02 സെപ്റ്റംബർ 2021

സാര്‍, മാഡം വിളികള്‍ വേണ്ട, അപേക്ഷയും അഭ്യര്‍ത്ഥനയും ഒഴിവാക്കണം; 'ജനങ്ങളാണ് പരമാധികാരി', വേറിട്ട തീരുമാനവുമായി ഒരു പഞ്ചായത്ത്
(VISION NEWS 02 സെപ്റ്റംബർ 2021)
പാലക്കാട്:  ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകളായ സാര്‍, മാഡം വിളികള്‍ വിവിധ തലങ്ങളില്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടുപോകുന്നുണ്ട്. ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് മാതൃകയായിരിക്കുകയാണ് പാലക്കാട് മാത്തൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് ഓഫീസില്‍ ഇനി മുതല്‍ സാര്‍, മാഡം വിളികള്‍ ഉണ്ടാവില്ല. ഇതുസംബന്ധിച്ച പ്രമേയം മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേന പാസാക്കി.
എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഏഴ് സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും ഒരുപോലെ ഇതിനെ പിന്തുണച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ 'സാര്‍', 'മാഡം' തുടങ്ങിയ വാക്കുകളുപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഭരണസമിതി പ്രമേയം പാസാക്കിയത്. 


വിവിധ സേവനങ്ങള്‍ക്കായി കത്തിടപാടുകള്‍ നടത്തുമ്പോള്‍ സാര്‍, മാഡം എന്നി അഭിസംബോധനകള്‍ വേണ്ടെന്നും ഭരണസമിതി അറിയിച്ചു. കത്തിടപാടുകളില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നി പദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പകരം താത്പര്യപ്പെടുന്നു, അവകാശപ്പെടുന്നു എന്ന്ി പദങ്ങള്‍ ഉപയോഗിക്കാം. ഇതിന്റെ പേരില്‍ ആരെങ്കിലും സേവനം നിഷേധിച്ചാല്‍ പരാതിപ്പെടാവുന്നതാണെന്നും ഭരണസമിതി അറിയിച്ചു.ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകള്‍ ജനാധിപത്യരാജ്യത്ത് ആവശ്യമില്ലെന്നാണ് ഭരണസമിതി ചുണ്ടികാണിക്കുന്നത്.
'സാര്‍', 'മാഡം' എന്നിവക്ക് പകരം ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങളെയും അവരുടെ പേരുകളോ തസ്തിക നാമങ്ങളോ വിളിക്കാം. ഓരോ ജീവനക്കാരും മേശക്ക് മുകളില്‍ പേരും തസ്തികയും പ്രദര്‍ശിപ്പിക്കും. ഇതു കൂടാതെ, ഉചിതമായ വാക്ക് നിര്‍ദേശിക്കാന്‍ ഔദ്യോഗിക ഭാഷാ വകുപ്പിനോട് ഭരണസമിതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only