11 സെപ്റ്റംബർ 2021

മൂന്നാം തരംഗം മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജം
(VISION NEWS 11 സെപ്റ്റംബർ 2021)
കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കൊവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കൊവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കൊവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 4,29,273 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകള്‍ കൊവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കിയത്. 2020 ജനുവരി 29 മുതലാണ് കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോള്‍ 3,11,810 കൊവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കണ്‍ട്രോള്‍ റൂം ജീവനക്കാരായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാര്‍, ആംബുലന്‍സ് ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, പൈലറ്റുമാര്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് പിന്നില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only