09 സെപ്റ്റംബർ 2021

വാതവിസ്‌ഫോടനം: പുത്തൂരില്‍ മിന്നൽച്ചുഴലി, 3000 വാഴ നശിച്ചു, ഉണര്‍ന്നപ്പോള്‍ വീടിന്‌ മേല്‍ക്കൂരയില്ല
(VISION NEWS 09 സെപ്റ്റംബർ 2021)


തൃശ്ശൂർ,
പുത്തൂർ : അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളിൽ മൂന്നുമിനിറ്റ് വീതം വീശിയ മിന്നൽ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളിൽ നാശനഷ്ടമുണ്ടാക്കി. മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളൽമൂലമുണ്ടാവുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും സുവോളജിക്കൽ പാർക്കിനടുത്ത് മാഞ്ചേരിയിലുമാണ് കാറ്റ് വീശിയത്.

ബുധനാഴ്ച രാവിലെ നാലരയ്ക്കും അഞ്ചിനും ഇടയിലാണ് സംഭവം. ആളപായമില്ല. മൂന്ന് വീടുകൾ പൂർണമായി തകർന്നു. 27 വീടുകൾക്ക് ഭാഗിക നാശമുണ്ടായി.

വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബർമരങ്ങൾ ഒടിഞ്ഞുവീണു. കുലച്ച 3,000 നേന്ത്രവാഴകൾ നശിച്ചു. ശക്തമായ മഴയ്ക്കുശേഷമാണ് വലിയ ശബ്ദത്തോടെ മരങ്ങൾ ആടിയുലഞ്ഞ് നിലംപതിച്ചത്. തെങ്ങുകൾ വട്ടംമുറിഞ്ഞ് ദൂരേക്കു വീണു. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് കമ്പികൾ പൊട്ടിവീണതോടെ പ്രദേശം മുഴുവൻ ഇരുട്ടിലായി. വഴിയിൽ പലയിടത്തും മരങ്ങൾ വീണുകിടന്നത് നാട്ടുകാർ മുറിച്ചുനീക്കി. മരങ്ങൾ മറിഞ്ഞുവീണും കാറ്റിൽ മേൽക്കൂരകൾ പറന്നുപോയതുമായ വീടുകൾ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.

റവന്യൂമന്ത്രി കെ. രാജൻ ഓൺലൈനിൽ അടിയന്തരയോഗം വിളിച്ചു. നാശനഷ്ടം നേരിട്ടവർക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളിൽ പരാതി നൽകാനുള്ള സൗകര്യമൊരുക്കിയതായും പ്രശ്നപരിഹാരത്തിന് വൈകാതെ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

*പുത്തൂരിലേത് വാതവിസ്ഫോടനം*

തൃശ്ശൂർ: പുത്തൂരിനടുത്ത് വെട്ടുകാട് തമ്പുരാട്ടിമൂല, മാഞ്ചേരി എന്നിവിടങ്ങളിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിന് കാരണം വാതവിസ്ഫോടനം (down burst). മഴക്കാലത്ത് ഉയർന്നുപൊങ്ങുന്ന ഇടിമിന്നൽ മേഘങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മർദം താഴേക്കെത്തുമ്പോഴാണ് ഇത്തരം കാറ്റുകളുണ്ടാകുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. ഗോപകുമാർ ചോലയിൽ പറയുന്നു. മഴക്കാലത്ത് ഇടിമിന്നൽ മേഘങ്ങൾ മുകളിലേയ്ക്ക് വളർന്നാണ് ഇങ്ങനെ മർദമുണ്ടാകുന്നത്.

മഴയോടൊപ്പമോ മഴയില്ലാത്തപ്പോഴോ ഇത്തരത്തിൽ കാറ്റുണ്ടാകാം. ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിലേ കാറ്റുണ്ടാകൂ. ചുഴലിപോലെ കനത്ത കാറ്റുവീശി വ്യാപകമായ നാശമുണ്ടാക്കും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗമുണ്ടാകും. 45 കിലോമീറ്ററിലധികം വേഗമുള്ളതിനെത്തന്നെ ശക്തമായ കാറ്റ് എന്നാണ് കാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തുന്നത്.

ഇടിമിന്നൽ മേഘങ്ങളുടെ സാന്നിധ്യം അടുത്തകാലത്തായി കേരളത്തിലെ പല ഭാഗത്തും ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് അന്തരീക്ഷത്തിലെ മേഘങ്ങൾക്കുണ്ടാകുന്ന അവസ്ഥാന്തരങ്ങളാണിതെല്ലാമെന്നും ഡോ. ഗോപകുമാർ പറയുന്നു.

