09 സെപ്റ്റംബർ 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 09 സെപ്റ്റംബർ 2021)


🔳കേന്ദ്രമന്ത്രിമാരെ വഹിച്ച് ദേശീയപാതയില്‍ ഇറങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരുമായാണ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ പരീക്ഷണ ലാന്‍ഡിങ് നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ വിമാനത്താവളങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ ലാന്‍ഡ് ചെയ്യാനുള്ള  പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്.

🔳എആര്‍ നഗര്‍ സഹകരണബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ സിപിഎം തള്ളിയതിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നതിനിടെ ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി. ഇഡി അന്വേഷണ ആവശ്യം പാര്‍ട്ടി വിരുദ്ധമാണെന്ന് പിണറായി ജലീലിനെ അറിയിച്ചു. ഇഡി അന്വേഷണത്തിനെതിരായ സിപിഎം നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി, പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജലീലിനോട് നിര്‍ദ്ദേശിച്ചു. എആര്‍ നഗര്‍ കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം.

🔳സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്ന് കെ.ടി.ജലീല്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. 'ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ' എന്ന വരികള്‍ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ.ആര്‍. നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും!' ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എ.ആര്‍ നഗര്‍ പൂരം ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുളള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുളള വെടിക്കെട്ടുകള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു' എന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനുള്ള മറുപടി കൂടി ചേര്‍ത്തായിരുന്നു ജലീലിന്റെ പോസ്റ്റ്.

🔳കെ ടി ജലീലിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും.  ഇ ഡി അന്വേഷണ വിഷയത്തില്‍ നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇ ഡിയുടേത് ഫെഡറിലസത്തിനെതിരായ കടന്നുകയറ്റമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

🔳കെ എസ് ആര്‍ ടി സി ഡിപ്പോകളിലെ മദ്യവില്‍പന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവും ഇല്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ലെറ്റുകള്‍ മാറ്റാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

🔳എ ഐ സി സി പുന:സംഘടനയില്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കും. പദവിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് സൂചന. അതേസമയം ഉമ്മന്‍ചാണ്ടി ആന്ധ്രയുടെ ചുമതലയില്‍ തുടര്‍ന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.

🔳സംസ്ഥാന കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കള്‍ക്കും അണികള്‍ക്കും മാര്‍ഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്. ആള്‍ക്കുട്ടത്തില്‍ നിന്നും കേഡര്‍ പാര്‍ട്ടിയിലേക്കുള്ള മാറ്റത്തിന്റെ പാതയൊരുക്കിയാണ് മാര്‍ഗ്ഗരേഖ. അടിമുടി പാര്‍ട്ടിയെ മാറ്റി പ്രവര്‍ത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്. പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കും, ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ വിലയിരുത്തും, ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണം, വ്യക്തിപരമായി ആരും ഫ്ലെക്സ് വെക്കരുത്, പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്.

🔳ഹരിത വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍. ഹരിത വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനമെടുത്തത്. അതില്‍ കൂടുതലായൊന്നും പറയാനില്ല. എല്ലാ ഫോറത്തിലും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. താന്‍ ഉള്‍പ്പെടെയുള്ളവരടങ്ങിയ  സമിതിയാണ് തീരുമാനിച്ചതെന്നും മുനീര്‍ വ്യക്തമാക്കി.

🔳പാര്‍ട്ടി ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജ കേരള പോലീസിനെതിരേ നടത്തിയ പരസ്യ പ്രതികരണം സംബന്ധിച്ചാണ് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ വിമര്‍ശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് പാര്‍ട്ടി എക്‌സിക്യുട്ടീവ് വിലയിരുത്തിയതാണ്. എന്നാല്‍ ഇതിനുശേഷം ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ആനി രാജയെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത് കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്.

🔳ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.  മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു.

🔳വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

🔳മതിയായ കാരണമില്ലാതെ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണെന്നും ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി പറഞ്ഞു. ട്രെയിന്‍ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

🔳മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടന്‍ രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് രവി തേജയെ ചോദ്യം ചെയ്യുന്നത്. നടന്‍ അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായാണ് ചോദ്യം ചെയ്യലിന് എത്തിച്ചേര്‍ന്നത്. കന്നഡ, തെലുങ്ക് സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

🔳അസമില്‍ ബ്രഹ്മപുത്ര നദിയില്‍ യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 87 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു. മുപ്പതുവയസുകാരിയാണ് മരിച്ചത്. കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെയാണ് അസമിലെ മാജുലി ദ്വിപിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബോട്ടും സര്‍ക്കാര്‍ ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ദുരന്തത്തെകുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മാജുലിയിലേക്കുള്ള ഒറ്റ എഞ്ചിന്‍ സ്വകാര്യ ബോട്ടുകള്‍ നിരോധിച്ചു.

🔳ആവശ്യം മുതലാക്കി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്യുന്നു. മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ എങ്ങനെയും ഗള്‍ഫിലേക്കു മടങ്ങാന്‍ നെട്ടോട്ടത്തിലാണ്. ഈ അവസരം മുതലാക്കിയാണ് ചൂഷണംചെയ്യുന്നത്.

