06 സെപ്റ്റംബർ 2021

യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; ദിവസങ്ങള്‍ക്ക് ശേഷം ബിനോയ് പിടിയില്‍
(VISION NEWS 06 സെപ്റ്റംബർ 2021)
അടിമാലി: ഇടുക്കി പണിക്കന്‍കുടിയില്‍ യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയ് കസ്റ്റഡിയില്‍. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവില്‍പോവുകയും ചെയ്തു. ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ പരിശോധന നടത്തിയത്.


അടുക്കളയിലെ അടുപ്പിന്റെ തറ പൊളിച്ച് പരിശോധന നടത്തിയതോടെയാണ് യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയെ കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അടുക്കളയിലെ നിര്‍മാണപ്രവൃത്തികള്‍ അറിയാതിരിക്കാന്‍ ചാരം വിതറുകയും ചെയ്തിരുന്നു. 

സിന്ധുവിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അലംഭാവം കാണിച്ചെന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മകന്‍ അടുക്കളയെക്കുറിച്ച് സംശയം പറഞ്ഞിട്ടും പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ബിനോയ് നാടുവിട്ടത്. പിന്നീട് ആറാംക്ലാസുകാരന്റെ സംശയത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only