25/09/2021

സംസ്ഥാനത്ത് 90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ നൽകി
(VISION NEWS 25/09/2021)
കോവിഡിനെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് ഒന്നേ മുക്കാല്‍ വര്‍ഷത്തോളമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കിയതിനാല്‍ അതനുസരിച്ചുള്ള ഇളവുകളും സംസ്ഥാനം നല്‍കി വരികയാണ്.

തൊട്ടു മുന്‍പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8% കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്.

സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,70,669 ആയിരുന്നു. അതില്‍ ശരാശരി 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. 

ഈ കാലയളവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 7,000 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ 5 ശതമാനം കുറഞ്ഞു. 

സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞു. 

രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്. ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഈ വര്‍ഷത്തേക്കാള്‍ 6 മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും കൂടുതലായി ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only