15 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 15 സെപ്റ്റംബർ 2021)
🔳പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലയുറപ്പിച്ചതിന്റെ പേരില്‍ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം കൊല ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോകത്തിലാകെയായി 2020 -ല്‍ 227 പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഗ്ലോബല്‍ വിറ്റ്നെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

🔳കര്‍ഷക സമരവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. സിംഘു, തിക്രി, ഗാസിപ്പൂര്‍ അടക്കം അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ ദില്ലി അതിര്‍ത്തികള്‍ ഉപരോധിച്ചാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. കൂടാതെ സിംഘുവിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 9,000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശ്, ദില്ലി, ഹരിയാന രാജസ്ഥാന്‍ സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടിയത്. അതേസമയം പ്രശ്നപരിഹാരത്തിന് യാതൊരും നീക്കവും നടത്താത്ത സര്‍ക്കാര്‍ ഇത്തരം നടപടികള്‍ കൊണ്ട് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

🔳പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള പ്രത്യേകാവകാശം ദുരുപയോഗം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കോവിഡ് ബാധിച്ചു മരിക്കുന്ന 60 വയസ്സിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നിങ്ങള്‍ കറുത്ത കോട്ടിനുള്ളിലാണ് എന്നത് കൊണ്ട് നിങ്ങളുടെ ജീവന്‍ മറ്റുള്ളവരേക്കാള്‍ വിലയേറിയതാണ് എന്ന് അര്‍ത്ഥമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🔳പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന ഒരു രാജ്യം മാത്രമായി ഇന്ത്യ ഇനി തുടരില്ലെന്നും സമീപഭാവിയില്‍ പ്രതിരോധ രംഗത്തെ സുപ്രധാന കയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി. പ്രതിരോധ ഇടനാഴിയുടെ അലിഗഢിലെ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 27,487 കോവിഡ് രോഗികളില്‍ 57.75 ശതമാനമായ 15,876 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 281 മരണങ്ങളില്‍ 45.90 ശതമാനമായ 129 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,44,449 സജീവരോഗികളില്‍ 57.74 ശതമാനമായ 1,98,905 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനമായ 2,28,18,901 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 31.52 ശതമാനമായ 90,51,085 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

🔳വ്യാജവാര്‍ത്തകളുടേയും അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും ധാരാളിത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ഭരണകൂടത്തിന്റേയും മൂലധന ശക്തികളുടേയും സുഖശയ്യയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളെന്നും വാര്‍ത്തകള്‍ വില്‍പനച്ചരക്കായി മാറിയെന്നും സ്പീക്കര്‍ പറഞ്ഞു. ഇവിടെ ലാഭം മാത്രമാണ് ലക്ഷ്യം. സത്യം മാത്രം പറഞ്ഞാല്‍ ലാഭം കിട്ടാതെയാകുമ്പോള്‍ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദുരിതങ്ങളെയും ഹിംസകളെയും ദൃശ്യ പൊലിമയുളള ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാധ്യമങ്ങളെന്നും സ്പീക്കര്‍ പറഞ്ഞു.

🔳പാലക്കാടും സമാന്തര ടെലിഫോണ്‍ എക്സേഞ്ച് കണ്ടെത്തി. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുര്‍വേദ ഫാര്‍മസിയിലാണ് സമാന്തര എക്സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്സേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്.

🔳നാര്‍കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളില്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിന് പിന്തുണ നല്‍കി താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ജിഹാദി ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ ക്രിസ്റ്റ്യന്‍, ഹിന്ദു സമൂഹത്തിന്റെ ആശങ്ക പങ്കുവെച്ചു. പാലാ ബിഷപ്പിന്റെ ലൗ ജിഹാദ് പരാമര്‍ശം കേരള സമൂഹം ചര്‍ച്ച ചെയ്യണമെന്ന് പി. രഘുനാഥ് അഭിപ്രായപ്പെട്ടു.

🔳പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തില്‍. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന. എന്നാല്‍ ഇത് ശ്രദ്ധ നേടിയതോടെ പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികള്‍ ഇറക്കിയതാണീ പ്രസ്താവനയെന്നുമാണ് പ്രസിഡന്റ് ജോസ് വള്ളൂരിന്റെ പ്രതികരണം.

🔳നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തന വീഴ്ചയുമായി ബന്ധപ്പെട്ട് എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.

