24 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾla
(VISION NEWS 24 ഓഗസ്റ്റ് 2021)


www.thedailynews.in*            


🔳ആദായ നികുതി പോര്‍ട്ടലിലെ സാങ്കേതിക തകരാറില്‍ ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രാലയം. സെപ്റ്റംബര്‍ 15നകം എല്ലാ തകരാറും പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തില്‍ ഹാജരായ ഇന്‍ഫോസിസ് സിഇഒയോട് ധനമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ സാങ്കേതിക തകരാറില്‍ നിര്‍മല സീതാരാമന്‍ കടുത്ത അതൃപ്തി അറിയിച്ചു. ഇ ഫയലിങ് പോര്‍ട്ടലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും 750 പേര്‍ പ്രോജക്ടിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സലീല്‍ പരേഖ് ധനമന്ത്രിയെ അറിയിച്ചു. സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ സിഇഒയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

🔳റോഡ് തടഞ്ഞുള്ള കര്‍ഷകരുടെ സമരത്തിനെതിരെ സുപ്രീംകോടതി. കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും റോഡ് അനിശ്ചിത കാലത്തേക്ക് തടഞ്ഞ് സമരം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

🔳സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന കേന്ദസര്‍ക്കാര്‍ വിജ്ഞാപനം വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടിയെന്ന് റിപ്പോര്‍ട്ടുകള്‍. സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബില്‍, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്മാര്‍ട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസര്‍ക്കാര്‍.

🔳റെയില്‍ റോഡ്, വൈദ്യുതി മേഖലകളില്‍ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കും. നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആസ്തികളില്‍ നിന്ന് വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന് ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് യോഗം ചേരുക. ഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഇന്ന് രാവിലെ നടക്കും.

🔳 സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 4,29,618 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,62,33,752 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. അതില്‍ 1,92,89,777 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 69,43,975 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 54.49 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.62 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് 15 ലക്ഷം സിറിഞ്ചും മുംബൈയില്‍ നിന്ന് 5 ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ട്.

🔳കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തടവുകാരുടെ പരോള്‍ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോള്‍ അനുവദിച്ചവര്‍ ജയിലില്‍ പ്രവേശിക്കേണ്ടിയിരുന്നത് നാളെയാണ്. പരോള്‍ നീട്ടണമെന്ന ജയില്‍ മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കാലാവധി നീട്ടിയത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോള്‍ നീട്ടിയത്. 1390 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്.

🔳സിപിഐ മുഖപത്രം ജനയുഗത്തെ വിമര്‍ശിച്ച് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. പത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു വിമര്‍ശനം. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്‌മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ല എന്നായിരുന്നു വിമര്‍ശനം. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചു.

🔳ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയതിന് പിന്നാലെയാണ് രാജേഷിന്റെ പ്രതികരണം. വാരിയംകുന്നന്റെയും ഭഗത് സിംഗന്റെയും മരണത്തില്‍ സമാനതകള്‍ ഏറെയുണ്ട്. ആ സമാനതകളാണ് താന്‍ താരതമ്യം ചെയ്തത്. മുന്നില്‍ നിന്ന് വെടിവെയ്ക്കണമെന്ന് വാരിയംകുന്നന്‍ പറഞ്ഞു. വെടിവെച്ചാല്‍ മതിയെന്ന് പറഞ്ഞ് കത്തയച്ച ആളാണ് ഭഗത് സിംഗ്. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും രാജേഷ് പറഞ്ഞു.

🔳മലബാര്‍ കലാപത്തില്‍ പങ്കെടുത്ത വാരിയംകുന്നത്ത് ഹാജി ഉള്‍പ്പെടെയുള്ളവരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് നീക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. '1921 ലെ മലബാറിലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്നും സതീശന്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.

