24/09/2021

ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു; പിതാവ് അറസ്റ്റിൽ
(VISION NEWS 24/09/2021)ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. 

അന്തീനാട് ക്ഷേത്രത്തിനു സമീപം കാഞ്ഞിരത്താംകുന്നേൽ ഷിനുവിന്റെ (35) ദേഹത്ത് ആസിഡ് ഒഴിച്ചതിനാണ് പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ (61) അറസ്റ്റ് ചെയ്തത്.

ഇന്നലെ വെളുപ്പിനു 2 മണിയോടെയാണ് സംഭവം. ഷിനുവും ഗോപാലകൃഷ്ണനും മാതാവും മാത്രമാണു വീട്ടിലുള്ളത്. ഷിനുവും പിതാവും തമ്മിൽ വാക്കേറ്റവും വഴക്കും പതിവായിരുന്നതായി പൊലീസ് പറഞ്ഞു. 

22നു പകൽ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഗോപാലകൃഷ്ണനെ ഷിനു ചവിട്ടി പരുക്കേൽപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

ഷിനു ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയ ശേഷം റബർ തോട്ടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആസിഡിന്റെ ബാക്കി കൊല്ലപ്പള്ളി തോട്ടിൽ ഉപേക്ഷിച്ചശേഷം ഗോപാലകൃഷ്ണൻ റബർ തോട്ടത്തിൽ കിടന്നുറങ്ങി. രാവിലെ ഉള്ളനാട് ഷാപ്പിലെത്തി മദ്യപിച്ചശേഷം ഓട്ടോറിക്ഷയിൽ വിവിധ ഭാഗങ്ങളിൽ കറങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിഐ കെ.പി.ടോംസൺ, എസ്‌ഐ ഷാജി സെബാസ്റ്റ്യൻ, ബിജു കെ.തോമസ്, ഷെറിൻ മാത്യു, റെനീഷ്, സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

ഷിനുവിന്റെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only