🔳സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ തള്ളി കേരളാ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമെന്ന് കേരളാ കോണ്‍ഗ്രസ് തുറന്നടിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വിജയിക്കാനായതെന്നും പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലെന്നത് തെറ്റാണെന്നും കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു.

🔳കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതിന്റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് യാതൊരു പോറലുമുണ്ടാവില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍. അനില്‍ കുമാര്‍ മത്സരിച്ചപ്പോള്‍ മാത്രമാണ് ഷുവര്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായത്. അനില്‍ കുമാറിന്റെ ജനപിന്തുണ എന്താണ്? ഒരു ഇല കൊഴിയുന്ന പോറല്‍ പോലും കെ.പി.അനില്‍ കുമാര്‍ പോയതിന്റെ പേരില്‍ കോഴിക്കോട്ടെ പാര്‍ട്ടിയിലുണ്ടാവില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

🔳പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 29 ന് കെപിസിസി പുതിയ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓഫീസില്‍ കരിങ്കൊടി കെട്ടിയത്.

🔳കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയുടെ വക്കിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ സംസ്ഥാന ഭാരവാഹികളുടെ പരാതിയില്‍ പരാതിക്കാരിയായ നജ്മ തബഷീറ ഇന്ന് കോടതിയില്‍ മൊഴി നല്‍കും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നജ്മ. ലൈംഗിക അധിക്ഷേപ പരാതിയില്‍ വെള്ളയില്‍ പോലീസ് എടുത്ത കേസിന്റെ തുടര്‍ നടപടിയാണിത്.

🔳ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചു വളരുമെന്ന് സുരേഷ് ഗോപി എം.പി. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്നും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം നിര്‍വ്വഹിച്ചു

🔳ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ ചേരിപ്പോര് നേതൃത്വത്തിന് തലവേദനയാകുന്നു. തമ്മിലടി രൂക്ഷമായതോടെ സംഘടനാ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. നഗരസഭയുടെ പ്രവര്‍ത്തന മേല്‍നോട്ടം സംസ്ഥാന കോര്‍ കമ്മിറ്റിയിലെ അംഗത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഭരണപരമായ കാര്യങ്ങള്‍ കോര്‍ കമ്മിറ്റി അംഗവുമായി ആലോചിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

🔳അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 'യഥാര്‍ഥ ദേശീയത'യും 'രാമരാജ്യ'വും വാഗ്ദാനം ചെയ്ത് കളംപിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി. 2022-ലെ യു.പി. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് എ.എ.പി. തുടക്കം കുറിച്ചു. ഫൈസാബാദില്‍ നടന്ന 'തിരംഗ സങ്കല്‍പ യാത്ര'യില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്യസഭ എം.പി. സഞ്ജയ് സിങ്ങുമാണ് റാലി നയിച്ചത്.

🔳ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനമില്ലാതെ മനപ്പൂര്‍വം ഇടതുപക്ഷത്തെ ബിജെപി ആക്രമിക്കുകയാണ്. ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം 21 സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത്രയും അക്രമം നടന്നിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും അറിയാത്ത മട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് എനിക്ക് വിലമതിക്കാനാകാത്ത സംതൃപ്തിയാണ് തന്നത്. ഒരിക്കല്‍ രാജ്യത്തിന്റെ വികസനത്തിന്റെ തടസ്സമായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ വന്‍ വികസനത്തിന്റെ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറി. രാജ്യത്തെയും വിദേശത്തെയും നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി യുപി മാറി. അതിന് അനുയോജ്യമായ പരിതസ്ഥിതിയുണ്ടായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറിന്റെ ഡബിള്‍ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഇപ്പോള്‍ യുപിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳ഉത്തര്‍പ്രദേശില്‍ എല്ലായിടത്തും ഇപ്പോള്‍ സ്ത്രീകളും പോത്തുകളും കാളകളുമെല്ലാം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് യുപിയില്‍ സ്ത്രീകളും പോത്തുകളും കാളകളുമൊന്നും സുരക്ഷിതരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പാര്‍ട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.

🔳രാജ്യതലസ്ഥാനമായ ദില്ലിയില്‍ അടക്കം സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ഭീകരര്‍ അറസ്റ്റില്‍. പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടൈത്തിയതായി പൊലീസ് അറിയിച്ചു

🔳പലചരക്ക് വിതരണ സേവന രംഗത്ത് നിന്ന് പിന്മാറി ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനമാണ് കമ്പനി അവസാനിപ്പിച്ചത്. പദ്ധതി പ്രതീക്ഷിച്ച അത്ര ലാഭകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.