🔳വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്യ സമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വാരിയംകുന്നന്റെ ആക്രമണത്തിന് ഇ.എം.എസ് കുടുംബവും ഇരകളായിരുന്നുവെന്നും വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി അത് മനസ്സിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

🔳മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യയ. ചരിത്ര ഗവേഷണ കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിസര്‍ച്ച് പ്രൊജക്റ്റ് കമ്മിറ്റി ചേര്‍ന്ന് ശുപാര്‍ശ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ലെന്നും ഐസിഎച്ച്ആറി മേല്‍ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

🔳സംസ്ഥാനത്ത് പോഷകാഹാരക്കുറവ് കാരണം ആദിവാസി മേഖലയില്‍ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളുണ്ടാകരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, എന്നിവരിലെ മരണസംഖ്യ ഉയരുന്നത് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിമര്‍ശനം.

🔳കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച ഏപ്രില്‍ ജൂണ്‍ മാസങ്ങളിലും കോര്‍പറേറ്റ് കമ്പനികളുടെ വരുമാനം ഉയര്‍ന്നതായി ഐസിഐസിഐ ഡയറക്ട് റിസര്‍ച്ച്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതാകട്ടെ മരുന്ന് കമ്പനികളും.ഐടി സെക്ടറിലും നേട്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗം ഓട്ടോമൊബൈല്‍ കമ്പനികളാണ്.

🔳യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചതില്‍ അബുദാബി സര്‍ക്കാരിന് നന്ദി അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ഒപ്പം ഇതിനുവേണ്ടി പ്രവര്‍ത്തിച്ച പ്രവാസി വ്യവസായി എം എ യൂസഫലിക്കും തങ്ങള്‍ നന്ദി പറയുന്നതായി ഇരുവരും അറിയിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ഓഫീസില്‍ വച്ചാണ് മോഹന്‍ലാലും മമ്മൂട്ടിയും വിസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയത്.

🔳താലിബാനെതിരെ പ്രതിരോധം തീര്‍ത്ത് അഫ്ഗാന്‍ സേന. അന്ദറാബ് മേഖലയില്‍ താലിബാനുമായി അഫ്ഗാന്‍ സേനയുടെ പോരാട്ടം തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്റെ ജില്ലാ തലവന്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

🔳താലിബാന്‍ പാഞ്ച്ഷിറിലേക്ക് കടന്നാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് അഹമ്മദ് മസൂദ്. പാഞ്ച്ഷിര്‍ ആര്‍ക്ക് മുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം താലിബാന്റെ മുന്നില്‍ തലകുനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സോവിയറ്റ് വിരുദ്ധ മുജാഹിദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദ്, തനിക്കൊരു യുദ്ധത്തിന് താല്‍പര്യമില്ലെന്നും അഭിപ്രായപ്പെട്ടു.

🔳അഫ്ഗാനിസ്താനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂര്‍ത്തിയാക്കണമെന്ന് യു.എസിന് താലിബാന്റെ അന്ത്യശാസനം. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

🔳അഫ്ഗാനിസ്താന്‍ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്റെ മൂലകാരണവും പുറമേനിന്നുള്ള പ്രധാനഘടകവും അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അമേരിക്കയ്ക്ക് അഫ്ഗാന്‍ വിട്ട് ഓടിപ്പോകാനാകില്ലെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു. രാജ്യത്ത് സ്ഥിരതയും പുനര്‍നിര്‍മാണവും നടത്താന്‍ അമേരിക്കയുടെ ഇടപെടലുണ്ടാകണമെന്നും താലിബാന്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാനുള്ള സന്നദ്ധതയും ചൈന വ്യക്തമാക്കി.

🔳പഠനത്തിന് പണം കണ്ടെത്താന്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന നടപടിക്കെതിരെ യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സര്‍വകലാശാലകള്‍ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രെയിനീ ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനെ സമീപിച്ചു.

