👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


20 സെപ്റ്റംബർ 2021

ശരിക്കും ബംപറടിച്ചത് സര്‍ക്കാരിനോ? തിരുവോണം ഭാഗ്യക്കുറിയില്‍ 126 കോടിയുടെ വരുമാനം
(VISION NEWS 20 സെപ്റ്റംബർ 2021)




12 കോടിയുടെ തിരുവോണ ബംപര്‍ വിജയിയെ അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഇന്ന് കേരളം. മാറിയും മറിഞ്ഞും വന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ യഥാര്‍ത്ഥ ബംപര്‍ വിജയി എറണാകുളം മരട് സ്വദേശി ജയപാലനാണെന്നു വ്യക്തമായിരിക്കുകയാണ്.

 എന്നാല്‍, ഇതിനിടയില്‍ ശരിക്കും ബംപറടിച്ചത് സര്‍ക്കാറിനാണ്. തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ സര്‍ക്കാര്‍ നേടിയത് 126 കോടി രൂപയുടെ വരുമാനമാണ്! കഴിഞ്ഞ വർഷം 103 കോടി രൂപയായിരുന്നു ഓണം ബംപറിലൂടെ സര്‍ക്കാരിനു ലഭിച്ചത്. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ചത് സര്‍ക്കാരിന് നേട്ടമായി.

 ടിക്കറ്റുകള്‍ വിറ്റ വകയില്‍ 28% ജിഎസ്ടി ഒഴിച്ച് 126,56,52,000 രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. 30.54 കോടി രൂപയാണ് സര്‍ക്കാരിന്റെ ലാഭം. കഴിഞ്ഞ വര്‍ഷത്തെ തിരുവോണ ബംപര്‍ 44.10 ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു. 103 കോടി വരുമാനത്തില്‍ 23 കോടി രൂപയായിരുന്നു സര്‍ക്കാരിന്റെ ലാഭം. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു.

 അതേസമയം ബംപറടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി മലയാളി രംഗത്തെത്തിയിരുന്നു. നാട്ടില്‍ സുഹൃത്ത് വഴി എടുത്ത് ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അവകാശവാദവുമായാണ് വയനാട് പനമരം സ്വദേശി സൈതലവി രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only