🔳ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ലിസ്ലെ ലീയും മിതാലിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 91 റണ്‍സടിച്ച പ്രകടനമാണ് ലിസ്ലെയെ മിതാലിക്കൊപ്പം ഒന്നാം റാങ്കിലെത്തിച്ചത്.

🔳ടെസ്റ്റിനും ഏകദിനങ്ങള്‍ക്കും പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 38കാരനായ മലിംഗ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2011ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019ലും വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ ശ്രീലങ്കക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 546 വിക്കറ്റുകള്‍ വീഴ്ത്തി.

🔳ഏകദിന പരമ്പരയിലെ തോല്‍വിക്ക് ദക്ഷിണാഫ്രിക്ക ശ്രീലങ്കയോട് കണക്കുതീര്‍ത്തു. ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ പത്തു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 14.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

🔳ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കിമിട്ടുക്കൊണ്ട് വമ്പന്‍മാര്‍ കളത്തിലിറങ്ങി. ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് കരുത്തരായ എഫ് സി ബാഴ്‌സിലോണയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തോറ്റു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്‌സയെ തകര്‍ത്തത്. സ്വിസ് ക്ലബ്ബ് യങ് ബോയ്‌സിനോടാണ് ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. 13-ാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനായി ആദ്യ ഗോള്‍ നേടിയെങ്കിലും യങ് ബോയിസ് രണ്ടു ഗോള്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി. ഗ്രൂപ്പ് എച്ചില്‍ റഷ്യന്‍ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ സെവിയ-റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എഫിലെ വിയ്യാറയല്‍-അറ്റ്‌ലാന്റ മത്സരം രണ്ടു ഗോളുകള്‍ വീതം നേടി സമനിലയായി. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്‍മോയെ തകര്‍ത്തു.

🔳കേരളത്തില്‍ ഇന്നലെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളില്‍ 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളിലാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261.

🔳രാജ്യത്ത് ഇന്നലെ 27,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,978 പേര്‍ രോഗമുക്തി നേടി. മരണം 281. ഇതോടെ ആകെ മരണം 4,43,528 ആയി. ഇതുവരെ 3,33,15,512 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.44 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,530 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,591 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,125 പേര്‍ക്കും മിസോറാമില്‍ 1,502 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,66,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,10,122 പേര്‍ക്കും ബ്രസീലില്‍ 13,406 പേര്‍ക്കും റഷ്യയില്‍ 17,837 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,628 പേര്‍ക്കും തുര്‍ക്കിയില്‍ 27,802 പേര്‍ക്കും ഇറാനില്‍ 22,329 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,056 പേര്‍ക്കും മലേഷ്യയില്‍ 15,669 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.65 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,362 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,688 പേരും ബ്രസീലില്‍ 659 പേരും റഷ്യയില്‍ 781 പേരും ഇറാനില്‍ 408 പേരും മലേഷ്യയില്‍ 463 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.61 ലക്ഷം.

🔳ഉപയോക്താക്കള്‍ക്കായി വന്‍ പ്രഖ്യാപനങ്ങളുമായി പേടിഎം വീണ്ടും രംഗത്ത്. പേടിഎം ആപ്പ് വഴി മൊബൈല്‍ പേമെന്റുകള്‍ നടത്തുന്നവര്‍ക്കാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊസ്റ്റ് പെയിഡ് ഉടമകള്‍ക്ക് ബില്ല് പേമെന്റുകള്‍ക്ക് 500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ ആപ്പുവഴി നടത്തുന്ന മറ്റു ബില്ല് ഇടപാടുകള്‍ക്കു ക്യാഷ്ബാക്ക് പോയിന്റുകള്‍ ലഭിക്കും. ക്യാഷ്ബാക്ക് പോയിന്റുകള്‍ മറ്റു വാങ്ങലുകള്‍ക്ക് ഇളവിനായി ഉപയോഗിക്കാം. ജിയോ, വിഐ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍. പൊസ്റ്റ് പെയിഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.

