19/09/2021

പ്രഭാത വാർത്തകൾ
(VISION NEWS 19/09/2021)
🔳കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്ന് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ ചില മേഖലകളില്‍ വലിയ തോതില്‍ താലിബാന്‍വത്കരണം നടക്കുന്നുണ്ടെന്നും അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും കണ്ണന്താനം പറഞ്ഞതായി എഎന്‍ഐ ട്വീറ്റ് ചെയ്തു.

🔳കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും കോണ്‍ഗ്രസ് പ്രവേശനം ഉടനെയെന്ന് റിപ്പോര്‍ട്ടുകള്‍. ഭഗത് സിംഗിന്റെ ജന്മവാര്‍ഷിക ദിനമായ ഈ മാസം 28ന് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 31,121 കോവിഡ് രോഗികളില്‍ 62.09 ശതമാനമായ 19,325 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 306 മരണങ്ങളില്‍ 45.96 ശതമാനമായ 143 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,24,850 സജീവരോഗികളില്‍ 55.68 ശതമാനമായ 1,80,888 രോഗികളും കേരളത്തിലാണുള്ളത്.

🔳നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

🔳സംസ്ഥാനത്ത് ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡത്തില്‍ മാറ്റം. ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു.ഐ.പി.ആര്‍ എട്ടില്‍ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായെങ്കിലും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും ഇന്നലത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.

🔳സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ഇനി ആന്റിജന്‍ പരിശോധന നടത്തുക.

🔳സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ സുപ്രധാന മാറ്റമാകാന്‍ കൊച്ചിയില്‍ ഡിജിറ്റല്‍ ഹബ്ബ് തുറന്നു. സംരംഭകര്‍ക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്നത് പരിഗണനയിലെന്ന് ഹബ്ബ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം ചതുരശ്രടി വിസ്തീര്‍ണമുള്ള ഡിജിറ്റല്‍ ഹബ്ബ് കെട്ടിട സമുച്ചയം നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് നിര്‍മിച്ചത്.

🔳കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

🔳ഒരു മതവും നിര്‍ബന്ധിത പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരാമാധ്യക്ഷന്‍ മാത്യൂസ് മാര്‍ സേവേറിയോസ്. മതങ്ങളുടെ പരസ്പര ബന്ധം നിലനിര്‍ത്തണമെന്നും സഭാതര്‍ക്ക വിഷയങ്ങളില്‍ നിലവിലെ നിലപാട് തുടരുമെന്നും മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കാതെ ഐക്യം സാധ്യമല്ലെന്നും മാര്‍ സേവേറിയോസ് പറഞ്ഞു.

🔳തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാര്‍ശയാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകള്‍ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവര്‍മാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാര്‍ശ.

🔳ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവച്ചു. നിലവിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വര്‍ഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു ശോഭന ജോര്‍ജിന്റെ പ്രതികരണം. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

🔳വിജിലന്‍സ് കേസില്‍പ്പെട്ട പാര്‍ട്ടി ഭാരവാഹികള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദള്‍ കരീം ചേലേരി ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളെ തടഞ്ഞുവച്ചത്. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. അന്‍പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

🔳മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. കേരള ഭൂഷണ്‍, ദി ഹിന്ദു, യു എന്‍ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്ന കെ എം റോയ് ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ ആയിരുന്നു . പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്ണലിസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് നോവല്‍, രണ്ട് യാത്രാ വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.

🔳നീറ്റ് പരീക്ഷക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഏകോപിപ്പിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. പിണറായി വിജയനുള്‍പ്പെടെ മൂന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നീറ്റിനെതിരെ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ കൂട്ടായ സമ്മര്‍ദ്ദം ചെലുത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.

🔳തെലങ്കാനയില്‍ കിറ്റെക്‌സ് 2,400 കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കിറ്റക്സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും തൊഴില്‍ ലഭിക്കുക വനിതകള്‍ക്കാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ് നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതെന്നും കിറ്റെക്സ് അറിയിച്ചു.

