23/09/2021

മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 88ാം പിറന്നാൾ; ആശംസകളുമായി സിനിമാലോകം
(VISION NEWS 23/09/2021)
മലയാള സിനിമയുടെ കാരണവർ സ്ഥാനത്തുള്ള താരമാണ് മധു. മലയാള സിനിമയ്ക്കൊപ്പംനടന്ന നടന് ഇന്ന് 88-ാം പിറന്നാളാണ്. 1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങൾ. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി.

പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാൻ മധുവിനായി. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. ക്ഷുഭിത യൗവ്വനവും പ്രണയാതുരനായ കാമുകനുമൊക്കെയായി നിരവധി സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങി.

മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി 370ൽ കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1980ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരസ്കാരവും 2004ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയൽ അവാർഡും ലഭിച്ചു. 2013ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1976ൽ തിരുവനന്തപുരം പുളിയറക്കോണത്ത് ഉമ ആർട്സ് സ്റ്റുഡിയോ മധുവിന്റെ ഉടമസ്ഥതയിൽ ആരംഭിച്ചു. 1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പന്ത്രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇവയിൽ പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി. കൂടാതെ മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങി 15 ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം. ആർ. മാധവൻനായരാണ് സിനിമയിലെത്തിയപ്പോൾ മധുവായത്. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടി. കൊവിഡ് സാഹചര്യത്തിൽ ജന്മദിന ആഘോഷങ്ങളെല്ലാം വീട്ടിൽ തന്നെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only