🔳ഇന്ത്യയുടെ കയറ്റുമതി 45.76 ശതമാനം ഉയര്‍ന്ന് ഓഗസ്റ്റില്‍ 33.28 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 22.83 ബില്യണ്‍ ഡോളറായിരുന്നു. ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയര്‍ന്ന് 47.09 ബില്യണ്‍ ഡോളറിലെത്തി. ഓഗസ്റ്റിലെ വ്യാപാരക്കമ്മി 13.81 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 8.2 ബില്യണ്‍ ഡോളറായിരുന്നു. 2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ കയറ്റുമതിയുടെ മൊത്തം മൂല്യം 67.33 ശതമാനം ഉയര്‍ന്ന് 164.10 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 98.06 ബില്യണ്‍ ഡോളറായിരുന്നു. 2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇറക്കുമതി 219.63 ബില്യണ്‍ യുഎസ് ഡോളറാണ്. പോയ വര്‍ഷം ഇത് 121.42 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

🔳രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'സീത ദ ഇന്‍കാര്‍നേഷന്‍' സിനിമയില്‍ കങ്കണ റണാവത്ത് നായികയാകും. പിരിയഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സീതയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവും എസ്.എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആണ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര്‍ ആണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

🔳നാല് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസായ 'പാപ്പന്റേം സൈമന്റേം പിള്ളേര്‍' എന്ന സിനിമ മികച്ച അഭിപ്രായം നേടുമ്പോള്‍ സിനിമാ രംഗത്തക്ക് ഗായകനും, അഭിനേതാവുമായ ഒരു പ്രവാസി കൂടി കടന്നു വരുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂര്‍ ഫാസില്‍ സിനിമയില്‍ രണ്ട് ഗാനങ്ങള്‍ പാടി ശ്രദ്ധേയനായിരിക്കുകയാണ്. ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിക്കഴിഞ്ഞു. കാരൂര്‍ കൊമ്പൊടിഞ്ഞാമക്കല്‍ സ്വദേശിയാണ് കാരൂര്‍ ഫാസില്‍. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്.

🔳2021 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ സബ്-4 മീറ്റര്‍ കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലിനെ മറികടന്നാണ് ഹോണ്ട അമേസ് പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2020 ഓഗസ്റ്റില്‍ ഹോണ്ട നിരത്തിലെത്തിച്ച 3,684 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ അമേസിന്റെ 6,591 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ഹോണ്ടയ്ക്ക് 2021 ഓഗസ്റ്റില്‍ സാധിച്ചു. മാരുതി സുസുക്കി ഡിസയര്‍ 2021 ഓഗസ്റ്റില്‍ 5,714 യൂണിറ്റ് വില്‍പ്പനയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 13,629 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 58 ശതമാനം ഇടിവാണ് മാരുതിക്ക് ഉണ്ടായിരിക്കുന്നത്.

🔳കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്‌കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. 'ഓര്‍മ്മക്കൂട്'. ഫാസില്‍ പാരക്കോട്ട്. ഗ്രീന്‍ ബുക്സ്. വില 105 രൂപ.

