👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


22 സെപ്റ്റംബർ 2021

‘സാറല്ല, വിദ്യാഭ്യാസമന്ത്രിയപ്പൂപ്പൻ’: സ്കൂൾ വേഗം തുറക്കാമെന്ന് കുഞ്ഞിനോട് മന്ത്രി; വിഡിയോ
(VISION NEWS 22 സെപ്റ്റംബർ 2021)

 


തിരുവനന്തപുരം∙ സ്കൂൾ തുറക്കാത്തതിൽ പരിഭവം പറഞ്ഞ കുഞ്ഞിനെ വിഡിയോ കോളിൽ വിളിച്ച് സംസാരിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ‘സാർ’ എന്ന് കുഞ്ഞ് വിളിച്ചപ്പോൾ അങ്ങനെ വിളിക്കേണ്ട മന്ത്രി അപ്പൂപ്പൻ, വിദ്യാഭ്യാസമന്ത്രി അപ്പൂപ്പൻ എന്നു വിളിച്ചാൽ മതി എന്ന് ശിവൻകുട്ടി കുഞ്ഞിനെ തിരുത്തി. ഫോൺ െകാണ്ടുള്ള പഠനം ശരിയാവുന്നില്ലെന്നും കളിക്കാൻ കൂട്ടുകാരില്ലെന്നും അധ്യാപകരെ കാണണമെന്നും കുഞ്ഞ് പരാതി പറഞ്ഞു. ഉടൻ സ്കൂൾ തുറക്കാമെന്ന് വാക്ക് നൽകിയാണ് മന്ത്രി കോൾ അവസാനിപ്പിച്ചത്. വയനാട്ടിലെ യുകെജി വിദ്യാർഥിനി തൻഹ ഫാത്തിമയെയാണ് മന്ത്രി വിളിച്ച് സംസാരിച്ചത്. ഇതിന്റെ വിഡിയോ മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിനോടൊപ്പം പങ്കുവച്ചു.

കുറിപ്പിന്റെ പൂർണരൂപം:


‘ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല..’; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വിഡിയോ കോളിൽ വിളിച്ചു ; സ്കൂൾ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വിഡിയോ വൈറൽ ആയിരുന്നു. അത് ഫെയ്സ്ബുക്ക് പേജിൽ ഞാൻ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി വിഡിയോ കോൾ ചെയ്തു.


സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും അംഗീകരിച്ചു.


കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only