🔳കര്‍ണാടകത്തില്‍ അനധികൃതമായി നിര്‍മിച്ച മതസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതിനെതിരേ ഹിന്ദുമഹാസഭ. തങ്ങളുടെ പ്രവര്‍ത്തകര്‍ ഇവിടെയുളളിടത്തോളം സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുമഹാസഭ സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദുക്കളെ സംരക്ഷിക്കാനായി മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തിയ ഞങ്ങള്‍ നിങ്ങളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മന്ത്രി ശശികല ജോളെ എന്നിര്‍ക്കെതിരേ ആയിരുന്നു ധര്‍മേന്ദ്രയുടെ പരസ്യഭീഷണി.

🔳മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്‍ എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശനം. മമത ബാനര്‍ജി നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടിപ്രവേശനം ബിജെപിക്ക് മുന്നില്‍ വലിയ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തപ്പെടുന്നത്.

🔳പഞ്ചാബ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് ഔദ്യോഗികമായി അറിയിച്ചു. മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന എഐസിസി സര്‍വ്വെയും അമരീന്ദറിന് തിരിച്ചടിയായി. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരില്‍ താന്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ ആരോപിച്ചു.

🔳ലോകത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി താലിബാന്‍ തനിസ്വരൂപം കാട്ടുന്നു. തങ്ങള്‍ മാറിയെന്ന് പറഞ്ഞ് ആ്ചകള്‍ക്കു മുമ്പ് അധികാരത്തിലേറിയ താലിബാന്‍ 1990-കളിലെ ദുര്‍ഭരണത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ് അഫ്ഗാനിസ്താനില്‍നിന്നു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്താനില്‍ ഇന്നലെ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ ഇനി പഠിക്കേണ്ട എന്നാണ് താലിബാന്റെ മനോഭാവം. ആണ്‍കുട്ടികളും ആണ്‍ അധ്യാപകരും മാത്രം മതിയെന്ന താലിബാന്റെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളില്ലാതെ ക്ലാസുകള്‍ ആരംഭിച്ചത്.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക പദവിയില്‍ ലക്ഷ്യം വച്ചതിനേക്കാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് രവി ശാസ്ത്രി. ഒരേ വര്‍ഷം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര സ്വന്തമാക്കാനായത് വലിയ നേട്ടമായി. പടിയിറക്കത്തില്‍ വേദനയുണ്ടെങ്കിലും, ഒരു പദവിയിലും നിശ്ചിതസമയത്തില്‍ കൂടുതല്‍ തുടരരുത് എന്നാണ് വിശ്വാസമെന്നും ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

🔳 കേരളത്തില്‍ ഇന്നലെ 1,21,070 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363.

🔳രാജ്യത്ത് ഇന്നലെ 31,121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,633 പേര്‍ രോഗമുക്തി നേടി. മരണം 306. ഇതോടെ ആകെ മരണം 4,44,869 ആയി. ഇതുവരെ 3,34,47,010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.24 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,391 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,653 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,174 പേര്‍ക്കും മിസോറാമില്‍ 1,476 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,61,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 41,266 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,144 പേര്‍ക്കും റഷ്യയില്‍ 20,329 പേര്‍ക്കും തുര്‍ക്കിയില്‍ 26,161 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 23,134 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.87 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5414 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 579 പേരും റഷ്യയില്‍ 799 പേരും ഇറാനില്‍ 355 പേരും മലേഷ്യയില്‍ 324 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.97 ലക്ഷം.

🔳കിറ്റെക്‌സ് കേരളത്തില്‍ നിന്ന് പിന്‍വലിച്ച് തെലുങ്കാനയില്‍ നിക്ഷേപിക്കുന്ന തുക തെലുങ്കാനയിലെ വ്യവസായ പാര്‍ക്കിലും ടെക്‌സ്റ്റെയില്‍സ് പാര്‍ക്കിലുമായി നിക്ഷേപിക്കും. ഇത് സംബന്ധിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് തെലുങ്കാന സര്‍ക്കാരുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. തെലുങ്കാന വ്യവസായ മന്ത്രി എം ടി രാമറാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആണ് കിറ്റെക്‌സ് ഗ്രൂപ്പ് തങ്ങളുടെ നിക്ഷേപങ്ങളും വ്യവസായങ്ങളും ഹൈദരാബാദിലെ വ്യവസായ പാര്‍ക്കിലും വാറങ്കല്‍ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലും ആയി വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇന്ത്യയിലെ ഒന്‍പത് സംസ്ഥാന ഗവണ്‍മെന്റുകളും യുഎഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളും വീണ്ടും ക്ഷണം അറിയിച്ചതായി കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് പറഞ്ഞു.

