18/09/2021

പ്രായം വെറും നമ്പര്‍ മാത്രം.. 101ആം വയസ്സിലും കടലില്‍ മീന്‍ പിടിക്കാന്‍ പോകും ഈ മുത്തശ്ശി
(VISION NEWS 18/09/2021)
പ്രായം ഒന്നിനും തടസമല്ലെന്ന് പറയാറുണ്ട്. അതിനു കാരണം പ്രായത്തെ വെല്ലുന്ന അവരുടെ പ്രകടനങ്ങളാണ്. അത്തരത്തില്‍ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഒരു മുത്തശ്ശിയെ പരിചയപ്പെടാം. യൗവനത്തിന്‍റെ ചുറുചുറുക്കോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകുകയാണ് തന്റെ നൂറ്റിയൊന്നാം വയസ്സിലും ഈ മുത്തശ്ശി. വിര്‍ജീനിയ ഒലിവര്‍ എന്നാണ് യുഎസ് വംശജയായ ഈ മുത്തശ്ശിയുടെ പേര്.

കുട്ടിക്കാലം മുതല്‍ക്കേ കടലിനെ അടുത്തറിഞ്ഞിട്ടുള്ള ആളുകൂടിയാണ് ഒലിവര്‍. ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിര്‍ജീനിയ ഒലിവര്‍ ആദ്യമായി കടലില്‍ പോയി. അതും അത്യാധുനിക സജ്ജീകരണങ്ങളൊന്നും നിലവിലില്ലാതിരുന്ന കാലത്ത്. പിന്നീടങ്ങോട്ട് പലപ്പോഴും ഉപജീവനമാര്‍ഗമായതും ഈ മത്സ്യബന്ധനം തന്നെയാണ്. പ്രായമേറിയതുകൊണ്ടുതന്നെ വിര്‍ജീനിയ ഒലിവര്‍ ഇക്കാലത്ത് കടലില്‍ പോകുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ അത്തരം വാക്കുകള്‍ക്കൊന്നും ഈ മുത്തശ്ശിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.

പ്രായത്തിന്റെ അവശതകളൊന്നും തന്നെ ഈ മുത്തശ്ശിയുടെ ജോലിയെ തടസ്സപ്പെടുത്തുന്നില്ല എന്നതും കൗതുകകരമാണ്. 78 കാരനായ മകന്‍ മാക്സുമുണ്ട് ഈ മുത്തശ്ശിക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍.

പറ്റുന്ന കാലത്തോളം മത്സ്യബന്ധനം തുടരും എന്ന് മാത്രമാണ് പിന്തിരിപ്പിക്കുന്നവരോട് ഒലിവര്‍ മുത്തശ്ശിക്ക് പറയാനുള്ളത്. കടല്‍യാത്രയുടെ കാര്യത്തിലും തെല്ലും ഭയമില്ല പുലര്‍ച്ചെ തന്നെ മകനൊപ്പം ബോട്ടില്‍ യാത്ര തിരിക്കും. ചെറിയ മത്സ്യത്തെ ചൂണ്ടയില്‍ കൊരുത്താണ് കൊഞ്ച് പിടിക്കുന്നത്. ഒലിവറിന്റെ പിതാവും കൊഞ്ചുപിടുത്തക്കാരനായിരുന്നു. അങ്ങനെയാണ് ചെറുപ്പം മുതല്‍ക്കേ വിര്‍ജീനിയ ഒലിവറും ഈ മേഖലയിലേയ്‌ക്ക് തിരിഞ്ഞത്. ഒരു ജോലി എന്നതിനും അപ്പുറം ഏറെ ആസ്വദിച്ചുകൊണ്ടാണ് ഒലിവര്‍ മുത്തശ്ശി കടലില്‍ പോകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only