🔳കളിക്കളത്തില്‍ കളിയാക്കിയും ചീത്തപറഞ്ഞും ഈ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. മുന്‍ തലമുറയിലെ ഇന്ത്യന്‍ ടീമിനെതിരെ ഈ തന്ത്രം ഒരുപക്ഷെ ഫലപ്രദമായേക്കാം.എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിനെ അങ്ങനെ തോല്‍പ്പിക്കാനാവില്ലെന്നും ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തില്‍ ഹുസൈന്‍ പറഞ്ഞു. ലോര്‍ഡ്‌സ് ടെസ്റ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുള്ള വാക് പോരിന്റെ പശ്ചാത്തലത്തിലാണ് ഹുസൈന്റെ പ്രതികരണം.

🔳കേരളത്തില്‍ ഇന്നലെ 85,650 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,492 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,942 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,54,563 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236.

🔳രാജ്യത്ത് ഇന്നലെ 24,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,425 പേര്‍ രോഗമുക്തി നേടി. മരണം 356. ഇതോടെ ആകെ മരണം 4,35,140 ആയി. ഇതുവരെ 3,24,73,711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.14 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,604 പേര്‍ക്കും കര്‍ണാടകയില്‍ 1,151 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,002 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,79,126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 81,883 പേര്‍ക്കും ബ്രസീലില്‍ 13,103 പേര്‍ക്കും റഷ്യയില്‍ 19,454 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,914 പേര്‍ക്കും ഇറാനില്‍ 38,657 പേര്‍ക്കും ജപ്പാനില്‍ 22,285 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.31 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7441 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 357 പേരും ബ്രസീലില്‍ 370 പേരും റഷ്യയില്‍ 776 പേരും ഇറാനില്‍ 610 പേരും ഇന്‍ഡോനേഷ്യയില്‍ 842 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.52 ലക്ഷം.

🔳രാജ്യത്തെ പേയ്മെന്റ് മേഖലയിലെ പ്രമുഖരായ എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒരുമിക്കുന്നു. പേയ്മെന്റ് സേവനങ്ങള്‍ക്കായി നെറ്റ്വര്‍ക്ക് പങ്കിടാനാണ് തീരുമാനം. ഇരുവരുടേയും സഹകരണം വ്യാപാരികള്‍ക്കാകും കൂടുതല്‍ നേട്ടമാകുക. എച്ച്ഡിഎഫ്‌സിയുടെ സേവനം ഉപയോഗിക്കുന്നവര്‍ക്കും പേടിഎം ഉപയോക്താക്കള്‍ക്കും ഇടപാടുകള്‍ അധിക ചാര്‍ജുകളില്ലാതെ നടത്താം. എച്ച്ഡിഎഫ്‌സി ബാങ്ക് പേമെന്റ് പങ്കാളിയും പേടിഎം വിതരണ- സോഫ്റ്റ്വെയര്‍ പങ്കാളിയുമാകും.

🔳പ്രതാപം വീണ്ടെടുത്ത് ബിറ്റ്കോയിന്‍. മൂന്നുമാസത്തിനുശേഷം 50,000 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ട് മാസമായി താഴേക്ക് പതിച്ച ബിറ്റ്കോയിന്‍ മൂല്യം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ശേഷം 50000ത്തിനുമുകളിലാണ് തിങ്കളാഴ്ച രാവിലെ ട്രേഡ് ചെയ്തത്. ബിറ്റ്കോയിന്‍ 2.5% ഉയര്‍ന്ന് 50,152.24 വരെ എത്തി. ഈ വര്‍ഷം മെയ് പകുതിക്കു ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.

🔳ബോളിവുഡ് നടി കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം തലൈവി സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും. ചിത്രം തിയേറ്ററിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

🔳പ്രശസ്ത കന്നഡ താരം ഡാലി ദഞ്ജയ, സുദേവ് നായര്‍, രാഹുല്‍ മാധവ്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ട്വന്റി വണ്‍ ഹവേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അഹാം കണ്‍സെപ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി സൗത്ത് ഇന്ത്യന്‍ പരസ്യ മേഖലയില്‍ ശ്രദ്ധേയനായ ജയശങ്കര്‍ പണ്ഡിറ്റാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രം ബെംഗളൂരു നഗരത്തില്‍ വെച്ച് കാണാതായ കേരളത്തിലെ ഒരു പെണ്‍കുട്ടിയെക്കുറിച്ചും അടുത്ത 21 മണിക്കൂറിനുള്ളില്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുമാണ്.