🔳അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

🔳സ്ത്രീകള്‍ക്ക് സ്പോര്‍ട്സ് വിലക്ക് പ്രഖ്യാപിച്ച് താലിബാന്‍. ക്രിക്കറ്റോ ശരീരം വെളിപ്പെടുന്ന മത്സരങ്ങളോ സ്ത്രീകള്‍ക്ക് അനുവദിക്കില്ലെന്ന് താലിബാന്‍ സാംസ്‌കാരിക വിഭാഗം ഉപാധ്യക്ഷന്‍ അഹമ്മദുല്ല വാസിഖ് പ്രഖ്യാപിച്ചു. സ്ത്രീകള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മതം അനുവദിക്കുന്നില്ലെന്നും താലിബാന്‍ വ്യക്തമാക്കി. വനിതാ കായിക താരങ്ങളോടുള്ള താലിബാന്‍ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറുമെന്ന് ക്രിക്കറ്റ്  ഓസ്ട്രേലിയ പ്രഖ്യാപിച്ചു.
  
🔳ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവായി ഇതിഹാസ നായകന്‍ എം എസ് ധോണിയെ ചുമതലപ്പെടുത്തിയത് അതിഗംഭീരമായ തീരുമാനമെന്ന് സുരേഷ് റെയ്‌ന. 'വരുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് എല്ലാ ആശംസകളും നേരുന്നു. വളരെ സന്തുലിതമായ സ്‌ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അശ്വിന്‍ തിരിച്ചെത്തിയത് നല്ലതാണ്. ധോണിയെ ഉപദേശകനാക്കിയത് ബിസിസിഐയുടെ വിസ്മയകരമായ നീക്കമാണ്' എന്നും റെയ്‌ന ട്വീറ്റ് ചെയ്തു.

🔳ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഗോള്‍വര്‍ഷവുമായി ഇറ്റലിയും ജര്‍മനിയും. ഇറ്റലി ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഐസ്ലന്റിനെ നാല് ഗോളിന് തകര്‍ത്ത് ജര്‍മനിയും യോഗ്യതാ മത്സരം ആവേശമാക്കി. അതേസമയം സ്‌പെയ്ന്‍ കൊസോവോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയം ബെലാറസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. എന്നാല്‍ പോളണ്ടിനെതിരെ ഇംഗ്ലണ്ട് സമനിലക്കുരുക്കില്‍പ്പെട്ടു.

🔳യു.എസ് ഓപ്പണ്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ വീഴ്ത്തിയാണ് ജോക്കോ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയത്. 21-ാം റെക്കോഡ് ഗ്രാന്‍ഡ്സ്ലാം നേട്ടവും കലണ്ടര്‍ സ്ലാം എന്ന റെക്കോഡുമാണ് രണ്ടു ജയങ്ങള്‍ക്കപ്പുറം ജോക്കോയെ കാത്തിരിക്കുന്നത്.

🔳ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡുകാനു യു.എസ് ഓപ്പണ്‍ സെമിയില്‍.  ഒളിമ്പിക് ചാമ്പ്യന്‍ കാനഡയുടെ ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മയുടെ സെമി പ്രവേശനം.

🔳സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 4400 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 35,200 രൂപയായും കുറഞ്ഞു. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് സ്വര്‍ണമിപ്പോള്‍.  സ്‌പോട്ട് ഗോള്‍ഡിന്റെ വില 1,789.39 ഡോളറായി കുറഞ്ഞു.

🔳അഫ്ഗാനിസ്താനിലെ ആഭ്യന്തരപ്രശ്‌നം കാരണം ഇന്ത്യയിലേക്കുള്ള ഉണക്കപ്പഴങ്ങളുടെ വരവ് നിലച്ചു. ഇതോെട ദൗര്‍ലഭ്യതയും വിലക്കയറ്റവും തുടങ്ങി. അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താനിലൂടെ റോഡ് വഴിയാണ് ഉണക്കപ്പഴങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ദിവസേന 35 ലോറി ഉണക്കപ്പഴങ്ങളാണ് ഇങ്ങനെ എത്തിയിരുന്നത്. ഇത് നിലച്ചതോടെയാണ് ദൗര്‍ലഭ്യം തുടങ്ങിയത്. പ്രതിവര്‍ഷം 2000 കോടിയുടെ ഉണക്കപ്പഴങ്ങളാണ് അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നത്. സംസ്‌കരിച്ചെടുക്കുന്ന അത്തിപ്പഴം, കുരുവുള്ള ഉണക്കമുന്തിരി, ഉണക്കിയ ഈത്തപ്പഴം, ആപ്രിക്കോട്ട് എന്നിവയുടെ വരവ് പാടേ നിലച്ചിട്ടുണ്ട്.

🔳നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നടന്‍ അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ അവസാനം പൃഥ്വിരാജ് സെറ്റില്‍ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍.

🔳ബിജു മേനോന്റെ പിറന്നാള്‍ ദിനത്തില്‍ 'ലളിതം സുന്ദരം' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോന്‍-മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

🔳ജര്‍മ്മന്‍ പ്രീമിയം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡിന്റെ ഏറ്റവും വിലക്കുറവുള്ള ബൈക്കായ ജി 310 ആറിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങി. സ്റ്റൈല്‍ പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന നിറമാണ് 2022 ബിഎംഡബ്ള്യു ജി 310 ആര്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ മോഡലിന്റെ പ്രധാന ആകര്‍ഷണം.  പുത്തന്‍ നിറങ്ങളുടെ വരവോടെ ഇപ്പോള്‍ ലഭ്യമായ നിറങ്ങളില്‍ പോളാര്‍ വൈറ്റ് ഇനി ലഭിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ℹ️📰📰📰📰📰📰📰📰📰ℹ️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only