳അത്‌ലറ്റിക്‌സില്‍ ആദ്യമായി ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ആദരവുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് രാജ്യമെമ്പാടും ചോപ്രയോടുള്ള ആദര സൂചകമായി ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ചോപ്ര ടോക്യോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ ദിവസമാണ് ഓഗസ്റ്റ് ഏഴ്.

🔳ടോക്യോ ഒളിമ്പിക്‌സിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ സസ്‌പെന്റ് ചെയ്ത് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഈ സസ്‌പെന്‍ഷനോടുള്ള വിനേഷിന്റെ പ്രതികരണത്തിന് ശേഷമാകും അന്തിമ നടപടി തീരുമാനിക്കുകയെന്നും ഡബ്ല്യുഎഫ്‌ഐ വ്യക്തമാക്കി. വിനേഷിനെ സസ്‌പെന്റ് ചെയ്തതിനൊപ്പം യുവ ഗുസ്തി താരം സോനം മാലിക്കിന് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഫെഡറേഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

🔳ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വര്‍ക്കിങ് ഗ്രൂപ്പിനെ നിയമിച്ചു. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇയാന്‍ വാട്‌മോറാണ് ഐസിസി ഒളിമ്പിക് വര്‍ക്കിങ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷന്‍.

🔳ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ കളിക്കും. 2024 വരെ രണ്ടു വര്‍ഷത്തെ കരാറാണ് പി.എസ്.ജി മെസ്സിക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ 35 ദശലക്ഷം യൂറോയാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പി.എസ്.ജിയോ മെസ്സിയോ സ്ഥിരീകരിച്ചിട്ടില്ല.

🔳സൂപ്പര്‍താരം ലയണല്‍ മെസ്സി പടിയിറങ്ങിയതിന് പിന്നാലെ ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി. ഈ സീസണില്‍ ബാഴ്‌സയിലെത്തിയ സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്ക്. പത്ത് ആഴ്ച്ചയോളം അഗ്യൂറോ വിശ്രമത്തിലായിരിക്കുമെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382.

🔳രാജ്യത്ത് ഇന്നലെ 36,309 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,237 പേര്‍ രോഗമുക്തി നേടി. മരണം 468. ഇതോടെ ആകെ മരണം 4,29,183 ആയി. ഇതുവരെ 3,20,33,333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.80 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,893 പേര്‍ക്കും കര്‍ണാടകയില്‍ 1,338 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,461 പേര്‍ക്കും ഒറീസയില്‍ 1,041 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,79,455 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 88,934 പേര്‍ക്കും ബ്രസീലില്‍ 34,499 പേര്‍ക്കും റഷ്യയില്‍ 21,378 പേര്‍ക്കും ഫ്രാന്‍സില്‍ 28,576 പേര്‍ക്കും ഇംഗ്ലണ്ടില്‍ 23,510 പേര്‍ക്കും തുര്‍ക്കിയില്‍ 26,597 പേര്‍ക്കും ഇറാനില്‍ 39,139 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 32,081 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.46 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.66 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9200 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 611 പേരും ബ്രസീലില്‍ 1,066 പേരും റഷ്യയില്‍ 792 പേരും ഇറാനില്‍ 508 പേരും ഇന്‍ഡോനേഷ്യയില്‍ 2,048 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.25 ലക്ഷം.

🔳ലോകത്ത് ഏറ്റവുംകൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക് ടോക്. സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിനെയാണ് ചൈനീസ് ആപ്പായ ടിക് ടോക് മറികടന്നത്. 2017ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിന്റെ ഇന്റര്‍നാഷണല്‍ വെര്‍ഷന്‍ പുറത്തിറക്കുന്നത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയെ മറികടന്നാണ് ടിക് ടോക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക്ക് ഉള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു.

🔳വിശ്വാസികളായ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഓണ്‍ലൈനിലൂടെ പ്രാര്‍ത്ഥന നടത്താനും പ്രാര്‍ത്ഥനാസഹായം തേടാനുമുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ ലഭിക്കുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അസുഖം, തൊഴില്‍ തുടങ്ങി ചെറുതും വലുതുമായ എന്ത് ആവശ്യത്തിനും പ്രാര്‍ത്ഥന തേടാം. പ്രാര്‍ത്ഥന ആവശ്യപ്പെട്ട് പോസ്റ്റ് പങ്കുവച്ചതിന് ശേഷം 'ഐ പ്രേയിഡ്' എന്ന ഓപ്ഷനില്‍ ലൈക്കോ മറ്റു റിയാക്ഷനുകളോ നല്‍കാന്‍ കഴിയും. ഇതുവഴി നേരിട്ട് മെസേജ് അയക്കാനും കമന്റ് ചെയ്യാനും സാധിക്കും.

