09 സെപ്റ്റംബർ 2021

നവകേരളം 2021 പുരസ്‌കാരം പ്രഖ്യാപിച്ചു
(VISION NEWS 09 സെപ്റ്റംബർ 2021)




തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നവകേരളം പുരസ്‌കാരം 2021 തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വിധി നിർണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ജില്ലയിൽ ഉയർന്ന മാർക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും നവകേരളം 2021 പുരസ്‌കാരവും പ്രശംസാ പത്രവും 2 ലക്ഷം രൂപയും സമ്മാനിക്കും.

തിരുവനന്തപുരം ജില്ലയിൽ പൂവച്ചൽ ഗ്രാമപഞ്ചായത്തും ആറ്റിങ്ങൽ നഗരസഭയും ജേതാക്കളായി. കൊല്ലം ജില്ലയിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും പുനലൂർ നഗരസഭയും അവാർഡ് നേടി. പത്തനംതിട്ട ജില്ലയിൽ തുമ്പമൺ ഗ്രാമപഞ്ചായത്തും തിരുവല്ല നഗരസഭയും. ആലപ്പുഴ ജില്ലയിൽ ആര്യാട് ഗ്രാമപഞ്ചായത്തും ആലപ്പുഴ നഗരസഭയും. ഇടുക്കിയിൽ രാജക്കാട് ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അർഹമായി. നഗരസഭകൾ പുരസ്‌കാരത്തിന് അർഹരായില്ല. കോട്ടയത്ത് അയ്മനം ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അർഹരായി. ഇവിടെയും നഗരസഭ അർഹരായില്ല. എറണാകുളത്ത് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ഏലൂർ നഗരസഭയും.

തൃശൂർ ജില്ലയിൽ തെക്കുംകര ഗ്രാമപഞ്ചായത്തും കുന്നംകുളം നഗരസഭയും. പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്തും ചിറ്റൂർ-തത്തമംഗലം നഗരസഭയും. മലപ്പുറത്ത് കീഴാറ്റൂർ ഗ്രാമപഞ്ചായത്തും തിരൂർ നഗരസഭയും. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമപഞ്ചായത്തും വടകര നഗരസഭയും. വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അർഹരായി. ഇവിടെയും നഗരസഭകളൊന്നും പുരസ്‌കാരത്തിന് അർഹരായില്ല. കണ്ണൂർ ജില്ലയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്തും ആന്തൂർ നഗരസഭയും. കാസർഗോഡ് ജില്ലയിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്തും നീലേശ്വരം നഗരസഭയും അവാർഡിന് അർഹരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only