🔳രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ബിഎസ് 6 പാലിക്കുന്ന അപ്പാഷെ ആര്‍ആര്‍ 310 മോഡല്‍ 2020 ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചെറിയ പ🔳രിഷ്‌ക്കാരങ്ങളോടെ അപ്പാഷെ 310 നെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടിവിഎസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 30 ന് ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ പുതിയ മോഡല്‍ പുറത്തിറക്കും. നിലവില്‍ 2.50 ലക്ഷം രൂപയാണ് സൂപ്പര്‍സ്‌പോര്‍ട്ട് മോഡലിന്റെ എക്സ്ഷോറൂം വില. ഇതില്‍ നിന്നും പുതുക്കിയ മോട്ടോര്‍സൈക്കിളിന് 5,000 മുതല്‍ 6,000 രൂപ വരെ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

🔳വൈകാരികമായ വിമര്‍ശനത്തിന്റെ ഭാഷയാണ് ഗീതയുടെ കവിതകളെ മികച്ച അനുഭവമാക്കി മാറ്റുന്നത്. പുരുഷനോ, പുരുഷകേന്ദ്രിതമായ കുടുംബ സാമൂഹ്യ വ്യവസ്ഥയോ വിമര്‍ശന വിധേയമാകുമ്പോഴും സൂക്ഷ്മരാഷ്ട്രീയത്തിന്റെ സ്വഭാവമുള്ള സ്ത്രീപക്ഷവിമര്‍ശന പദ്ധതിയല്ല ഈ കവിതകളെ നയിക്കുന്നത്.
മറിച്ച് വികാര പരമായി ചോദ്യങ്ങളുന്നയിക്കുന്ന സ്ത്രീ യാണ് ഗീതയുടെ കവിതകളുടെ ദാര്‍ശനിക തലത്തെ നിര്‍ണയിക്കുന്നത്. 'കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്'. പൂജ ഗീത. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 81 രൂപ.