🔳പ്രതിരോധ, ബഹിരാകാശ മേഖലയ്ക്ക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയായ ഡാറ്റാ പാറ്റേണ്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ കുറഞ്ഞത് 100 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷംതന്നെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്തേക്കും. ഓഹരി വിപണിയിലേക്കുള്ള കടന്നുവരവോടെ കമ്പനിയുടെ മൊത്തം മൂല്യം 25 ബില്യണാക്കി ഉയര്‍ത്താനാനാണ് കമ്പനിയുടെ ലക്ഷ്യം.

🔳മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കയ്യില്‍ തോക്കുമായി കാറില്‍ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററില്‍ ഉള്ളത്. നവാഗതയായ റത്തീന ശര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം. പ്രമുഖ ക്യാമറാമാന്‍ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍. ദുല്‍ഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

🔳നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം'പിപ്പലാന്ത്രി' നീസ്ട്രീമില്‍ പ്രദര്‍ശനത്തിനെത്തി. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍,തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്കരിക്കുന്നത്. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

🔳ഇരുചക്ര വാഹന വിപണിയിലെ വമ്പന്മാരായ ടിവിഎസ് യൂറോപ്പില്‍ പുതിയ കാല്‍വയ്പ്പുമായി രംഗത്ത്. സ്വിസ് കമ്പനിയായ ഇജിഒ മൂവ്മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി യൂറോപ്പിലെ ഇ-ബൈക്ക് വിപണിയില്‍ മുന്നേറാനൊരുങ്ങുകയാണ് കമ്പനി. ടിവിഎസ് മോട്ടോഴ്സിന്റെ സിംഗപ്പൂര്‍ സബ്സിഡിയറിയാണ് യൂറോപ്യന്‍ ഇ-ബൈക്ക് നിര്‍മാതാക്കളായ ഇജിഒ മൂവ്‌മെന്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്. ടിവിഎസ് 17.9 മില്യണ്‍ ഡോളറിന് ഇജിഒ മൂവ്‌മെന്റിന്റെ 80 ശതമാനത്തോളം ഓഹരികളാണ് സ്വന്തമാക്കിയത്.

🔳നിക്കോസ് കസാന്‍ദ് സാകീസിന്റെ 'ബുദ്ധന്‍' എന്ന ഈ കൃതിയ്ക്കുമുമ്പ് വിരക്തി പൂണ്ട പൗരസ്ത്യദേശവും ഈശ്വര ചിന്ത നിറംപിടിപ്പിച്ച പാശ്ചാത്യദേശവും മറ്റൊരു കൃതിയിലും ഇത്തരത്തില്‍ സമഗ്രമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ലഹരി ലോകത്തെയാകമാനം ചുറ്റിയുള്ളതാണ്. 'ബുദ്ധന്‍' എന്ന കൃതിയില്‍ സംഭവിക്കുന്ന ഈ സാമീപ്യം ട്രാജഡിയോടും ആത്മീയതയോടും കസാന്‍ദ് സാകീസിനുണ്ടായിരുന്ന അസാധാരണമായ ആഭിമുഖ്യം ഒന്നുകൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ലോകക്ലാസിക്കുകളില്‍ ഒന്നായി ഈ കൃതി പരിഗണിക്കപ്പെടുന്നു. പരിഭാഷ-സിസിലി. പുസ്തക പ്രസാധക സംഘം. വില 266 രൂപ.

