28/09/2021

ബുള്ളറ്റിന് 700 രൂപ, സ്‌കൂട്ടറിന് 400; റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ കാത്ത് ഇരുചക്ര വാഹനങ്ങള്‍
(VISION NEWS 28/09/2021)
ട്രെയിനിറങ്ങി ഒന്നു കറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. ഡ്രൈവിങ് ലൈസന്‍സും രേഖകളും നല്‍കിയാല്‍ ന്യായമായ നിരക്കില്‍ റെയില്‍വേ സ്റ്റേഷനില്‍ ബുള്ളറ്റുകളും സ്‌കൂട്ടറും റെഡി. ടാക്‌സിക്കോ ബസിനോ വേണ്ടി കാത്തിരിക്കേണ്ട. തിരുവനന്തപുരം ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് പുത്തന്‍ സംവിധാനത്തിന് അനുമതി ലഭിച്ചത്. എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളില്‍ സംരംഭത്തിന് തുടക്കമായി. വൈകാതെ തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും.

ബജറ്റ് ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് റെന്റ് എ ബൈക്ക് എന്ന പുത്തന്‍ ആശയം വലിയ പ്രതീക്ഷയാണ്. കുറഞ്ഞ ചെലവില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാം. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. ആഭ്യന്തര ടൂറിസത്തിനു കരുത്തു പകരുന്നതാണ് പുത്തന്‍ ആശയം. വിനോദ സഞ്ചാരികള്‍ കൂടുതലെത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയില്‍വേയുമായി ചേര്‍ന്ന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയില്‍ നിന്നു മൂന്നാറിന്റെ തണുപ്പിലേക്കും ഫോര്‍ട്ട് കൊച്ചിയുടെ പാരമ്പര്യത്തിലും കടന്നുചെല്ലാന്‍ ഇനി ഒട്ടും ബുദ്ധിമുട്ടേണ്ടെന്നു ചുരുക്കം. സ്വകാര്യ വാടക കേന്ദ്രങ്ങളില്‍നിന്ന് വാഹനങ്ങള്‍ എടുക്കുമ്പോള്‍ നിശ്ചിത തുക സെക്യൂരിറ്റിയായി നല്‍കണം. എന്നാല്‍ ഇവിടെ മുന്‍കൂറായി നിശ്ചിത തുക നല്‍കേണ്ട ആവശ്യമില്ല. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളായ തണ്ടര്‍ബേഡ്, സ്റ്റാന്‍ഡേര്‍ഡ് 500, ക്ലാസിക്, ഹോണ്ട ആക്ടിവ എന്നിവയാണ് ഇപ്പോള്‍ ലഭ്യമായ മോഡലുകള്‍. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ എത്തിച്ച് അടുത്ത ഘട്ടത്തില്‍ വിപുലമായ ശേഖരമൊരുക്കും.

ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ വാഹനം റെഡി. വെബ്‌സൈറ്റ്‌ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. നിലവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണു പ്രവര്‍ത്തന സമയം. താമസിയാതെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും. അതോടെ യാത്രികര്‍ക്ക് ഏത് സമയത്തും വാഹനം എടുക്കുകയും തിരികെ ഏല്‍പ്പിക്കുകയും ചെയ്യാം. അടുത്തുള്ള പെട്രോള്‍ പമ്പ് വരെ എത്താനുള്ള ഇന്ധനം വാഹനത്തിലുണ്ടാകും. അടുത്ത ഘട്ടത്തില്‍ വാഹനത്തിനൊപ്പം ഇന്ധനവും നല്‍കാനുള്ള ഒരുക്കത്തിലാണ്. 

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള സ്റ്റേഷന്‍ പരിധിയില്‍ എവിടെ വേണമെങ്കിലും വാഹനം തിരിച്ചേല്‍പ്പിക്കാനുള്ള സൗകര്യവും വരും. സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. റൈഡര്‍ക്കുള്ള ഹെല്‍മെറ്റ് വാഹനത്തില്‍ തന്നെ ഉണ്ടാകും. സഹ യാത്രികന് വേണ്ട ഹെല്‍മെറ്റും ചെറിയ തുക നല്‍കിയാല്‍ ഇവിടെ നിന്നു ലഭിക്കും. ഓരോ യാത്രയ്ക്കു ശേഷവും തിരിച്ചെത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കും. ഹെല്‍മെറ്റിന്റെ കാര്യത്തിലും ഈ സുരക്ഷയുണ്ട്. ഹെല്‍മെറ്റിനൊപ്പം തലയില്‍ വെയ്ക്കാനുള്ള വൂവന്‍ തൊപ്പി സൗജന്യമായി നല്‍കും. യാത്രയ്ക്കിടെ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സഹായത്തിനും കമ്പനി പ്രതിനിധികള്‍ റെഡിയാണ്. 24 മണിക്കൂറും സജ്ജമായ മെക്കാനിക്കല്‍ ടീം സ്ഥലത്തെത്തും. ആവശ്യമെങ്കില്‍ പകരം വാഹനവും എത്തിക്കും.

റെയില്‍വേയുടെ ബിസിനസ് ഡവലപ്മെന്റ് യൂണിറ്റാണ് ഈ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. ഇ.വി.എം. ഗ്രൂപ്പാണ് റെന്റ് എ ബൈക്ക് പദ്ധതിയുടെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നേടിയത്. സ്റ്റാര്‍ട്ടപ്പ് സംരംഭമായ കഫേ റൈഡേഴ്സിനാണ് നടത്തിപ്പ് ചുമതല. പ്രതിവര്‍ഷം 10 ലക്ഷത്തിലധികം രൂപയുടെ വരുമാനം ലൈസന്‍സ് അനുവദിക്കുന്നതിലൂടെ റെയില്‍വേയ്ക്കു ലഭിക്കും. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ ആരംഭിച്ച ആശയം മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ.ആരംഭിച്ച ആശയം മറ്റ് ഡിവിഷനിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only