🔳മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് കറുപ്പ് ലഭിക്കാനും നെല്ലിക്ക നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി അടക്കമുളള പോഷകങ്ങള്‍ മുടിയ്ക്ക് ഗുണം നല്‍കുന്നവയാണ്. അകാലനര അകറ്റാനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്. ഉലുവയും മുടി വളരാന്‍ ഏറെ ഗുണകരമാണ്. ഉലുവയും നെല്ലിക്കയ്ക്കും ചേര്‍ത്ത് ഹെയര്‍ പായ്ക്കുണ്ടാക്കാം. ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. മുടിയിലെ താരന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണിത്. കറിവേപ്പില,നെല്ലിക്ക എന്നിവ ചേര്‍ത്തുണ്ടാക്കുന്ന എണ്ണയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒരു കപ്പ് വെളിച്ചെണ്ണ, അര കപ്പ് കറിവേപ്പില, അര കപ്പ് നെല്ലിക്ക ചതച്ചത് എന്നിവ ചേര്‍ത്തു വെളിച്ചെണ്ണ തിളപ്പിച്ച് ഉപയോഗിക്കാം. മുടിയിലെ താരന്‍, മറ്റ് അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം തന്നെ നല്ലൊരു മരുന്നാണ് ഇത്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും മികച്ചതാണ്. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേര്‍ത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗോള്‍ഫ് ക്ലബ്ബില്‍ ആ നാല്‍വര്‍സംഘം പതിവായി കളിക്കാന്‍ വരുമായിരുന്നു. പുരോഹിതനും, ഡോക്ടറും, ബിസിനസ്സുകാരനും, ഭൂവുടമയും ആയിരുന്നു ആ നാല്‍വര്‍ സംഘം. ഒരുദിവസം അവര്‍ കളിക്കാന്‍ വന്നപ്പോള്‍ കുറച്ചുപേര്‍ അവിടെ കളിക്കുന്നുണ്ടായിരുന്നു. വളരെ ഇഴഞ്ഞുനീങ്ങുന്ന കളിയായിരുന്നു അത്. . കാത്തുനിന്നു മടുത്ത അവര്‍ ഗോള്‍ഫ് ക്ലബ്ബിലെ ജോലിക്കാരനോട് ചോദിച്ചു: എന്താണ് ഇവര്‍ ഇങ്ങനെ ഇഴഞ്ഞു കളിക്കുന്നത്. എന്തൊരു ബോറന്‍ കളിയാണിത്. എത്ര നേരമായി ഞങ്ങള്‍ കാത്തു നില്‍ക്കുന്നു.. അപ്പോള്‍ ജോലിക്കാരന്‍ പറഞ്ഞു: അവര്‍ കാഴ്ചയില്ലാത്തവരാണ്. സൈന്യത്തിലേയും പോലീസിലേയും ജോലിക്കിടെ കാഴ്ച നഷ്ടപ്പെട്ടവര്‍. ആ നാല്‍വര്‍സംഘം അല്‍പനേരത്തേക്ക് നിശ്ശബ്ദരായി. പുരോഹിതന്‍ പറഞ്ഞു: എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ അവരെ ഓര്‍ക്കും. ഡോക്ടര്‍ അവര്‍ക്കുള്ള ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറായി. ബിസിനസ്സുകാരന്‍ അവരുടെ ചികിത്സയ്ക്കുള്ള പണം മുടക്കാനും.. അപ്പോള്‍ ഭൂവുടമ പറഞ്ഞു: ഇവര്‍ക്ക് രാത്രിയില്‍ കളിച്ചുകൂടെ. അപ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകില്ലല്ലോ..! സ്വന്തമായി നിര്‍മ്മിക്കുന്ന അതിജീവന കഥകളിലൂടെയാണ് ഓരോരുത്തരുടേയും ജീവിതയാത്ര. കഥയറിയാതെ ആട്ടം കാണരുത് എന്ന് മാത്രല്ല, അവരെ അവഹേളിക്കുകയും ചെയ്യരുത്. എല്ലാ ജീവിതങ്ങള്‍ക്കും ആരും കാണാത്ത ചില പിന്നാമ്പുറങ്ങള്‍ ഉണ്ടായിരിക്കും. എത്ര വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ഇരുളടഞ്ഞ അധ്യായങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഒരാളുടെ നിലവിലെ അവസ്ഥയനുസരിച്ച് മാത്രം മാര്‍ക്കിട്ടാല്‍ പലര്‍ക്കും അവഗണാനാര്‍ഹമായ മാര്‍ക്കായിരിക്കും ലഭിക്കുക. ആ അവസ്ഥകളില്‍ എത്തിച്ചേരാനുള്ള കാരണങ്ങളും അതില്‍ നിന്നുളള അതിജീവനങ്ങളും തിരിച്ചറിഞ്ഞാല്‍ പലരേയും നമ്മള്‍ ആദരിക്കും. പലപ്പോഴും പ്രശസ്തര്‍ക്കും ജനപ്രിയര്‍ക്കും നല്‍കുന്ന ബഹുമതികള്‍ അവര്‍ക്കുള്ള അംഗീകാരം മാത്രല്ല, നല്‍കുന്നവര്‍ക്കുള്ള കാര്യലാഭം കൂടിയാണ്. എന്നാല്‍ ആരും ശ്രദ്ധിക്കാത്തവര്‍ക്ക് നല്‍കുന്ന അംഗീകാരങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു പ്രചോദനവും, നല്‍കുന്നവരുടെ സന്മനസ്സുമാണ് കാണിക്കുന്നത്. ഓരോരുത്തര്‍ക്കും വേണ്ടത് ചിലപ്പോള്‍ നമുക്ക് നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല, എങ്കിലും കുറച്ച് പേര്‍ക്കെങ്കിലും ഉള്ളത് നല്‍കാന്‍ നമുക്ക് സാധിക്കും. നമുക്കും വര്‍ത്തമാനകാലത്തെ മാത്രം മുന്‍നിര്‍ത്തി മറ്റുളളവരെ വിലയിരുത്താതിരിക്കാന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only