07 സെപ്റ്റംബർ 2021

ബാങ്ക് അക്കൗണ്ട് കാലിയാകും, ഈ 4 ആപ്പുകൾക്കെതിരെ വേണം ജാഗ്രത; എസ്‌ബിഐ
(VISION NEWS 07 സെപ്റ്റംബർ 2021)
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ. ഒരു സാഹചര്യത്തിലും നാല് ആപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യരുതെന്നും ഇതിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ നാല് മാസത്തിനിടെ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത 150 ഉപഭോക്‌താക്കൾക്ക് നഷ്‌ടമായത്‌ 70 ലക്ഷത്തിലധികം രൂപയാണ്. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.

എനിഡെസ്‌ക്, ക്വിക്ക് സപ്പോർട്, ടീം വ്യൂവർ, മിംഗിൾ വ്യൂ (Anydesk, Quick Support, Teamviewer, Mingleview) എന്നീ ആപ്പുകൾക്കെതിരെയാണ് ജാഗ്രതാ നിർദ്ദേശം. കൂടാതെ, യുപിഎ ഉപയോഗിക്കുമ്പോഴും അക്കൗണ്ട് ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. അജ്‌ഞാത ഉറവിടങ്ങളിൽ നിന്നുള്ള അഭ്യർഥനയോ ക്യൂആർ കോഡോ സ്വീകരിക്കരുത്.ഹെൽപ് ലൈനോ, എസ്‌ബിഐ കസ്‌റ്റമർ കെയർ നമ്പറോ തിരയാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളും പ്രത്യേകം പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം.

നിരവധി വ്യാജ വെബ്‌സൈറ്റുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഒരു വെബ്‌സൈറ്റിലും ബാങ്ക് വിവരങ്ങൾ നൽകി പ്രവേശിക്കരുത്. എല്ലാ ഡിജിറ്റൽ ഇടപാടുകൾക്ക് ശേഷവും എസ്‌ബിഐ ഉപഭോക്‌താക്കളുടെ ഫോണിലേക്ക് ഒരു എസ്‌എംഎസ്‌ അയക്കും. ഇടപാട് നടത്തിയത് തങ്ങളല്ലെങ്കിൽ എസ്‌എംസിനൊപ്പം നൽകിയിരിക്കുന്ന നമ്പറിലേക്ക് വിവരം കൈമാറണമെന്നും അധികൃതർ പറയുന്നു.

തട്ടിപ്പിന് ഇരയായാൽ എസ്‌ബിഐ അക്കൗണ്ട് ഉടമകൾക്ക് 1800111109, 9449112211, 08026599990 എന്നീ കസ്‌റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതി നൽകാം. ഇതിനായി 155260 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only