16 സെപ്റ്റംബർ 2021

മറ്റൊരു കേസില്‍ വിരലടയാളം പരിശോധിച്ചു; 17 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍
(VISION NEWS 16 സെപ്റ്റംബർ 2021)
പത്തനംതിട്ട: 17 വര്‍ഷം മുന്‍പ് നഗരത്തിലെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പര്‍ 27-ല്‍ എഴിക്കാട് രാജനെന്ന രാജനും(56), കൊടുമണ്‍ ഐക്കാട് വളക്കട ജങ്ഷനില്‍ താഴെ മുണ്ടക്കല്‍ വീട്ടില്‍ സുരേഷും(52) ആണ് പിടിയിലായത്.

2004-ല്‍ ആണ് രാജനും സുരേഷും പത്തനംതിട്ട കോളേജ് ജങ്ഷനിലെ ഒരു വീട്ടില്‍നിന്ന് ഇരുപത്തിരണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും മോഷ്ടിച്ചത്. രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകര്‍ത്ത് അകത്തുകടന്ന ഇവര്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതെല്ലാം മോഷ്ടിച്ചു. മാസങ്ങള്‍ നോക്കിയിട്ടും പ്രതികളെ കിട്ടാതെ വന്നപ്പോള്‍ അന്വേഷണം താത്കാലികമായി നിര്‍ത്തിവച്ചു. ആകെ അന്ന് അവശേഷിച്ചത് ഇരുവരുടെയും വിരലടയാളങ്ങള്‍ മാത്രം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞപ്പോള്‍ കേസിന്റെ ചൂടൊക്കെ കുറഞ്ഞെങ്കിലും വിരലടയാളം തെളിവായി പോലീസിന്റെ കൈയില്‍ കിടന്നു.

പത്തനംതിട്ടയിലെ മോഷണത്തിനുശേഷവും ഇരുവരും പഴയപണിതന്നെ തുടര്‍ന്നു. വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ ഇരുവരും പ്രതികളായി. സ്ഥിരം മോഷ്ടാവെന്ന പേരും കിട്ടി. രാജന്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണലയം മുളവുകാട് വീട്ടില്‍ താമസവുമാക്കി. ഇതിനിടെ രണ്ടുപേരും പലതവണ ജയിലിലും കിടന്നു.

ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസില്‍ അറസ്റ്റിലായ രാജന്റെയും കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ കേസില്‍ പിടിക്കപ്പെട്ട സുരേഷിന്റെയും വിരലടയാളങ്ങള്‍ ചുമ്മാതൊന്ന് നോക്കിയതോടെയാണ് പിടിവീണത്. അന്നത്തെ വിരലിനും രണ്ട് പേരുടെ സ്വഭാവത്തിനും ഒരുമാറ്റവും വന്നിട്ടില്ല. ശാസ്ത്രീയ തെളിവിനും ചോദ്യംചെയ്യലിനും മുന്നില്‍ കുറ്റം സമ്മതിക്കുകയല്ലാതെ ഇരുവര്‍ക്കും മറ്റ് മാര്‍ഗമൊന്നുമുണ്ടായില്ല. അങ്ങനെ 2004 സെപ്റ്റംബറിലെ മോഷണത്തിന് 2021 സെപ്റ്റംബറില്‍ കുടുങ്ങി.

പത്തനംതിട്ട ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ വി.ബിജുലാല്‍, വിരലടയാള പരിശോധനാ വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാര്‍, എ.എസ്.ഐ. സുനിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തിയ വിരലടയാളത്തിലെ സാമ്യതകള്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ അറിയിച്ചത്. തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only