*ഞെട്ടിയുണർന്നപ്പോൾ മേൽക്കൂരയില്ല*

പുത്തൂർ: മഴ തോർന്ന നേരത്താണ് വെട്ടുകാട് തമ്പുരാട്ടിമൂലയിലെ കർഷകനായ കുരുവിലക്കാട്ടിൽ ജോയിയും ഭാര്യ ആനിയും ഉണർന്നത്. കിടപ്പുമുറിയിൽനിന്ന് എണീറ്റ് ഹാളിനരികിലെത്തുംമുമ്പേ ഇടിമുഴക്കംപോലെ വലിയ ശബ്ദം... മരങ്ങൾ കടപുഴകുന്ന ശബ്ദം... നിമിഷനേരംകൊണ്ട് വീടിന്റെ മേൽക്കൂര ഒന്നടങ്കം ഉൾവശത്തേക്ക് അമർന്നിറങ്ങി. ഓടുകൾ പൊട്ടിവീണു. തൊട്ടുപിന്നാലെ ഷീറ്റുകളും വീഴാൻ തുടങ്ങി.

എങ്ങും കൂരിരുട്ട്. ചെറിയ മഴയുണ്ട്. മക്കളും മരുമക്കളും പേരക്കുട്ടികളുമായി പതിമൂന്നു പേരുണ്ട് ഈ വീട്ടിൽ. ഒന്നും ഒന്നരയും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ. ഗർഭിണിയായ മകളുമുണ്ട് കൂട്ടത്തിൽ. അഭയം തേടാൻ പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത സ്ഥിതി. വീടിനു മുകളിലും ചുറ്റിലുമായി നിറയെ മരങ്ങൾ വീണുകിടക്കുന്നു. വലിയ പ്ലാവാണ് പുരമുകളിൽ വീണത്. വീടിനുള്ളിലെ സീലിങ് പാളികളിൽ ഉടക്കിയാണ് മേൽക്കൂരയുടെ പാതി വീഴാനൊരുങ്ങി നിൽക്കുന്നത്. ലൈനുകളും മറ്റും പൊട്ടിക്കിടക്കുന്നതിനാൽ ആരും പുറത്തിറങ്ങിയില്ല. അടുത്തുള്ളവരെ ഫോണിൽ വിളിച്ചു സഹായം തേടി. അൽപ്പം സുരക്ഷയുണ്ടെന്ന് തോന്നിയ വീടിന്റെ പിൻഭാഗത്തെ ഷീറ്റുമേഞ്ഞ ഒരു ഭാഗത്തേക്ക് പിന്നീട് എല്ലാവരും കൂട്ടമായി നിന്നു. നേരം പുലർന്നതോടെ ചുറ്റിലുമുള്ള കാഴ്ചകൾ കണ്ടപ്പോഴാണ് ആർക്കും ഒരു പോറൽപോലുമേൽക്കാത്തതിലുള്ള ആശ്വാസമെങ്കിലും ബാക്കിയായത്.

*ചുഴലിക്കാറ്റിലും തോമസും ജിജിയും പശുക്കൾക്ക് കാവലിരുന്നു*

പുത്തൂർ: കാറ്റിന്റെ ഭീകരതയെ അവഗണിച്ച് തൊഴുത്തിലിരുന്ന് മുട്ടത്ത് വീട്ടിൽ തോമസും ഭാര്യ ജിജിയും പ്രാർഥിച്ചത് ഓമനിച്ചുവളർത്തുന്ന പശുക്കൾ നിൽക്കുന്ന തൊഴുത്തിനൊന്നും സംഭവിക്കല്ലേ എന്നായിരുന്നു. ചുഴറ്റി കശക്കിയെറിയുന്ന കാറ്റിൽ തെങ്ങും മറ്റു മരങ്ങളും നടുമുറിഞ്ഞ് തൊഴുത്തിനു നേരെ വന്നെങ്കിലും പിന്നീടത് വട്ടംകറങ്ങിവീണത് വീട്ടുമുറ്റത്തും മുൻവശത്തെ റോഡിലും. സുവോളജിക്കൽ പാർക്കിനു സമീപം ആനക്കുഴി മാഞ്ചേരിയിലെ ക്ഷീരകർഷകരാണിവർ.