🔳ഉദ്പാദകരെയും ഉപഭോക്താക്കളെയും കൂട്ടിയിണക്കുന്ന ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ഇന്ത്യാമാര്‍ട്ട് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം വ്യാപകമാക്കുന്നു. ചെറുകിട വന്‍കിട ഉദ്പാദകര്‍ക്ക് അവരുടെ ഉല്‍പ്പങ്ങള്‍ ലോകം മുഴുവന്‍ പരിചയപ്പെടുത്തുവാനും സൈറ്റിലൂടെ തന്നെ വിറ്റഴിക്കുവാനും ഇന്ത്യാമാര്‍ട്ട് വേദിയൊരുക്കുന്നു. ഒരു കോടിയോളം പേര്‍ ഇന്ത്യാമാര്‍ട്ട് ആപ്പ് 🔳ഉപയോഗിച്ച് വ്യാപാരം നടത്തി വരുന്നുണ്ട്. പാലക്കാട് ജില്ലയിലെ ഇന്ത്യാമാര്‍ട്ട് സേവനം വിപുലമാക്കുന്നതിന് എയിം അഡ്വര്‍ട്ടൈസിംഗ് & മാര്‍ക്കറ്റിംഗ് ഏജന്‍സിയെ നിയമിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും 9072772712, 9072772715 എന്നീ നമ്പറുകളിലും palakkadindiamart@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

🔳ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന 'ഹാഷ് ഹോം' ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ഓഗസ്റ്റ് 19ന് ചിത്രം റിലീസ് ചെയ്യും. സാധാരണക്കാരനായ ഒരു അച്ഛന്റെ റോളിലാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീനാഥ് ഭാസി, തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലിന്‍ എന്നിവരാണ് ഇന്ദ്രന്‍സിന്റെ മക്കളായി ചിത്രത്തില്‍ എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍ ആണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

🔳നടന്‍ ശിവകാര്‍ത്തികേയന്റെ സിനിമയ്ക്കെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തമിഴ്നാട്ടിലെ ആനമലയില്‍ ചിത്രീകരണം നടത്തിയതിന് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡോണ്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ആനമല മുക്കോണം പാലത്തിനടുത്തായി നടന്നത്. ഷൂട്ടിംഗ് വിവരം അറിഞ്ഞ് സമീപവാസികള്‍ ശിവകാര്‍ത്തികേയനെ കാണാനായി തടിച്ച് കൂടുകയായിരുന്നു. ഏകദേശം 500 പേരാണ് സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും തടിച്ചു കൂടിയത്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ കരുത്തുറ്റ പുതിയ മോഡല്‍ ആര്‍.എസ്.5 സ്പോര്‍ട്ബാക്ക് വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എക്സ് ഷോറൂം വില 1.04 കോടി രൂപയാണ്. കരുത്തിന് പേരുകേട്ട ഔഡി ആര്‍.എസ്.5-ന്റെ സ്പോര്‍ട്ബാക്ക് ആദ്യമായാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് മോഡലുകളെ കമ്പനി അവതരിപ്പിച്ചത്.

🔳നാടന്‍ മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍. 'പാട്ടുവിജ്ഞാന കോശം'. ഗ്രേഷ്യസ് ബഞ്ചമിന്‍. എച്ച് & സി ബുക്‌സ്.

