👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 സെപ്റ്റംബർ 2021

നിലമ്പൂരിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ: പിഴയല്ല പാരിതോഷികം
(VISION NEWS 17 സെപ്റ്റംബർ 2021)

നിലമ്പൂര്‍: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍. കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി കൃഷിക്ക് നാശം വരുത്തുന്ന പന്നികളെ തോക്കിന് ലൈസന്‍സുള്ളതും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം പാനല്‍ ചെയ്തതുമായ വ്യക്തികള്‍ക്കാണ് പന്നി ഒന്നിന് 1000 രൂപ വച്ച് പാരിതോഷികം നല്‍കാൻ തീരുമാനമായിരിക്കുന്നത്.

നിലമ്പൂരിൽ പന്നികൾ വലിയതോതിൽ കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുക പതിവായ സാഹചര്യത്തിലാണ് പന്നിശല്യം നേരിടുന്ന കര്‍ഷകര്‍ ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. കാട്ടുപന്നികളെ വെടിവെക്കാന്‍ താത്പര്യമുള്ള ലൈസന്‍സുള്ള തോക്കുള്ളവര്‍ ഡി എഫ് ഒക്ക് അപേക്ഷ സമര്‍പ്പിച്ച്‌ അനുമതി നേടണം. പന്നിയെ വെടിവെച്ചാല്‍ ഉടന്‍ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിക്കണം. വനംവകുപ്പിനെ അറിയിക്കാതെ പന്നിമാംസം വില്‍പ്പന നടത്തുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച്‌ ജഡം മറവ് ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.

കേരളത്തിലെ തന്നെ വനത്തോട് ചേർന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്. അവിടെയെല്ലാം പദ്ധതികൾ നടപ്പിലാക്കണമെന്നാണ് സംഭവത്തിൽ ജനങ്ങളുടെ പ്രതികരണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only