🔳ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് വായയുടെ ശുചിത്വം. മോശം വായ ശുചിത്വവും മോണരോഗങ്ങളും കൊവിഡിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. ദന്താരോഗ്യം നിലനിര്‍ത്തുന്നത് കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മോണരോഗം ഉള്ളവരില്‍ കൊവിഡ് രോഗം ഉണ്ടാകുവാനും അതിന്റെ സങ്കീര്‍ണതകള്‍ കൂടുതലാകാനും സാധ്യത ഏറെയാണ്. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നത് പോലെ തന്നെ ദന്തരോഗങ്ങള്‍ ഉള്ളവരിലും കൊവിഡ് പിടിപെടാനും അതിന്റെ കാഠിന്യം കൂടുന്നതായി ഹൈദരാബാദില്‍ നടത്തിയ ഗവേഷണം തെളിയിച്ചതായി പ്രശസ്ത അമേരിക്കന്‍ ജേര്‍ണല്‍ പുറത്തുവിട്ട ഗവേഷണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മോണരോഗം ബാധിച്ച കൊവിഡ് പോസിറ്റീവും നെഗറ്റീവുമായ 150 പേരില്‍ പഠനം നടത്തുകയായിരുന്നു. പീരിയോണ്‍ഡൈറ്റിസ്, ന്യുമോണിയ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി), പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കിടയിലും സമാനമായ പഠനങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ നടത്തിയിട്ടുണ്ട്. പല്ലുകളുടെയും ഉറപ്പിനെയും ആരോഗ്യത്തെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മോണരോഗം അഥവാ 'പെരിയോഡോണ്‍ ടൈറ്റിസ്'. ആരംഭദശയില്‍ സൂചനകളൊന്നും നല്‍കാത്തതിനാല്‍ മോണരോഗം ചിലപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വരില്ല. രോഗം വര്‍ദ്ധിച്ചാല്‍ ഇരുമോണകളും നശിക്കുകയും പല്ലുകള്‍ കൊഴിഞ്ഞ് പോവുകയുമാണ് ഫലം. പല്ലിനെ താങ്ങി നിര്‍ത്തുന്ന ആന്തരിക കോശങ്ങളും നശിച്ചു പോകും.

