23/09/2021

പ്രണയം നടിച്ച് യുവാവിൽ നിന്ന് 11 ലക്ഷം തട്ടി; യുവതിയും ഭർത്താവും അറസ്റ്റിൽ.
(VISION NEWS 23/09/2021)പന്തളം ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവിൽനിന്നു 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭർത്താവും അറസ്റ്റിൽ.  കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 

പൊലീസ് പറയുന്നത്: 2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽനിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നൽകി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു. 

വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ‍ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറി‍ഞ്ഞത്.

തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി. എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്‌ഐ ടി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only