26/09/2021

തിരുവനന്തപുരം വിമാനത്തവാളം അദാനി ​ഗ്രൂപ്പ് ഒക്ടോബർ 14ന് ഏറ്റെടുക്കും
(VISION NEWS 26/09/2021)
അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവാളം രണ്ടാഴ്ചക്കുള്ളിൽ ഏറ്റെടുക്കും. ഒക്ടോബർ 14ാം തീയതി മുതൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനായിരിക്കും. നിലവിലെ ജീവനക്കാരിൽ പകുതിയോളം പേരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും. മറ്റുള്ളവർ തിരുവനന്തപുരത്ത് തുടരും.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൻറെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച കരാറിൽ അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിററി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം ആറ് മാസത്തിനകം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻറെ നിയമ നടപടിയും കോവിഡ് വ്യാപനവും ഏറ്റെടുക്കൽ വൈകാൻ കാരണമായി. അതേസമയം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമ പോരാട്ടം തുടരുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുണ്ട്. ഇത് നിലനിൽക്കെയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. കൈമാറ്റം സ്ഥിരീകരിച്ചും പൂർണ സജ്ജമാകുന്നതുവരെ ആറ് മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only