🔳കൊവിഡ് വാക്സിന്‍ എടുക്കുന്നത് ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ എന്നതിനെ കുറിച്ച് പലര്‍ക്കും സംശയമുണ്ടാകും. വാക്സിന്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാക്‌സിന്‍ ഗര്‍ഭിണിയാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു എന്നതിന് ഒരു തെളിവുമില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. കൊവിഡ് വാക്സിനുകള്‍ ഉള്‍പ്പെടെയുള്ള ഒരു വാക്സിനുകളും ഗര്‍ഭധാരണത്തെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. ഇതിനെക്കുറിച്ചോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. അടുത്തിടെ ഫൈസര്‍ നടത്തിയ ഒരു പഠനത്തില്‍, വാക്സിന്‍ നല്‍കിയ ഗ്രൂപ്പിലെ നിരവധി സ്ത്രീകള്‍ ഗര്‍ഭിണികളായി. വാക്സിനെടുത്തശേഷം ആര്‍ത്തവചക്രത്തില്‍ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗര്‍ഭധാരണ സാധ്യതകളെ വാക്സിന്‍ ബാധിക്കുന്നില്ല. ഗര്‍ഭിണികള്‍ കൊവിഡ് വാക്സിന്‍ എടുക്കണമെന്നും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്ക് ആ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജാതകമെഴുതിയാള്‍ പറഞ്ഞു ഇവന് നല്ലകാലം ആണ് പക്ഷേ അതിന് യൗവനം വരെ കാത്തിരിക്കണം എന്ന്. അച്ഛനമ്മമാര്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂള്‍കാലഘട്ടം മുഴുവന്‍ അവന്‍ ഉഴപ്പി നടന്നു. ടീച്ചര്‍ മാതാപിതാക്കളെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ അവന്റെ സമയം നല്ലതല്ല, നല്ല സമയം വരുമ്പോള്‍ അവന്‍ നന്നായിക്കോളും എന്നവര്‍ പറഞ്ഞു. പത്താക്ലാസ്സ് തോറ്റപ്പോഴും അവനെ ഒരു കൈത്തൊഴില്‍ പഠിപ്പിക്കാന്‍ എല്ലാവരും പറഞ്ഞു. പക്ഷേ, അപ്പോഴും അവര്‍ പറഞ്ഞു. അവന്റെ സമയം ആയിട്ടില്ല എന്ന്. ഒരു പണിയും ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ച് തന്റെ അന്‍പതാം വയസ്സില്‍ ഒരു അപകടത്തില്‍ പെട്ട് അയാള്‍ മരിച്ചു. അയാളുടെ സംസ്‌കാരത്തില്‍ പങ്കെടുത്ത് ഒരാള്‍ പറഞ്ഞു: അവന്റെ സമയമായി എന്ന്! ആര്‍ക്കും നിയന്ത്രണമില്ലാത്ത ഏതെങ്കിലും ഘടകത്തെ പഴിക്കുക എന്നതാണ് സ്വയം ന്യായീകരിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം. അങ്ങിനെയാണ് സമയവും കാലാവസ്ഥയും നക്ഷത്രവും എല്ലാം ഒഴികഴിവുപട്ടികയില്‍ സ്ഥാനം പിടിക്കുന്നത്. തന്റെ നിയന്ത്രണപരിധിക്കുള്ളിലുള്ള ഒന്നിനെയും ആരും പഴിചാരില്ല. കാരണം അവയെ തിരുത്താനുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായും തന്റെതുതന്നെയാണെന്ന് അവര്‍ക്ക് അറിയാം. ഓരോ ജീവിതഘട്ടവും ആവശ്യപ്പെടുന്ന സമയബന്ധിത വളര്‍ച്ചയുണ്ട്. അതിലെ എല്ലാഘട്ടങ്ങിലും വളരുകയും മികവ് തെളിയിക്കുകയും വേണം. അസമയം, അനുയോജ്യസമയം എന്നെല്ലാം ക്ലോക്കിലും കലണ്ടറിലും നോക്കി സാധൂകരിക്കുന്നതിന് പകരം ലഭിച്ച സമയം ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായി ഉപയോഗിക്കുകയല്ലേ വേണ്ടത്. സമയപ്പൊരുത്തം നോക്കി കാത്തിരിക്കമ്പോള്‍ അന്നം മുടങ്ങില്ലെങ്കില്‍ എത്രകാലം വേണമെങ്കിലും അവര്‍ കാത്തിരിക്കും. പക്ഷേ അത്താഴപട്ടിണി കിടക്കേണ്ടി വന്നാല്‍ രാത്രിയെ പകലാക്കിയും എല്ലുമുറിയെ പണിയെടുക്കും. സ്വയം ക്രമീകരിക്കേണ്ട ഒന്നാണ് സമയം. ഇനിയെത്ര സമയം കൂടിയുണ്ടാകും ജീവിതമെന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ ആകില്ല. ഉള്ള സമയത്തിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. മാറ്റിവെയ്ക്കാനോ ചെറുത്തുനില്‍ക്കാനോ സാധിക്കാത്ത ഒന്നാണ് മരണം. അതിനുമുന്‍പ് ഓരോരുത്തര്‍ക്കും ലഭിക്കുന്നസമയം അനുയോജ്യമാണെങ്കിലും അല്ലെങ്കിലും നമുക്ക് ആകും വിധം നല്ലരീതിയില്‍ ഉപയോഗിച്ച് തീര്‍ക്കാന്‍ സാധിക്കട്ടെ -ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only