10 സെപ്റ്റംബർ 2021

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ; 43ന്റെ നിറവിൽ മഞ്ജു വാര്യർ
(VISION NEWS 10 സെപ്റ്റംബർ 2021)മലയാള സിനിമയിലെ ഏക ലേഡീ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർക്ക് ഇന്ന് 43ാം പിറന്നാൾ. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരം. സല്ലാപത്തിൽ തുടങ്ങി കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ വരെയെത്തിയപ്പോൾ തന്നെ സൂപ്പർ സ്റ്റാറുകളുടെ നായികയായി മഞ്ജു വെള്ളിത്തിരയിൽ തിളങ്ങിക്കഴിഞ്ഞിരുന്നു.കേവലം 21 വയസ്സിനുള്ളിലാണ് മഞ്ജു സിനിമയിലെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കി വീട്ടമ്മയുടെ റോളിലേക്ക് പ്രവേശിച്ചത്.

 നടിയും നിർമ്മാതാവുമായ മഞ്ജു വാര്യർ 1995ൽ തന്റെ 17-ാം വയസ്സിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.'ഈ പുഴയും കടന്ന്' എന്ന സിനിമയ്ക്ക് മഞ്ജു മികച്ച നടിക്കുള്ള തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് ആറാം തമ്പുരാൻ, കളിയാട്ടം, കന്മദം, പത്രം, ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, ആമി തുടങ്ങിയ സിനിമകളിലും ഈ നേട്ടം ആവർത്തിച്ചു.

ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ മഞ്ജു വാര്യർ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തുടർച്ചയായി നാല് തവണ ഫിലിം ഫെയർ അവാർഡ് നേടിയ ഏക മലയാളി നടി എന്ന റെക്കോർഡും മൊത്തത്തിൽ ഏഴ് തവണ എന്ന റെക്കോർഡും മഞ്ജുവിന് സ്വന്തമാണ്.തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only