*ശുഭദിനം*

1970 ലാണ് ക്രിസ്റ്റഫര്‍ ജനിച്ചത്. അച്ഛന്‍ ബ്രെന്‍ഡന് ഒരു പരസ്യക്കമ്പനിയിലായിരുന്നു ജോലി. അതുകൊണ്ട് തന്നെ ചിത്രവും അക്ഷരങ്ങളും ക്യാമറയുമൊക്കെയായിരുന്നു അവന്റെ കൂട്ടുകാര്‍. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ നിരത്തിവെച്ച് അതിനു ചുറ്റും നടന്ന് കുട്ടികുട്ടി സിനിമകള്‍ ഉണ്ടാക്കുകയായിരുന്നു അവന്റെ ഹോബി. കൂട്ടിന് സഹോദരനുമുണ്ടാകും. പന്ത്രണ്ടുവയസ്സായപ്പോഴേക്കും ക്യാമറ അവന്റെ ഹരമായി മാറി. ക്രിസ്റ്റഫറിന്റെ അമ്മാവന് നാസയിലായിരുന്നു ജോലി. ഒരിക്കല്‍ റോക്കറ്റ് വിക്ഷേപിക്കുന്ന വീഡിയോ അമ്മാവന്‍ അവന് കാണിച്ചു കൊടുത്തു. അവന്‍ അതില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി മറ്റൊരു സിനിമയുണ്ടാക്കി. സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ലണ്ടനില്‍ ഇംഗ്ലീഷ് സാഹിത്യം തിരഞ്ഞെടുത്തു. ആ കോളേജില്‍ സിനിമ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉള്ളതായി ക്രിസ്റ്റഫറിന് അറിയാമായിരുന്നു. കോളേജ് വിദ്യഭ്യാസം കഴിഞ്ഞപ്പോഴേക്കും സിനിമയാണ് തന്റെ വഴിയെന്ന് അവന്‍ തീരുമാനിച്ചു. ക്യാമറ ഓപ്പറേറ്റര്‍ ആയും, സ്‌ക്രിപ്റ്റ് വായിക്കുന്നയാളായും, ചെറിയ വീഡിയോകളുടെ സംവിധായകനായും നിര്‍മ്മാതാവായും ഒക്കെ ക്രിസ്റ്റഫര്‍ സിനിയിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ഒരു സിനിമയെടുക്കാന്‍ പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം കൂട്ടുകാര്‍ ചേര്‍ന്ന് ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ചു. ഫിലിം ലാഭിക്കാനായി ഒരുപാട് തവണ റിഹേഴസല്‍ എടുത്താണ് ആ സിനിമ ഷൂട്ട് ചെയ്തത്. അങ്ങനെ ആ സിനിമ പുറത്തിറങ്ങി. ഫോളോയിങ്ങ് ! എഴുത്തകാരാനാകാന്‍ മോഹിച്ച് നടക്കുന്ന ഒരു യുവാവ് ആശയങ്ങള്‍ കിട്ടാനായി പലരേയും പിന്തുടരുന്നതും അയാള്‍ പിടിക്കുന്ന പുലിവാലുകളുമായിരുന്നു ആ ചിത്രം. വ്യത്യസ്തമായ പ്രമേയവും അവതരണ രീതിയും കൊണ്ട് ഫോളോയിങ്ങ് ശ്രദ്ധിക്കപ്പെട്ടു. നല്ലൊരു അവസരം കിട്ടിയാല്‍ ്അത്ഭുതങ്ങള്‍ കാണിക്കും എന്ന് ലോകം അയാളെ നോക്കിപറഞ്ഞു. അധികനേരം ഓര്‍മ്മ നിലനില്‍ക്കാത്ത ഒരു യുവാവിന്റെ പ്രതികാര കഥപറഞ്ഞ മൊമെന്റോ ആളുകളെ ഞെട്ടിച്ചു. പിന്നീട് പല സിനിമകള്‍ക്കും ഈ സിനിമ പ്രചോദനമായി മാറി. പിന്നെ അയാള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇന്‍സോമ്‌നിയ, വാര്‍ണര്‍ ബ്രദേഴ്‌സുമായി ചേര്‍ന്ന് ബാറ്റ്‌സ്മാന്‍ പരമ്പര.. 2014 ല്‍ ഇന്റര്‍സ്റ്റെല്ലാര്‍ കൂടി പുറത്തിറങ്ങിയതോടെ ലോകം പറഞ്ഞു. നോളന് പകരം നോളന്‍ മാത്രം വമ്പന്‍ നിര്‍മ്മാണകമ്പനികള്‍ നോളന്റെ ഡേറ്റിന് വേണ്ടി ക്യൂ നിന്നു.. ഡണ്‍ കിര്‍ക്ക് എന്ന സിനിമയിലൂടെ ഓസ്‌കാര്‍ നോമിനേഷനും നോളന്‍ അര്‍ഹനായി. ലോക സിനിമ ഇനിയും കാത്തിരിക്കുന്നു ക്രിസ്റ്റഫര്‍ നോളന്റെ അസാധാരണ സിനിമകള്‍ക്കായി. കഴിവുകള്‍ ഇല്ലാതെ ആരും ജനിക്കുന്നില്ല. ചിലര്‍ ആ കഴിവുകളെ തിരിച്ചറിയാറില്ല, ചിലര്‍ ആ കഴിവുകളെ കണ്ടെത്തിയാലും അതിനെ മികച്ചതാക്കാന്‍ ശ്രമിക്കാറില്ല, എന്നാല്‍ മറ്റുചിലരാകട്ടെ ഉണര്‍വിലും ഉറക്കത്തിലും തന്റെ കഴിവിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും.. ലോകം എത്രതന്നെ പിന്നോട്ട് വലിച്ചാലും അവര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വിജയം അവര്‍ക്കുള്ളതാണ്. എത്ര പിന്നോട്ട് വലിച്ചാലും മുന്നോട്ടാഞ്ഞ് നടക്കുന്നവര്‍ക്ക് മാത്രമുള്ളത് - *ശുഭദിനം*

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only