🔳കൊളസ്ട്രോള്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോള്‍ ( എച്ച്ഡിഎല്‍), മോശം കൊളസ്ട്രോള്‍ (എല്‍ഡിഎല്‍). എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അസ്ഥി പ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. പുകവലി, രക്തസമ്മര്‍ദം, പൊണ്ണത്തടി, മദ്യപാനം, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഒരുമിച്ചുവരുമ്പോഴാണ് കൊളസ്ട്രോള്‍ വില്ലനാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള ആദ്യത്തെ ഏറ്റവും നല്ല മാര്‍ഗമാണ്. നാരുകള്‍ അടങ്ങിയ പഴങ്ങള്‍, അവോക്കാഡോ, ബദാം, വാല്‍നട്ട്, പിസ്ത, ബ്രസീല്‍ നട്സ്, വെജിറ്റബിള്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍, പഴങ്ങളും പച്ചക്കറികളും നട്സുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസം, എണ്ണ പലഹാരങ്ങള്‍, പൂര്‍ണ്ണ കൊഴുപ്പ് അടങ്ങിയിട്ടുള്ള പാലുല്‍പ്പന്നങ്ങള്‍ (പാല്‍, ചീസ്, ഐസ്‌ക്രീം) എന്നിവ ഒഴിവാക്കുക. ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ചീത്ത കൊളസ്ട്രോളില്‍ കുറവ് വരുമെന്നു പഠനങ്ങള്‍ പറയുന്നു. ഓട്സില്‍ മാത്രം കാണുന്ന ബീറ്റാ ഗ്ലൂക്കന്‍ എന്ന നാരാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നത്.

*ശുഭരാത്രി*
*കവിത കണ്ണന്‍*

ആ യുവാവ് നിസ്സാരകാരണങ്ങള്‍ക്ക് പോലും തന്റെ അയല്‍വാസിയുമായി അടിയുണ്ടാക്കുമായിരുന്നു. അയല്‍വാസി എന്നും ദൈവത്തെ വിളിച്ച് കരയും. ഭക്തന്റെ ഈ കരച്ചില്‍ കേട്ട് ഈശ്വരന്‍ അദ്ദേഹത്തെ സഹായിക്കാനായി പുറപ്പെട്ടു. പക്ഷേ, പെട്ടെന്ന് തന്നെ തിരിച്ചെത്തിയ ഈശ്വരനെ കണ്ട് ദേവഗണങ്ങള്‍ കാര്യം ചോദിച്ചു. അപ്പോള്‍ ഈശ്വരന്‍ പറഞ്ഞു: ഭക്തനെ സഹായിക്കാനായി അവിടെ ചെന്ന ഞാന്‍ കണ്ടത്, ഭക്തന്‍ ആ യുവാവിനെ ആക്രമിക്കുന്നതാണ്. ഇപ്പോള്‍ അടിച്ചവനും അടികൊണ്ടവനും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ല. എനിക്ക് അവിടെ ചെന്നിട്ട് ഒന്നും ചെയ്യാനുമില്ല. പഴയ തലമുറ പലപ്പോഴും പറയാറുണ്ട്. മാനുഷികമായ ഇടപെടലുകള്‍ ദൈവീകമായ ഇടപെടലുകളെ അസാധുവാക്കുന്നു എന്ന്. അര്‍ഹിക്കുന്നവരെ ആദരിക്കാനും സ്‌നേഹിക്കാനും എല്ലാവര്‍ക്കും കഴിയും. എന്നാല്‍ കര്‍മ്മംകൊണ്ടു മനോഭാവം കൊണ്ടും എല്ലാവരാലും വെറുക്കപ്പെട്ട ഒരാളെ സ്‌നേഹിക്കണമെങ്കില്‍ തികഞ്ഞ പക്വതയും വൈകാരികമായ വളര്‍ച്ചയും വേണം. മനോദൗര്‍ബല്യമോ, അറിവില്ലായ്മയോ, പരിചയക്കുറവോ തെറ്റിദ്ധാരണയോ ആവാം പല അനാരോഗ്യകരമായ പ്രവൃത്തികള്‍ക്കും പിന്നില്‍. ആ കാരണങ്ങള്‍ക്ക് പരിഹാരം കാണാതെ അത്തരം പ്രവൃത്തികള്‍ അവസാനിക്കുകയില്ല. പരസ്പരം സംസാരിച്ചാല്‍ പല ഒളിപ്പോരുകളും അവസാനിക്കും. അടിച്ചതുകൊണ്ടാണ് തിരിച്ചടിച്ചത് എന്നത് ബാലിശമാണ്. അടിച്ചയാളുടെ മാനസികനിലവാരം തന്നെയേ തിരിച്ചടിച്ച ആള്‍ക്കും ഉള്ളൂ എന്നാണ് അത് വ്യക്തമാക്കുന്നത്. നമുക്ക് ഒളിപ്പോരുകള്‍ അവസാനിപ്പിക്കാം. തുറന്നസംസാരത്താല്‍ വ്യക്തിബന്ധങ്ങളെ കൂടുതല്‍ ദൃഢതയുള്ളതാക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only