👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

പള്ളിയിലെ ശുശ്രൂഷ‍ മാത്രമല്ല കല്ലും ചുമക്കും, കോണ്‍ക്രീറ്റ് കൂട്ടും; അധ്വാനവും ജോണ്‍സണ്‍ അച്ചന് പ്രാര്‍ത്ഥന പോലെ വിശുദ്ധം
(VISION NEWS 05 സെപ്റ്റംബർ 2021)

പള്ളിയിലെ പ്രാർത്ഥനകളും ശുശ്രൂഷകളും കഴിഞ്ഞാൽ പിന്നെ ജോൺസൺ അച്ചനെ കാണണം എങ്കിൽ വീട് പണി നടക്കുന്ന ഇടത്തേക്ക് വരണം

വൈദികന്‍ പ്രാര്‍ത്ഥനകള്‍ക്കും പള്ളികളിലെ ശുശ്രൂഷകള്‍ക്കും മാത്രം നേതൃത്വം നല്‍കേണ്ട ആളാണോ? മലപ്പുറം നിലമ്പൂര്‍ എടക്കര കരുനെച്ചിയിലെ മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരി ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതിനോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന്റെ മറുപടി വാക്കുകളിലൂടെ അല്ല കിട്ടുക, മറിച്ച് പ്രവൃത്തിയിലൂടെ കാണിച്ച് തരികയാകും ചെയ്യുക.

പള്ളിയിലെ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും കഴിഞ്ഞാല്‍ പിന്നെ ജോണ്‍സണ്‍ അച്ചനെ കാണണം എങ്കില്‍ വീട് പണി നടക്കുന്ന ഇടത്തേക്ക് വരണം. ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് കോണ്‍ക്രീറ്റ് കൂട്ടുന്ന തിരക്കില്‍ ആണ് ഇവിടെ അദ്ദേഹം. അച്ചന് ഇതിന്റെ വല്ല ആവശ്യോം ഉണ്ടോ എന്ന് ആര്‍ക്കും തോന്നാം..അതിന് പിന്നില്‍ ഒരു കാരണം ഉണ്ട്. മേഖലയിലെ ഒരു നിര്‍ധന കുടുംബത്തിന് നാടൊന്നിച്ച് ആണ് ഈ വീട് നിര്‍മിച്ച് നല്‍കുന്നത്..നിര്‍മാണ കമ്മിറ്റി കണ്‍വീനറാണ് ജോണ്‍സണച്ചന്‍. ' ഈ നാട്ടിലെ എല്ലാവരും ചേര്‍ന്ന് നിര്‍മിക്കുന്ന വീടാണ് ഇത്. അവര്‍ രോഗികള്‍ ആണ്. ഡയാലിസിസ് ചെയ്യുന്നവര് ആണ്. അവര്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കുക ആണ്' അച്ചന്‍ പറയുന്നു.

വീട് വച്ചുകൊടുക്കുന്ന കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. അവരെ വിവാഹം കഴിപ്പിച്ചുവിട്ടു. അവരുടെ രോഗികളായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് വീട് നിര്‍മാണം. വീട് വെച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്കാര്‍ക്ക് സ്ഥലത്തു വന്നുനിന്ന് വീട് പണി ചെയ്യിപ്പിക്കാന്‍ നിര്‍വാഹവുമില്ല. അതിനാല്‍ ആ ഉത്തരവാദിത്വം ജോണ്‍സണ്‍ അച്ചന്‍ ഏറ്റെടുത്തു.തറയുടെ പണി ലയണ്‍സ് ക്ലബ്ബും ഭിത്തി ജോണ്‍സണ്‍ അച്ചന്റെ ഇടവകയുമാണ് ചെയ്യുന്നത്.

മാറി നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിലും നല്ലത് കൂടെ നിന്ന് പണിയെടുക്കുകയാണെന്നു ജോണ്‍സണച്ചന്‍. ഒരാളുടെ പണിക്കൂലി ലഭിക്കുകയും ചെയ്യാം. ' കോവിഡ് കാലം ഒക്കെ ആയത് കൊണ്ട് സമയം ധാരാളം ഉണ്ട്..പിന്നെ എന്നെ പോലെ ഒരുപാട് വൈദികന്‍ ഇത് പോലെ ജോലി ഒക്കെ ചെയ്യുന്നുണ്ട്..അത് ഒന്നും മാധ്യമങ്ങളിലെ ആരും അറിയാത്തത് കൊണ്ടാണ്. പിന്നെ എനിക്ക് ഇത്തരം ജോലി ഒക്കെ ചെയ്യുന്നത് ഇഷ്ടവുമാണ്. ' അച്ചന്‍ പറഞ്ഞു.

ഇത് ആദ്യമായി അല്ല ജോണ്‍സണ്‍ അച്ചന് മാനവ സേവ ആണ് ദൈവിക സേവ എന്ന് തെളിയിക്കുന്നത്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോള്‍ ദുരിതബാധിതര്‍ ആഴ്ചകളോളം കഴിച്ചു കൂട്ടിയത് ജോണ്‍സണ്‍ അച്ചന്റെ പള്ളിയില്‍ ആണ്. പള്ളിയിലെ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും എല്ലാം ആഴ്ചകളോളം മാറ്റിവെക്കുക വരെ ചെയ്തിരുന്നു ഇദ്ദേഹം. ജോണ്‍സണ്‍ അച്ചനെ ന്യൂസ് 18 കേരളം 'കരളുറപ്പോടെ മലബാര്‍ ' പരിപാടിയില്‍ ആദരിച്ചിരുന്നു.

മാസങ്ങള്‍ക്ക് ശേഷം കരുനെച്ചിയിലേക്ക് സ്ഥലം മാറി എത്തിയ ജോണ്‍സണ്‍ അച്ചന് ഇവിടെ മാനവ സേവയുടെ മറ്റൊരു മാതൃക സ്വ പ്രവൃത്തിയാല്‍ രേഖപ്പെടുത്തുക ആണ്. വയനാട് കാട്ടിക്കുളം സ്വദേശിയായ ജോണ്‍സണ്‍ അച്ചന്‍ഒരു വര്‍ഷം ഡല്‍ഹിയില്‍ സാമൂഹിക സേവന രംഗത്തും ഉണ്ടായിരുന്നു. പുരോഹിതനായ ശേഷം പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിട്ടായിരുന്നു ആദ്യ നിയോഗം . എന്നാല്‍ അധ്യാപനത്തെക്കാളും അച്ചന് ഇഷ്ടം ഇടവകശുശ്രൂഷയായിരുന്നു. അതിനാല്‍ പഴശ്ശിയില്‍ നിന്നും പോന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only