 മുട്ടത്ത് തോമസും ഭാര്യ ജിജിയും തൊഴുത്തിലെ അനുഭവങ്ങൾ വിവരിക്കുന്നു

കറവ തുടങ്ങിയതോടെ കാറ്റ് വീശിത്തുടങ്ങി. മൂന്ന് മിനിറ്റ് നീണ്ടുനിന്ന കാറ്റിന്റെ ഭീകരശബ്ദവും മരങ്ങൾ നിലംപൊത്തുന്നതും സമീപവീടുകളുടെ ഓടും ഷീറ്റുമെല്ലാം പറന്നുപോകുന്നതുമൊക്കെ കണ്ട് ഭയപ്പെട്ടെങ്കിലും ഇരുവരും വീടിനുള്ളിലേക്ക് പോകാൻ ശ്രമിച്ചില്ല. തുടർന്ന് പാൽ കറന്നെടുക്കാനും ഇവർ മുതിർന്നില്ല. രാവിലെ 40 ലിറ്റർ പാലാണ് ലഭിക്കുന്നത്. പിന്നീട് കാറ്റ് ശമിച്ച് തൊഴുത്തും പശുക്കളും സുരക്ഷിതമെന്ന് ബോധ്യപ്പെട്ടശേഷമാണ് ഇവർ വീടിനുള്ളിലേക്ക് പോയത്. സമീപത്തെ മാളിയേക്കൽ ബാബുവിന്റെ വീട്ടിൽ പതിനാറ് ആടുകളുണ്ടായിരുന്നു. കൂടിന് തകർച്ചയുണ്ടായെങ്കിലും ആടുകൾക്ക് ഒന്നും സംഭവിച്ചില്ല. ബുധനാഴ്ചയിലെ കാറ്റിൽ മലയോരത്ത് വൻ നാശനഷ്ടമുണ്ടായെങ്കിലും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരിടത്തും അപായമുണ്ടായില്ല.

*ഒടിഞ്ഞുവീണത് 3000 നേന്ത്രവാഴകൾ*

പുത്തൂർ: മരോട്ടിച്ചാലിലെ കർഷകസുഹൃത്തുക്കളായ കിടങ്ങൻ ആന്റുവും നെൻമനേലി ഷാജിയും ചേർന്നാണ് മാഞ്ചേരിയിലെ സുറിയാനി പള്ളിവക കൃഷിയിടത്തിൽ ഇത്തവണ നേന്ത്രവാഴകൃഷിയിറക്കിയത്. ഏഴേക്കറിൽ ഏഴായിരം വാഴകളുണ്ടായിരുന്നു. ഇതിൽ വെട്ടാറായ മൂവായിരം വാഴകളാണ് കാറ്റത്ത് വീണത്. എല്ലാം വിളവെടുപ്പിന് പാകമായതാണ്. വിലക്കുറവ് കാരണമാണ് വെട്ടാതെ നിർത്തിയത്. ഇവിടെ തന്നെ ഏഴാം തവണയാണ് കൃഷിയിറക്കുന്നത്. ഓണം കഴിഞ്ഞാണ് കൂടുതലും വിളവെടുക്കാറായത്. ഓണക്കാലത്ത് കാര്യമായ വിലയും കിട്ടിയില്ല. കായ പാകമായെങ്കിലും കുല ഒടിഞ്ഞുകുത്തി വീണതിനാൽ തെരവ്കായയുടെ വിലപോലും കിട്ടില്ലെന്ന് കർഷകർ പറയുന്നു. മാത്രമല്ല, ഇവ പെട്ടെന്ന് കേടുവരും. വർഷം രണ്ടര ലക്ഷം രൂപയോളം പാട്ടം നൽകിയാണ് കൃഷി. ചെറുപ്പത്തിലേ തുടങ്ങിയ വാഴകൃഷി മൂന്നര പതിറ്റാണ്ടായി തുടരുകയാണെന്ന് ആൻറു പറയുന്നു. നാലുവർഷം മുമ്പാണ് വാഴകൃഷി ലാഭകരമല്ലാതായിത്തുടങ്ങിയത്. എന്നിട്ടും പരമ്പരാഗത കർഷകനായതുകൊണ്ടു മാത്രമാണ് തുടരുന്നത്. കഴിഞ്ഞകാലങ്ങളിലെ പ്രളയവും മഹാമാരിയും ലോക്ഡൗണും അതിജീവിച്ച് ഇത്തവണയെങ്കിലും എന്തെങ്കിലും പ്രതീക്ഷിച്ചതാണ് കാറ്റ് കശക്കിയെറിഞ്ഞത്. ഇത് വരുത്തിവെച്ച ബാധ്യത താങ്ങാനാവുന്നതല്ലെന്നും ആൻറു പറയുന്നു. ഇതിനടുത്ത് മാറാഞ്ചേരി ശ്രീധരൻ എന്നയാളുടെ നൂറ് തേക്കുമരങ്ങളും കാറ്റിൽ കടപുഴകി

.കടപ്പാട് : മാതൃഭൂമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only